പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള സിനിമകളിലേ അഭിനയിക്കൂ: ദുല്‍ഖര്‍

ധാരാളം പേര്‍ കഥപറയാന്‍ വരുന്നുണ്ടെങ്കിലും എല്ലാം കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. നല്ലതെന്ന് തോന്നുന്നത് സെലക്ട് ചെയ്ത് കേള്‍ക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ബോധ്യമായാല്‍ മാത്രമേ ഡേറ്റ് നല്‍കാറൂള്ളൂ. വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് ഇഷ്ടപ്പെടുന്നത്. ഒരു സിനിമ സക്‌സസായാല്‍ അടുത്തത് അതിലും മികച്ചതാവണം. നിത്യജീവിതവുമായി ബന്ധപ്പെട്ട കഥകളില്‍ അഭിനയിക്കാനാണ് ഇഷ്ടം. പോസറ്റീവായ കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ആരാധന എന്നതിനേക്കാള്‍ അവരുടെ സ്‌നേഹമാണ് പ്രധാനം.
വയസായവര്‍ അവഗണിക്കപ്പെടുന്നു
കുറേ നാളായി മുതിര്‍ന്നവരുടെ ജീവിതം തന്നെ അലട്ടുന്നുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഒരുകാലത്ത് നന്നായി ജീവിച്ചവര്‍ പ്രായമാകുമ്പോള്‍ അവഗണിക്കപ്പെടുന്നു. അതുകൊണ്ട് പ്രായമായവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും ചെറുപ്പക്കാര്‍ക്ക് കഴിയണം. അതിനായി യുവാക്കള്‍ മുന്നോട്ട് വരണമെന്നും താരം അഭ്യര്‍ത്ഥിച്ചു.
ചാര്‍ളിക്കായി ഒരുപാട് അധ്വാനിച്ചു
ചാര്‍ളിയുടെ കഥ കേട്ടത് മുതല്‍ താന്‍ ആവേശത്തിലായിരുന്നെന്ന് ദുല്‍ഖര്‍ പറഞ്ഞു. ആ കഥാപാത്രത്തിന്റെ മനസിലൂടെ ഒരുപാട് സഞ്ചരിച്ചു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടുമായി അതിലെ ഓരോ സീനുകളും പലതവണ ചര്‍ച്ച ചെയ്തു. കഥാപാത്രത്തെ മികച്ചതാക്കാന്‍ ഒരുപാട് പ്രയത്‌നിച്ചു. സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ചിത്രത്തിന്റെ സാമ്പത്തിക വിജയത്തിന്റെ ക്രഡിറ്റ് സംവിധായകനാണ്.
അന്തിക്കാട് സ്‌കൂളാണ്
സത്യന്‍ അന്തിക്കാടിന്റെ സെറ്റ് ഒരു സ്‌കൂളാണ്. ചെറുപ്പം മുതല്‍ അദ്ദേഹത്തെ പോലുള്ളവരുടെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സീന്‍, സിറ്റുവേഷന്‍, കഥാപാത്രത്തിന്റെ സ്വഭാവം എല്ലാം കൃത്യമായി പറഞ്ഞ് തരും. ഒരു നടനെന്ന നിലയില്‍ സംവിധായകന്റെ മനസറിഞ്ഞ് അഭിനയിക്കുകയാണ് പ്രധാനം.
സി.ഐ.എ
അമല്‍ നീരദിന്റെ സി.ഐ.എ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയാണ്. അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ നിവൃത്തിയില്ല. ബിഗ്ബിയും ഇയ്യോബിന്റെ പുസ്തകവും അന്‍വറും എല്ലാം ഇഷ്ടപ്പെട്ട പ്രേക്ഷകര്‍ ഈ സിനിമയും സ്വീകരിക്കും എന്നതില്‍ സംശയമില്ല. സൗബിന്റെ പറവയില്‍ അതിഥി വേഷമാണെങ്കിലും ശ്രദ്ധേയമായ സിനിമയായിരിക്കും അതും.
https://www.facebook.com/Malayalivartha

























