സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവന അഭിനയിച്ച തേയില പരസ്യം

ദുഃസ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് കൊച്ചിയിലെ ആ രാത്രിയില്‍ തനിക്ക് സംഭവിച്ചത് എന്ന് ഭാവന തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഓര്‍ത്ത് വീട്ടില്‍ കുത്തിയിരിക്കുകയല്ല നടി. എല്ലാത്തിനെയെല്ലാം മറികടന്ന് ഭാവന നല്ല മിടുക്കിക്കുട്ടിയായി തിരിച്ചുവന്നു. ഏത് പെണ്‍കുട്ടിക്കും മാതൃകയാകുന്ന തരത്തില്‍.
ഇപ്പോഴിതാ ഭാവന അഭിനയിച്ച ഒരു പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. ഈസ്റ്റീ എന്ന തേയിലപ്പരസ്യത്തിലാണ് ഭാവന അഭിനയിച്ചത്. തനിക്ക് സംഭവിച്ച ദുരന്തത്തെ ഭാവന മാര്‍ക്കറ്റ് ചെയ്തു എന്ന് ചിലര്‍ കുറ്റം പറയുന്നു. എന്നാല്‍ ഭാവന ചെയ്തതാണ് ശരി എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇതിന് മാത്രം എന്താണ് ആ പരസ്യത്തില്‍ ഉള്ളത് എന്നല്ലേ..
ജീവിതത്തിന് കടുപ്പമേറുമ്പോളാണ് നമ്മള്‍ നമ്മളുടെ ഉള്‍ക്കരുത്തിനെ തിരിച്ചറിയുന്നത്. നമ്മള്‍ കൂടുതല്‍ ശക്തരാകുന്നത്. ജീവിതത്തില്‍ പുതിയ വഴികള്‍ തെളിയുന്നത്. പ്രതിസന്ധികളുണ്ടാകും പക്ഷ പുഞ്ചിരി മായരുത് - ഈസ്റ്റി തേയിലയുടെ പരസ്യത്തിലാണ് ഭാവന ഇത് പറയുന്നത്.
സാധാരണ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ ഒളിച്ചിരിക്കുന്നവരെയാണല്ലോ നമുക്ക് പരിചയം എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയിയല്‍ ആളുകള്‍ ഇത് ഷെയര്‍ ചെയ്യുന്നത്. അതിഗംഭീരമായ കം ബാക്ക് എന്നാണ് ഭാവനയുടെ ഈ പരസ്യത്തെ ആളുകള്‍ വിലയിരുത്തുന്നത്. ഒന്നും ഒളിച്ചും മറച്ചും വെക്കാതെ ശക്തമായ ഒരു സന്ദേശം കൂടിയാണ് നടി നല്‍കുന്നത്.
എന്നാല്‍ ഇത് ഭാവനയുടെ ധൈര്യമൊന്നും അല്ല മറിച്ച് തങ്ങളുടെ ഉല്‍പ്പന്നം ഈസ്റ്റി തേയില മാര്‍ക്കറ്റ് ചെയ്യുന്നതാണ് എന്നാണ് മറ്റ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ഇതിന് ഭാവനയ്ക്ക് സംഭവിച്ച ദുരന്തത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്യുന്നു. അതിന് നടി നിന്നുകൊടുക്കുന്നു. - ഇതാണ് ആക്ഷേപം.
തേയില കമ്പനിയുടെ പരസ്യചിത്രത്തില്‍ ഭാവന അഭിനയിച്ചതിനെതിരെ കടുകട്ടി വാക്കുകള്‍ തെരഞ്ഞുപെറുക്കി ആഞ്ഞടിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കുറിപ്പ് കണ്ടുകൊണ്ടാണ് ഇന്ന് നേരം പുലര്‍ന്നത്. പരസ്യം ഇപ്പോ വല്യ വിവാദമാണത്രേ! നമുക്കിത്തിരി വിവാദം തൊട്ടുകൂട്ടാതെ രാവിലെ ഇഡ്ഡലീം ചട്ണീം ഇറക്കാനാവില്ലല്ലോ! - ഭാവനയുടെ പരസ്യത്തെ വിമര്‍ശിക്കുന്ന നിരവധി പോസ്റ്റുകളില്‍ ഒന്നിനോട് മാധ്യമ പ്രവര്‍ത്തകനായ സുജിത് ചന്ദ്രന്‍ പ്രതികരിക്കുന്നു.
ഞാനാ വീഡിയോ കണ്ടു. നന്നായി ചിരിച്ച് ചുറുചുറുക്കോടെ ഭാവന. അഭിമാനവും പ്രേരണയുമാണ് തോന്നിയത്. പെണ്ണ് സ്വന്തം മുറിവുകളോര്‍ത്ത് വിലപിച്ചിരിക്കണം എന്ന നടപ്പുശീലത്തെ അവള്‍ അലോസരപ്പെടുത്തിയത് കണ്ട് നല്ല സന്തോഷവും. സെന്‍ കഥയിലെ ബുദ്ധഭിക്ഷുവിനെയും ഓര്‍ക്കുന്നു. 'ഞാനാ സ്ത്രീയെ ആറ്റുകടവിലിറക്കി വിട്ടതാണല്ലോ കുട്ടീ... നീയിപ്പോഴും അവരെ ചുമന്ന് നടക്കുകയാണോ?' അവര്‍ തൊഴിലെടുത്ത് ജീവിക്കട്ടെ സുഹൃത്തേ
വിദേശങ്ങളില്‍ വന്‍ ഡിമാന്‍ഡുള്ള ഒരു മാര്‍ക്കറ്റിങ്ങ് രീതിയാണ് സറോഗേറ്റ് മാര്‍ക്കറ്റിങ്. നമ്മള്‍ പോലും അറിയാതെ ഒരു ആശയത്തെ അല്ലെങ്കില്‍ ഒരു ഉത്പന്നത്തെ നമ്മിലേക്ക് മാര്‍ക്കറ്റ് ചെയ്യുന്ന രീതി. ഇതേ രീതി നമ്മളും പരീക്ഷിച്ചിട്ടുണ്ട്... സിസ്സര്‍സ് സിഗററ്റിന്റെ പരസ്യം ക്രിക്കറ്റ് ടീമിന്റെ പരസ്യമാക്കിയും വൈകിട്ടെന്താ പരിപാടി എന്ന കാപ്ഷനിലൂടെ പരസ്യത്തില്‍ ഒരിടത്തും മദ്യം കാണിക്കാതെ അവരുടെ ഉത്പന്നമായ മദ്യത്തെ വിദഗ്ദ്ധമായി അവര്‍ മാര്‍ക്കറ്റ് ചെയ്തിട്ടുമുണ്ട്.
ഭാവന അഭിനയിച്ചതിലല്ല വലിയ കുഴപ്പം, ആ ദുരന്തത്തെയും മാര്‍ക്കറ്റിംഗ് റ്റൂള്‍ ആക്കി മാറ്റുന്ന ഹൃദയശൂന്യമായ വിപണി സൂത്രവാക്യങ്ങളെയാണ് പ്രശ്നവതകരിക്കേണ്ടത്. അത്തരമൊരു ചൂഷണത്തിന് ഒരു രണ്ടാം ദുരന്തത്തിന് അവര്‍ നിന്നുകൊടുക്കണമായിരുന്നോ എന്ന ചോദ്യം അവശേഷിക്കാതിരിക്കുന്നുമില്ല - ഇങ്ങനെ വിലയിരുത്തുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha

























