എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്കുകൂടി രേഖപ്പെടുത്തണമെന്ന ആവശ്യം ഇക്കുറിയുമില്ല
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്കുകൂടി രേഖപ്പെടുത്തണമെന്ന ആവശ്യം ഇക്കുറിയുമില്ല. സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ സ്‌കോര്‍ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ എന്നാണ് 2025 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷാവിജ്ഞാപനത്തില്‍ പരീക്ഷാകമ്മിഷണര്‍ പറയുന്നത്.
പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം പരീക്ഷാര്‍ഥികള്‍ക്ക് ഒരുകാരണവശാലും ലഭിച്ച സ്‌കോര്‍വിവരം നല്‍കുന്നതല്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. മൂന്നുമാസം കഴിഞ്ഞ് ലഭിച്ചാല്‍ ഇത് ഉപരിപഠനത്തിന് ഉപകരിക്കണമെന്നില്ല. പ്ലസ്വണ്‍ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മെറിറ്റനുസരിച്ച് റാങ്ക് പട്ടികയുണ്ടാക്കാനായി ഗ്രേഡിനൊപ്പം മാര്‍ക്കുകൂടി രേഖപ്പെടുത്തണമെന്ന ആവശ്യം ഇക്കുറിയും നിരസിക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പ്.
മാര്‍ക്ക് അറിയുകയെന്നത് വിദ്യാര്‍ഥികളുടെ മൗലികാവകാശമാണെന്ന വാദം പരിഗണിക്കുന്നില്ല. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, പോളിടെക്നിക്, ഐ.ടി.ഐ. തുടങ്ങിയവയിലേക്കൊക്കെയുള്ള പ്രവേശനം എസ്.എസ്.എല്‍.സി. പരീക്ഷാഫലത്തെ അടിസ്ഥാനമാക്കിയാണ്. ഇതിന്റെ മാര്‍ക്ക് പരിഗണിക്കില്ലെന്നായാല്‍ പ്രവേശനറാങ്ക് നിര്‍ണയത്തില്‍ സങ്കീര്‍ണതയുണ്ടാക്കും.
https://www.facebook.com/Malayalivartha