വരൂ ചാക്കോച്ചാ ഉച്ചഭക്ഷണം സ്‌കൂളിൽ നിന്ന് ആകാം ; നടനെ ക്ഷണിച്ചു മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

തൃക്കാക്കര നിയോജകമണ്ഡലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യവേ നടൻ കുഞ്ചാക്കോ ബോബൻ 'നമുക്കറിയാം, ഇപ്പൊ ജയിലുകളിലാണ് കുറച്ചുകൂടെ നല്ല ഭക്ഷണം കിട്ടുന്നതെന്ന് തോന്നുന്നു. അല്ലേ? അതിനൊരു മാറ്റം വരണം. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവര്‍ക്ക് ഏറ്റവും നല്ല സാഹചര്യമൊരുക്കാനാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടത്.' -ഇതാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. കുട്ടികള്‍ക്ക് പോഷകാഹാരമുള്ള പ്രഭാതഭക്ഷണം നല്‍കുന്ന 'സുഭിക്ഷം തൃക്കാക്കര' പദ്ധതി മാതൃകാപരമാണെന്നും പറഞ്ഞിരുന്നു.
ഇപ്പോൾ ഇതാ കുഞ്ചാക്കോ ബോബന്റെ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എത്തിയിരിക്കുകയാണ് . സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ കുഞ്ചാക്കോ ബോബനെ ക്ഷണിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കുഞ്ചാക്കോ ബോബനൊപ്പം താനും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.സദുദ്ദേശത്തോടെയാണ് നടന്‍റെ വാക്കുകളെന്നും സ്കൂൾ ഭക്ഷണത്തിന്‍റെ മെനുവും രുചിയും നടന് സ്കൂളിലെത്തിയാൽ അറിയാമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
നടന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് മന്ത്രിയുടെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:
"മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്'- കുഞ്ചാക്കോ ബോബൻ"
ഈ രൂപത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്താണ് ചാക്കോച്ചൻ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകൾ ഞാൻ കേട്ടു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.
എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും.
കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.
കൂടാതെ അദ്ദേഹം അടിപൊളി ഫുഡ് എന്ന തലക്കെട്ടോടെ കൈക്കോട്ടുകടവ് പി എം എസ് എ പൂക്കോയതങ്ങൾ സ്മാരക സ്കൂൾ തൃക്കരിപ്പൂർ കാസർഗോഡ് സ്കൂളിൽ ഫ്രൈഡ് റൈസും ചിക്കനും പാകം ചെയ്യുന്നതും കുട്ടികൾക്ക് കൊടുക്കുന്നതിന്റെയും ഒരു റീല് കൂടെ പങ്കു വച്ചിട്ടുണ്ട്. അതിൽ കളർ ആയി മക്കളെ കളർ ആയി ഇന്ന് നമ്മൾക്ക് ഫ്രൈഡ് റൈസ് ഉം ചിക്കനും എന്ന് ഒരു കുട്ടി പറയുന്നതും കഴിച്ചു കഴിഞ്ഞ കുട്ടികളോട് അധ്യാപകർ ഫുഡ് എങ്ങനെ എന്ന് ചോദിക്കുമ്പോൾ അടിപൊളി , സൂപ്പർ എന്നിങ്ങനെ കുട്ടികൾ മറുപടി കൊടുക്കുന്നതും കാണാം.
റീലിൽ വളരെ വൃത്തിയോടെ പച്ചക്കറികൾ അരിയുന്നതും ആഹാരം പാകം ചെയ്യുന്നതും കുട്ടികൾ സന്തോഷത്തോടെ പ്ലേറ്റുമായി കഴിക്കാൻ അച്ചടക്കത്തോടെ പോകുന്നതും സന്തോഷത്തോടെ കഴിക്കുന്നതും എല്ലാം കാണാം. കൂടാതെ ഫ്രൈഡ് റൈസിന് ഒപ്പം സാലഡ് ഉം അച്ചാറും എല്ലാം ഉണ്ടെന്നു വീഡിയോയിൽ കാണിക്കുന്നുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഈ മാസം ആദ്യം മുതലാണ് നിലവിൽ വന്നത്. ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്നതാണ് ഉച്ചഭക്ഷണ മെനു. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.
2011-ൽ ഓടുന്ന ട്രെയിനിൽ ഒരു യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കഴിഞ്ഞ മാസം ജയിൽ ചാടിയിരുന്നു. പിന്നീട് ഇയാളെ പിടികൂടിയെങ്കിലും സെല്ലിൽ നിന്ന് പുറത്തുവരാൻ വേണ്ടി ഗോവിന്ദച്ചാമി ഡയറ്റ് നോക്കിയിരുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു. വിചാരണയ്ക്ക് കൊണ്ടുവന്ന രൂപം ആയിരുന്നില്ല അയാളുടേത് ഇപ്പോൾ. . ആഹാരം കഴിക്കുന്നത് കുറച്ച് ശരീരഭാരത്തിൽ കുറവ് വരുത്തി. വണ്ണം കുറക്കാൻ വേണ്ടി ചോറ് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പകരം ആഴ്ചകളായി ചപ്പാത്തി മാത്രമാണ് പ്രതി കഴിച്ചിരുന്നത്. കൃത്യമായ മെനുവും അളവും അനുസരിച്ചാണ് കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഭക്ഷണം നൽകുന്നത്. ഒരു തടവുകാരൻ ഭക്ഷണം കഴിക്കാതിരിക്കുക്കയോ ഭക്ഷണത്തിൽ കുറവ് വരുത്തുകയോ വിഭവങ്ങളിൽ ചിലത് ഒഴിവാക്കുകയോ ചെയ്താൽ ജയിൽ അധികൃതരുടെ ശ്രദ്ധയിൽ എത്തും. എന്നാൽ, ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ അത് ഉണ്ടായില്ല എന്നത് വലിയ വീഴ്ചയാണ്.എന്നും ചൂണ്ടിക്കാട്ടപെട്ടിരുന്നു.
ഇത് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾക്കും ഇടവച്ചിരുന്നു. ജയിൽ വകുപ്പിന് ഡയറ്റ് പ്രോഗ്രാമ്മുകളുമായി കൊളാബ് ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് വരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. അന്ന് തന്നെ ഉയർന്ന ഒരു വിമർശനം ആണ് ജയിലിലെ ആഹാരത്തിന്റെ ഗുണവും സ്കൂളുകളിൽ അത്രയും നല്ല ഭക്ഷണം കിട്ടുന്നില്ല എന്ന വിമർശനവും ഉയർന്നത്.
https://www.facebook.com/Malayalivartha