സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു . പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് . ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. വോട്ടിങ് യന്ത്രം തകരാറിലായി പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ അഞ്ചിടത്ത് തകരാറുണ്ടായി. കണ്ണൂരില്‍ നാലിടത്ത് വോട്ടിങ് യന്ത്രം തകരാറില്‍. പത്തനംതിട്ടയില്‍ നാലു ബൂത്തുകളിലും വടകര മണ്ഡലത്തില്‍ വാണിമേലില്‍ രണ്ടു ബൂത്തുകളിലും യന്ത്രം തകരാറിലായി . ഫറോക്ക് വെസ്റ്റ് നല്ലൂരില്‍ വോട്ടിങ് തടസ്സപ്പെട്ടു. വടകര മാക്കൂല്‍പീടിക 110ാം നമ്പര്‍ ബൂത്തിലും പാലക്കാട് പിരിയാരി 123–ാം നമ്പര്‍ ബൂത്തിലും പോളിങ് തുടങ്ങാനായില്ല.
കോഴിക്കോട് നെടുങ്ങോട്ടൂര്‍ ബൂത്ത് 84ല്‍ വോട്ടിങ് യന്ത്രം തകരാറിലായി. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പരിയാരം പഞ്ചായത്ത് ഇരിങ്ങൽ യു പി സ്കൂൾ 17 ബൂത്തിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ 164 ചോലമുക്ക് ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സാങ്കേതിക തകരാറുണ്ടായി.
സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി. ഇ.പി ജയരാജൻ, എൻ.കെ പ്രേമചന്ദ്രൻ, സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, കെ.സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങി നിരവധി പേർ വോട്ട് രേഖപ്പെടുത്തി. പന്ന്യൻ രവീന്ദ്രൻ കണ്ണൂർ കക്കാട് ഗവ. യു പി സ്‌കൂൾ ബൂത്ത് നമ്പർ 148ൽ വോട്ട് രേഖപ്പെടുത്താൻ എത്തി. കോട്ടയം പാർലമെന്റ് മണ്ഡലം UDF സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ടൗൺ യു പി സ്‌കൂളിലെ 46 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി K S ഹംസ പാഞ്ഞാൽ ഗ്രാമപഞ്ചായത്ത് തൊടുപ്പാടം അംഗൻവാടിയിൽ53 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കാന്തപുരം ജി എം എൽ പി സ്‌കൂളിലെ 168 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മകൻ ഡോ. എപി അബ്ദുൽ ഹക്കീം അസ്ഹരിക്കൊപ്പം എത്തിയാണ് കാന്തപുരം ആദ്യ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരാളും വോട്ടവകാശം നഷ്ടപ്പെടുത്തരുതെന്ന് കാന്തപുരം പറഞ്ഞു. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ പെരളശ്ശേരി എ കെ ജി സ്മാരക ഗവ:ഹയർസെക്കണ്ടറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി
താൻ ഒന്നാമത് വോട്ട് ചെയ്യാൻ ആഗ്രഹിച്ചുവെന്നും, എന്നാൽ മുതിർന്ന പൗരനെത്തിയതും, ബൈ സ്റ്റാൻഡർ വന്നതും കാരണം പത്താമതായി വോട്ട് രേഖപ്പെടുത്തിയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്.
ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കന്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങിലും ജമ്മുവിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 55 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ കോണ്‍ഗ്രസുമാണ് 2019ല്‍ വിജയിച്ചത്. എല്ലായിടത്തും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി.സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഔട്ടർ മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂപേഷ് ഭാഗേല്‍ , അരുണ്‍ഗോവില്‍ , ഹേമമാലിനി, വൈഭവ് ഗെലോട്ട് , ലോക്സഭ സ്പീക്കർ ഓം ബിർള കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.
https://www.facebook.com/Malayalivartha