നവജാതശിശുക്കളുടെ തേച്ചുകുളിയ്ക്കു ഒലിവ് എണ്ണ ഉപയോഗിയ്ക്കരുതെന്നു ഗവേഷകമതം
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഒരു സംഘം ഗവേഷകരുടെ പുതിയ കണ്ടുപിടിത്തം എല്ലാവരും അംഗീകരിയ്ക്കണമെന്നില്ല. പ്രത്യേകിച്ചും മലയാളി വീട്ടമ്മമാര്‍. ഗവേഷക അഭിപ്രായ പ്രകാരം കൊച്ചുകുഞ്ഞുങ്ങളുടെ ശരീരത്തു എന്ന പുരട്ടി ഉഴിഞ്ഞതിനുശേഷം കുളിപ്പിച്ചാല്‍ അവരുടെ ചര്‍മങ്ങള്‍ക്ക് ദീര്‍ഘകാല തകരാറുകള്‍ ഉണ്ടാകുമത്രേ.
തന്റെ ബാലഗോപാലനെ എണ്ണ തേപ്പിച്ച് കുളിപ്പിയ്ക്കുമ്പോള് കൂടെ പാടാന്‍ വരാന്‍ ഓലത്തുമ്പത്തിരുന്നു ഊഞ്ഞാല് ആടുന്ന പൈങ്കിളിയെ ക്ഷണിയ്ക്കുന്ന മലയാളിവീട്ടമ്മമാരുടെ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം തന്നെ കുഞ്ഞിനെ പുന്നാരിയ്ക്കുമ്പോള് കുഞ്ഞും അമ്മയും തമ്മിലുള്ള മാനസിക അടുപ്പം ദൃഢമാകുന്നു എന്നതാണ്. തലമുറ തലമുറയായി ചെയ്തു വരുന്ന ഒരു കാര്യം കുഞ്ഞിന് ദോഷമുണ്ടാക്കുന്നതാണെന്നു ഇപ്പോള്‍ പറഞ്ഞാല്‍ ഇത്രനാളും ചെയ്തിട്ട് ഒരു ദോഷവും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊന്നും വന്നില്ലല്ലോ എന്ന വാദവുമായി മലയാളി വീട്ടമ്മമാര്‍ എത്തും എന്ന കാര്യം തീര്‍ച്ചയാണ്.
എന്നാല്‍ ഗവേഷകര്‍, കണ്ടതിനു ശേഷം പറയുന്നതായതു കൊണ്ട് ചെവി കൊടുക്കാതിരിയ്ക്കുന്നതും ശരിയല്ലല്ലോ? അവരുടെ അഭിപ്രായത്തില്‍ എണ്ണ തേച്ച് മസാജ് ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളുടെ മൃദു ചര്‍മത്തിന് കേടു വരാതെ ഇരിയ്ക്കാന്‍ പ്രകൃത്യാ ഉള്ള ഒരു സംരക്ഷണ കവചത്തിന് കേടു വരുന്നുണ്ട് എന്നാണ്.
1940-കളില്‍ 20 കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് മാത്രം വന്നിരുന്ന വരട്ടുചൊറി ഇപ്പോള്‍ മൂന്നു പേരില്‍ ഒരാള്‍ക്കെന്ന സ്ഥിതിയില്‍ വ്യാപിക്കുന്നതിനു കാരണം കുഞ്ഞുങ്ങളുടെ പ്രകൃത്യാ ഉള്ള സംരക്ഷണ കവചത്തിന് കേടു വരുത്തുന്ന പുതിയ ജീവിത ശൈലികള്‍ തുടങ്ങിയത് കൊണ്ടാണെന്നാണ് അവര്‍ പറയുന്നത്.
ഇപ്രകാരം എണ്ണ ഉപയോഗിയ്ക്കുമ്പോള്‍ അവ ഫാറ്റിആസിഡുകള്‍ ആയി മാറുമെന്നും അങ്ങനെ കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ക്കു ആവശ്യമില്ലാത്ത വസ്തുക്കള്‍ അവരുടെ ഉള്ളില്‍ കടക്കാന്‍ ഇടവരുത്തുകയാണ് ചെയ്യുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. അത് ധാരാളം ജലാംശം ശരീരത്തില്‍ നിന്നും നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഇങ്ങനെ ജലനഷ്ടം ഉണ്ടാകുമ്പോള്‍ ചര്‍മത്തിന് വരള്‍ച്ച ഉണ്ടാവുകയും വീണ്ടുകീറലുകളും വരട്ടുചൊറി പോലുള്ള അസ്വസ്ഥതകളും ഉണ്ടാകുവാന്‍ കാരണമാവുകയും ചെയ്യുമത്രേ.
തന്മൂലം ഒലിവെണ്ണയും സൂര്യകാന്തിയെണ്ണയും തേച്ചുകുളിപ്പിക്കലിന് ഉപയോഗിയ്ക്കരുതെന്നാണ് വിദഗ്ധമതം.ആരോഗ്യ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളുടെ ആധികാരികതയെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്കുന്ന എന്‍ ഐ സി ഇ പറയുന്നത് തേച്ച് കുളിപ്പിയ്ക്കുന്നതിനു വിപണിയില്‍ ലഭ്യമാകുന്ന ക്രീമുകള്‍ ഉപയോഗിയ്ക്കുന്നതു ഒഴിവാക്കണമെന്നും പകരം മണമില്ലാത്ത സോപ്പ് ഉപയോഗിയ്ക്കാമെന്നുമാണ്.
എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എഴുതിയുണ്ടാക്കുവാന്‍ സഹകരിച്ച റോണാ മാക് കാന്ഡ്ലിഷ് പറയുന്നത് ആ ഉപദേശത്തിന് കാലിക പ്രസക്തി ഇല്ലെന്നും ചില ഉല്‍പ്പന്നങ്ങള്‍ ഉപയോഗയോഗ്യമാണെന്നുമാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ ചര്്മത്തിന് കേടു വരാന്‍ കൂടുതല്‍ സാധ്യതയുള്ളത് സോപ്പിനാല്‍ ആണെന്നാണ് അവരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha