രണ്ടാം ട്വന്റി ട്വന്റിയിലും ന്യൂസീലാൻഡിന് ജയം; പരമ്പരയിൽ 2-0ന് മുന്നിൽ

ന്യൂസീലാൻഡിൽ വെച്ച് നടക്കുന്ന ട്വന്റി ട്വന്റി പരമ്പരയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആതിഥേയർക്ക് രണ്ടാം ജയം. നാല് റൺസിനാണ് കീവിസ് ഓസീസിനെ തോൽപ്പിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ന്യൂസിലാൻഡ് 2-0 നു മുന്നിലെത്തി.
ഡ്യുൻഡിനിലെ യൂണിവേഴ്സിറ്റി ഓവൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ന്യൂസീലാൻഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കിവീസ് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ ഇരുപത് ഓവറിൽ 219 റൺസ് നേടി.
ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ അൻപത് പന്തിൽ 97 റൺസ് എടുത്ത് തിളങ്ങിയപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 35 പന്തിൽ 53 റൺസ് എടുത്തു. ഓൾ റൗണ്ടർ ജെയിംസ് നീഷം വെറും 16 പന്തിൽ 6 സിക്‌സറും ഒരു ഫോറും നേടി 45 റൺസ് എടുത്ത് കീവീസിനെ മികച്ച നിലയിൽ എത്തിച്ചു.
മാർട്ടിൻ ഗുപ്റ്റിൽ എട്ട് സിക്‌സറും ആറ് ഫോറും അടിച്ചാണ് സെഞ്ചുറിക്ക് അരികെ എത്തിയത്. ഓസീസിന് വേണ്ടി കെയ്ൻ റിച്ചാർഡ്സൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓസീസിന് വേണ്ടി മാർക്കസ് സ്റ്റോയിനിസ് 37 പന്തിൽ 78 റൺസും ബൗളർ ഡാനിയേൽ സാംസ് 15 പന്തിൽ 41 റൺസ് എടുത്ത് തിളങ്ങിയെങ്കിലും 20 ഓവറിൽ 215 റൺസിന് അവരുടെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















