ചുരുളന്‍ മേഘങ്ങള്‍ എന്ന അദ്ഭുത പ്രതിഭാസം

പ്രപഞ്ചത്തിലെ അനന്തമായ ദൂരങ്ങളെ, നിമിഷ നേരം കൊണ്ടു കീഴടക്കാന്‍ സഹായിക്കുന്ന പാതകളായി കണക്കാക്കുന്നവയാണ് വേം ഹോളുകള്‍! ആശയം എന്ന നിലയില്‍ ഇപ്പോഴും വേം ഹോളുകള്‍ ശാസ്ത്രലോകത്തെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പറഞ്ഞു വരുന്നത് ഓസ്‌ട്രേലിയയിലെ ആകാശത്തു പ്രത്യക്ഷപ്പെട്ട നൂറു കണക്കിനു കിലോമീറ്റര്‍ നീളമുള്ള മേഘങ്ങളെക്കുറിച്ചാണ്. ശാസ്ത്രീയമായി ഇവയ്ക്ക് വേംഹോളുമായി ബന്ധമില്ലെങ്കിലും വേംഹോളിന്റെ രൂപത്തെക്കുറിച്ചുള്ള പൊതു സങ്കല്‍പ്പത്തോടു ചേര്‍ന്നു നില്‍ക്കുന്നവയാണ് ഈ പൈപ്പ് പോലുള്ള മേഘങ്ങള്‍.
(ത്രിമാന ലോകത്തില്‍ രണ്ട് ബിന്ദുക്കള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതുപോലെ സമയത്തില്‍ / കാലത്തില്‍ രണ്ട് ബിന്ദുക്കള്‍ക്കിടയില്‍ യാത്ര ചെയാം എന്ന സാമാന്യസങ്കല്പം ആണ് സമയ യാത്ര (Timet ravel). പൊതുവേ ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും സമയ യാത്രകള്‍ (ടൈംട്രാവല്‍) നടത്തപ്പെടാം എന്നു കരുതുന്നു. ഇത്തരം യാത്രകള്‍ക്ക് സഹായിക്കുന്ന തരം യന്ത്രങ്ങളെ പൊതുവേ സമയ യന്ത്രങ്ങള്‍ (ടൈം മെഷീന്‍)എന്നു വിളിക്കപ്പെടുന്നു. സ്റ്റീഫന്‍ ഹോക്കിങിന്റെ സിദ്ധാന്തമനുസരിച്ച് ഒരാള്‍ പ്രകാശ വേഗതയില്‍ സഞ്ചരിച്ചാല്‍, അയാളുടെ വരുംകാലത്തില്‍; ഭാവിയില്‍ എത്താനാവും. സമയം എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഭൗതിക ശാസ്ത്രത്തില്‍ സ്ഥലകാലത്തില്‍ കുറുക്കുവഴികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സവിശേഷതയാണ് വിരദ്വാരം, (വേംഹോള്‍). ഐന്‍സ്‌റ്റൈന്‍ റോസന്‍ പാലം എന്നും ഇത് അറിയപ്പെടുന്നു. ഒരറ്റത്ത് തമോദ്വാരവും മറ്റെ അറ്റത്ത് ധവളദ്വാരവുമുള്ള വിരദ്വാരത്തിന് രണ്ട് ചോര്‍പ്പുകള്‍ അവയുടെ ചെറിയ അറ്റങ്ങള്‍ യോജിപ്പിച്ച് വെച്ചാല്‍ ഉണ്ടാകുന്ന ആകൃതിയായിരിക്കും. ഉണ്ടായപാടെ കഴുത്ത് തകര്‍ന്ന് പോകുന്നതിനാല്‍ സാധാരണ വിരദ്വാരത്തിന് നൈമിഷികമായ ആയുസ്സേ ഉള്ളൂ. എന്നാല്‍ പ്രതിദ്രവ്യത്തിന്റെ ഒരു കവചത്തിലൂടെ കഴുത്തിനെ ശക്തമാക്കിയാല്‍ ഒരു നിലനില്‍പ്പുള്ള വിരദ്വാരം ഉണ്ടാക്കാന്‍ സാധിക്കും. അങ്ങനെയുള്ള ഒന്നിലൂടെ സമയ യാത്ര പ്രാവര്‍ത്തികമായേക്കുമെന്ന് വിശ്വസിക്കുന്നു.
ഉദാഹരണത്തിന് 1970 ജനുവരി ഒന്നാം തീയതിയും ഇപ്പോഴത്തെകാലവുമായി യോജിപ്പിക്കുന്ന, നിലനില്‍പ്പുള്ള ഒരു വിരദ്വാരം സൃഷ്ടിച്ചെന്നിരിക്കട്ടെ. അതിന്റെ തമോദ്വാര ഭാഗം വര്‍ത്തമാനകാലത്തും മറുഭാഗമായ ധവളദ്വാരം 1970 ജനുവരി ഒന്നാം തീയതിയിലുമായിരിക്കും. തമോദ്വാരത്തിലൂടെ വലിച്ചെടുക്കപ്പെടുന്ന ഒരു വസ്തു ധവളദ്വാരത്തിലൂടെ വര്‍ഷങ്ങള്‍ പുറകിലേക്ക് പുറന്തള്ളപ്പെടുന്നു. പ്രകാശവേഗത്തിലായിരിക്കും ഈ വസ്തു വിരദ്വാരം വഴി നീങ്ങുക.)
വേംഹോളുകളുമായുള്ള രൂപസാമ്യം കൊണ്ടു തന്നെ ഇവയെ തല്‍ക്കാലം ഗവേഷകര്‍ വിളിക്കുന്നതും വേംഹോള്‍ മേഘങ്ങള്‍ എന്നാണ്. ഓസ്‌ട്രേലിയയുടെ ആകാശത്ത് ആയിരം കിലോമീറ്റര്‍ നീളത്തില്‍ വരെ ഈ മേഘങ്ങള്‍ കാണപ്പെടാറുണ്ട്. വടക്കു പടിഞ്ഞാറന്‍ ക്യൂന്‍സ് ലന്‍ഡിലുള്ള ഗള്‍ഫ് ഓഫ് കാര്‍പന്റേറിയ മേഖലയില്‍ മാത്രമാണ് ഇവ രൂപം കൊള്ളുന്നത്. ലോകത്ത് മറ്റെവിടെയും സമാനമായ ഒരു പ്രതിഭാസം കാണാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയയിലെ ശിശിരകാല സമയത്ത്, അതായത് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയത്തു മാത്രമെ ഇവയെ കാണാന്‍ സാധിക്കൂ.
ഭൂമിയില്‍ മറ്റൊരു പ്രദേശത്തും രൂപപ്പെടുന്ന വ്യത്യസ്ത തരത്തിലുള്ള മേഘങ്ങളുമായി ഇവയെ താരതമ്യപ്പെടുത്താനാകില്ല. അതുകൊണ്ട് തന്നെ ഇവ എങ്ങനെ രൂപം കൊള്ളുന്നു എന്നതു സംബന്ധിച്ച് കൃത്യമായ ഉത്തരം ശാസ്ത്രലോകത്തിനും ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഈ മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു തൊട്ടു മുന്‍പുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും ഗവേഷകരെ അമ്പരപ്പിക്കുന്നുണ്ട്. മേഘങ്ങള്‍ രൂപപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പ്രദേശത്തെ താപനില വല്ലാതെ താഴും. അന്തരീക്ഷ മര്‍ദം ഉയരുകയും കടല്‍ക്കാറ്റിന്റെ വേഗം കൂടുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ കൊണ്ടു തന്നെ മേഘങ്ങളുടെ രൂപപ്പെടല്‍ അന്തരീക്ഷത്തിലെ മാത്രം പ്രവര്‍ത്തനങ്ങളുടെ ഫലമല്ലെന്ന് 2009-ല്‍ ഈ പ്രതിഭാസത്തെക്കുറിച്ച് നാസ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ കാറ്റിലും അന്തരീക്ഷത്തിലും ഉണ്ടാകുന്ന മാറ്റമായിരിക്കും മേഘങ്ങളുടെ സവിശേഷ രൂപത്തിനും കാരണമാകുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചിട്ടുള്ള വിശദീകരണവും ഇതുമായി ബന്ധപ്പെട്ടതാണ്. മര്‍ദം വര്‍ധിക്കുകയും കാറ്റിന്റെ ശക്തി കൂടുകയും ചെയ്യുന്നതോടെ മേഘങ്ങളുടെ മുന്‍ഭാഗങ്ങള്‍ മുകളിലേക്കുയര്‍ന്നു പോവുകയും പിന്‍ഭാഗം ചുരുങ്ങുകയും ചെയ്യുന്നു. ക്രമേണ ഇവ സിലിണ്ടര്‍ ആകൃതിയിലുള്ള മേഘങ്ങളായി മാറുന്നു . പക്ഷെ ഈ വിശദീകരണം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല.
ഒരേസമയത്ത് ഈ രൂപത്തിലുള്ള 10 മേഘങ്ങള്‍ വരെ അന്തരീക്ഷത്തില്‍ രൂപം കൊള്ളാറുണ്ട്. ഭൂനിരപ്പില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉയരത്തിലാണ് ഈ മേഘങ്ങള്‍ രൂപം കൊള്ളുക. ഇത്തരം മേഘങ്ങള്‍ രൂപം കൊള്ളുമ്പോള്‍ പ്രദേശത്തു കൂടിയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്. ഈ മേഘങ്ങള്‍ക്കിടിലുള്ള മര്‍ദവ്യത്യാസം വിമാനങ്ങള്‍ക്ക് അപകടം സൃഷ്ടിച്ചേക്കാമെന്ന കണക്കു കൂട്ടല്‍ കാരണമാണിത്.
ഇത്തരം മേഘങ്ങള്‍ സെക്കന്റില്‍ 20 മുതല്‍ 30 മീറ്റര്‍ വരെ സഞ്ചരിക്കുന്നവയാണ്. അതായത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ദൂരം ഇവ പിന്നിടും. ആദ്യം രൂപപ്പെടുന്ന മേഘങ്ങള്‍ ചുരുളുകളായി അകന്നു പോകുമ്പോഴേക്കും തൊട്ടു പിന്നില്‍ അവയോട് ചേര്‍ന്ന് അടുത്ത മേഘവും ഇതേ രൂപത്തില്‍പ്രത്യക്ഷപ്പെടും. ഇങ്ങനെയാണ് നൂറു കണക്കിനു കിലോമീറ്ററുകള്‍ ദൂരത്തില്‍ വേംഹോളിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഈ മേഘക്കൂട്ടം രൂപം കൊള്ളുന്നത്.
https://www.facebook.com/Malayalivartha