ഒരു ജന്മം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കി ,ഉടുതുണിക്ക് മറുതുണിയില്ലാതെ ,പിച്ചക്കാരെപ്പോലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിങ്ങൾക്ക് കിടക്കേണ്ടി വന്നതിനു വിധിയെയോ പ്രകൃതിയെയോ അല്ല പഴി പറയേണ്ടത് ..അതിനു ഉത്തരവാദികൾ ആയവരെ വെറുതെ വിടരുത്
16 AUGUST 2018 12:30 PM IST

മലയാളി വാര്‍ത്ത
ദൈവത്തിന്റെ സ്വന്തം നാടെന്ന അഹങ്കാരത്തിന്റെ കൊമ്പ് ഓടിക്കുന്നതായി കേരളത്തിന് ഈ പ്രളയകാലം . കർക്കിടകം പെയ്തൊഴിയുന്നത് തോരാത്ത ദുരന്തോർമ്മകൾ നമുക്ക് നൽകിയാണ്.
കേരളം ഇപ്പോൾ ലോകത്തിനു മുന്നിൽ കൈ നീട്ടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. എന്താവാം ഈ ദുരന്തത്തിന് കാരണം? . ഇത് സത്യത്തിൽ വിളിച്ചുവരുത്തിയ വിപത്തല്ലേ?
മണലൂറ്റി പുഴയെ കൊന്നുകളഞ്ഞ മണൽ മാഫിയക്കാർക്കും കാടും മലയും കുന്നും ഇടിച്ചു നിരത്തി വൻകിട റിസോർട്ടുകൾ പണിത ഭൂ മാഫിയകൾക്കും കൈയേറ്റക്കാർക്കും ഇപ്പോൾ ഒന്നും പറയാനില്ലേ?
ഒരു ആയുസ്സിന്റെ സമ്പാദ്യമത്രയും സ്വരുക്കൂട്ടിവെച്ചു ചേർത്തുവെച്ച തങ്ങളുടെ സമ്പാദ്യം ഒലിച്ചു പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന സാധാരണക്കാരുടെ ദുഃഖം കണ്ടില്ലെന്നു നടിക്കാൻ ഇവർക്ക് ആകുമായിരിക്കും. എന്നാൽ ഇനി ഇതാവർത്തിക്കാതിരിക്കാൻ ഇന്നാട്ടിലെ പ്രബുദ്ധരായ യുവജനങ്ങൾ ഒരുമിച്ചെ മതിയാകൂ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റ് ക്യാമ്പുകളിലേക്കും
ദുരിതാശ്വാസം എത്തിക്കുന്നത് നല്ലതു തന്നെ. എന്നാൽ സഹായം ചെയ്യുന്നവരും കൈ പറ്റുന്നവരും ഇനിയെങ്കിലും ഒന്ന് തീർച്ചപ്പെടുത്തണം ..ഒരു ജന്മം കൊണ്ട് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കി ,ഉടുതുണിക്ക് മറുതുണിയില്ലാതെ ,പിച്ചക്കാരെപ്പോലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിങ്ങള്ക്ക് കിടക്കേണ്ടി വന്നതിനു വിധിയെയോ പ്രകൃതിയെയോ അല്ല പഴി പറയേണ്ടത് ..അതിനു ഉത്തരവാദികൾ ആയവരെ വെറുതെ വിടരുത്
കുന്നിടിച്ച് റിസോർട് പണിയാൻ വരുന്നവരെയും പാറപൊട്ടിക്കാൻ വരുന്നവരെയും മണലൂറ്റ് മാഫിയകളെയും തുരത്താൻ കഴിയണം. അവർക്കെതിരെയാണ് ജനമുന്നേറ്റം വരേണ്ടത് ..അല്ലാതെ കോഴിയെ കട്ടുവെന്നപേരിലും മരച്ചോട്ടിൽ ആണും പെണ്ണും ഒന്നിച്ചു നിന്ന് എന്നതിന്റെ പേരിലുമല്ല
നെൽ വയൽ നികത്തുന്നവരെയും കായൽ കയ്യേറുന്നവരെയും സംഘടിതമായി നേരിടണം. .എല്ലാത്തിനും സർക്കാർ സംവിധാനത്തെ ആശ്രയിച്ചും പഴിചാരിയും മുന്നോട്ട് പോയാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്ന് അൻപതിനായിരം എന്നത് നാളെ അഞ്ചു ലക്ഷം എന്നായി മാറും. അതിനു ഇടവരാതിരിക്കട്ടെ...നമ്മുടെ സുരക്ഷയും കുഞ്ഞുങ്ങളുടെ ഭാവിയും നമുക്ക് വലുതാണ്. അത് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്..