നാടോടി സര്‍ക്കസുകാര്‍ക്കൊപ്പം നൃത്തം വച്ച് സ്റ്റേജിൽ ആദ്യ അരങ്ങേറ്റം

ദേശീയ അവാര്‍ഡിന്റെ തിളക്കമാണ് ഇപ്പോള്‍ സുരഭിയുടെ മുഖത്ത്. അവാര്‍ഡുകള്‍ ഏതൊക്കെ വന്നാലും തനി കോഴിക്കോട്ടുകാരിയാണ് സുരഭി ലക്ഷ്മി. സംസാരിച്ചു തുടങ്ങിയാല്‍ തനി പാത്തു. പുരസ്‌കാരങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സുരഭിയുടെ ആദ്യമറുപടി നാട്ടുകാര്‍ക്കൊക്കെ പെരുത്ത് സന്തോഷമായിഎന്നായിരുന്നു. കുടുംബശ്രീക്കാരും അയല്‍ക്കൂട്ടങ്ങളും നാട്ടിലെ ക്ലബ്ബുകാരും എല്ലാ പാര്‍ട്ടിക്കാരുമൊക്കെ അനുമോദിക്കുന്നുണ്ട്. നാട്ടില്‍ കുറെ ഫ്‌ളക്‌സും പൊങ്ങി. അവാര്‍ഡ് നേടിയതുകൊണ്ട് മാറ്റങ്ങളൊന്നുമില്ല, നാടകമായാലും സിനിമയായാലും കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതായിരുന്നു ഉത്തരവാദിത്വം.
വിനോദ്കുമാര്‍ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്. സുരഭിയുടേത് ഉള്‍പ്പടെ നാല് പുരസ്‌കാരങ്ങള്‍ ഈ നാടകം നേടി. നാടകം ഒരു പാഠശാലയാണെന്ന് പറയുന്നു സുരഭി. ഒരു നാടകം കെട്ടിപ്പൊക്കുന്നത് അതിലെ ഓരോ കഥാപാത്രവും കൂടി അറിഞ്ഞാണ്. നമ്മുടെ മുമ്ബില്‍ നടക്കുന്ന, പങ്കാളിയാവുന്ന പ്രക്രിയ ആണത്. സിനിമയില്‍ ചിലപ്പോള്‍ തിയേറ്ററിലെത്തുമ്‌ബോഴാണ് മുഴുവന്‍ കഥപോലും അറിയുന്നത്. സുരഭി പറഞ്ഞു. ഇടപ്പള്ളി അതിഥി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിലാണ് സുരഭി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടേതാണ് ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകവും. കെ. വിനോദ്കുമാര്‍ വളാഞ്ചേരി സംവിധാനം ചെയ്ത യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിന് 2010ലും സുരഭിയെ സംഗീതനാടക അക്കാദമി മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മികച്ചനടിക്കുള്ള പ്രത്യേക പരാമര്‍ശം നേടിയ മിന്നാമിനുങ്ങെന്ന ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ തോമസും തിരക്കഥാകൃത്ത് മനോജ് റാംസിങ്ങുമാണ് ആദ്യം മുതലേ തന്നെ ഞെട്ടിച്ചതെന്ന് സുരഭി പറയുന്നു.

ഒരു നടിക്ക് തിരക്കഥ വായിക്കാന്‍ നല്‍കി താത്പര്യമുണ്ടെങ്കില്‍ അഭിനയിക്കണമെന്ന് പറഞ്ഞത് ഇരുവരുമാണ്. മലയാളത്തില്‍ അപൂര്‍വമായി മാത്രം നടക്കുന്ന കാര്യമാണത്. മിന്നാമിനുങ്ങിലെ കഥാപാത്രത്തെക്കുറിച്ച് മനസ്സിലായതോടെ എങ്ങനെ അവതരിപ്പിക്കുമെന്നതിനെക്കുറിച്ചായി ചിന്ത. ഹോസ്റ്റല്‍ മേട്രന്‍ മീനച്ചേച്ചിയുടെ മുഖമാണ് മനസ്സില്‍ വന്നത്. അവരുടെ കണ്ണുകളിലെ ദൈന്യത, നിസ്സഹായത എല്ലാം ഓര്‍ത്തെടുത്തതോടെ കഥാപാത്രമാകുന്നത് എളുപ്പമായി. അടുത്ത വെല്ലുവിളി തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണമായിരുന്നു. കോഴിക്കോടന്‍ ശൈലിയുടെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നതുതന്നെ. തിരുവനന്തപുരം ശൈലിയുള്ള സംഭാഷണം ശരിയാക്കാന്‍ സഹായിച്ചത് കൃഷ്ണന്‍ ബാലകൃഷ്ണനാണ്. പൂര്‍ണമായ തിരുവനന്തപുരം ശൈലി പരീക്ഷിക്കാതെ തിരുവനന്തപുരത്ത് താമസിക്കുന്ന ഒരാളുടെ സ്വാഭാവികമായ സംഭാഷണശൈലി പരീക്ഷിക്കാനാണ് ശ്രമിച്ചത്.
സംവിധായകനും എഴുത്തുകാരനും എല്ലാവരും ഉള്‍ക്കാഴ്ചയോടെ കണ്ടെന്നതും കഥാപാത്രത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചുവെന്നതുമാണ് സിനിമയുടെ പ്രത്യേകതയെന്ന് സുരഭി പറയുന്നു. സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ പ്രതിഫലംപോലും വാങ്ങാതെയാണ് സിനിമയുമായി സഹകരിച്ചത്. ആദ്യ പ്രതിഫലം ഒരു പാക്കറ്റ് കടലയും വത്തക്കക്കഷ്ണവും. എളേറ്റില്‍ വട്ടോളിയില്‍ താമസിക്കുന്ന കാലത്ത് നാടോടി സര്‍ക്കസുകാര്‍ക്കൊപ്പം നൃത്തംവെച്ചതാണ് സ്‌റ്റേജില്‍ കയറിയതുമായി ബന്ധപ്പെട്ട ആദ്യ ഓര്‍മ. അച്ഛന്‍ കെ.പി. ആണ്ടിയാണ് അന്ന് മൂന്നര വയസ്സുപ്രായമുള്ള സുരഭിയെ സ്‌റ്റേജില്‍ കയറ്റിയത്. അടിപൊളിയായി നൃത്തം ചെയ്തതിന് നാട്ടുകാര്‍ ഒരു പാക്കറ്റ് കടലയും വത്തക്കക്കഷ്ണവും നല്‍കി പ്രോത്സാഹിപ്പിച്ചെന്ന് പറയുന്നു സുരഭി. പിന്നെ കുടുംബം നരിക്കുനിയിലേക്ക് മാറി. അമ്ബലത്തിലെയും ക്ലബ്ബുകളുടെയും പരിപാടിക്ക് നൃത്തം ചെയ്യുന്നതും നാടകത്തില്‍ അഭിനയിക്കുന്നതും കുട്ടിക്കാലത്തെ പതിവായി. അന്നൊക്കെ നാട്ടില്‍ പറയുക, സിങ്കിള്‍ ഡാന്‍സ്, കപ്പിള്‍ ഡാന്‍സ് എന്നൊക്കെയാണ്. എന്തായാലും സുരഭി മുന്നിലുണ്ട്.

മുക്കാലാ മുക്കാബുലാ.. രാമായണക്കാറ്റേ.. പഴയ സ്ഥിരം ഡാന്‍സ് നമ്ബറുകള്‍ ഓര്‍ത്തെടുക്കുന്നു സുരഭി. ഈ പരിപാടികള്‍ക്കെല്ലാം സംഘാടകനായും അനൗണ്‍സറായും വരുന്ന വിജയന്‍ പാലാടിക്കുഴിയാണ് കുട്ടിക്ക് താളബോധമുണ്ടെന്നും പറഞ്ഞ് കലാമണ്ഡലം സത്യവ്രതന്‍ മാഷുടെ അടുത്ത് നൃത്തം പഠിക്കാന്‍ വിട്ടത്. ഭരതനാട്യവും കുച്ചുപ്പുഡിയും മോഹിനിയാട്ടവും അവിടെ നിന്നാണ് പഠിച്ചത്. പുന്നശ്ശേരി രാമന്‍കുട്ടി മാഷുടെ അടുത്തുനിന്ന് ഓട്ടന്‍തുള്ളലും പഠിച്ചു. ഇതോടെ നാട്ടില്‍ അത്യാവശ്യം നാടകങ്ങളൊക്കെ ചെയ്തിരുന്ന മുകുന്ദേട്ടന്‍ നാടകത്തിലെ കുട്ടികളുടെ കഥാപാത്രങ്ങള്‍ തരാന്‍ തുടങ്ങി. കംസവധം നാടകത്തില്‍ കൃഷ്ണനായി തുടങ്ങി. അവസാനം അയ്യപ്പന്‍, മുരുകന്‍.... തുടങ്ങി ഒട്ടുമിക്ക കുട്ടിദൈവങ്ങളായും താന്‍ വേഷമിട്ടെന്ന് സുരഭി. കലോത്സവ വേദികളിലും ഈ കാലത്ത് സജീവമായിരുന്നു. വി.എച്ച്.എസ്.ഇ.യ്ക്ക് പഠിക്കുമ്‌ബോഴാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. അപ്പോഴേക്കും അച്ഛന്‍ മരിച്ച് ചെറിയ സാമ്ബത്തികപ്രയാസത്തിലാണ്. ചേച്ചിയുടെ നിര്‍ബന്ധത്തിലാണ് കലോത്സവത്തിനെത്തുന്നത്. ഓട്ടന്‍തുള്ളലില്‍ എനിക്കുമാത്രം പക്കമേളക്കാരില്ല. വേഷമെല്ലാം പഠിപ്പിക്കുന്ന മാഷ് സൗജന്യമായി നല്‍കി. ഫലം വന്നപ്പോള്‍ മൂന്നാംസ്ഥാനം. അര്‍ഹതപ്പെട്ട ഒന്നാംസ്ഥാനം പക്കമേളക്കാരില്ലാത്തതിനാല്‍ നഷ്ടമായി. സങ്കടപ്പെട്ട് നില്‍ക്കുമ്‌ബോഴാണ് മാധ്യമപ്രവര്‍ത്തകര്‍ അടുത്തുവരുന്നത്. അവര്‍ ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞു. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് ഞെട്ടുന്നത്. എല്ലാത്തിലും വാര്‍ത്തയായി.
ഈ വാര്‍ത്ത സംവിധായകന്‍ ജയരാജ് കാണാനിടയായി. അദ്ദേഹം ഭാര്യ സബിതയോട് അടുത്ത ദിവസം നടക്കുന്ന എന്റെ മോണോആക്ട് മത്സരം കാണാനും പരിചയപ്പെടാനും നിര്‍ദേശിച്ചു. അവര്‍ക്ക് തൃപ്തിയായതോടെ ജയരാജ് സംവിധാനം ചെയ്ത ബൈ ദ പീപ്പിള്‍ സിനിമയില്‍ ചെറിയ വേഷം ലഭിച്ചു. അതായിരുന്നു സിനിമാ പ്രവേശം. അന്നുമുതല്‍ വലിയ ഇടവേളകളില്ലാതെ സിനിമ ഒപ്പമുണ്ട്. ഇതിനകം 45ഓളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ദിനേശ് ടാക്കീസിന്റെ ഓര്‍മയില്‍ തിയേറ്റര്‍ പഠനത്തിന്പ്ലസ്ടു കഴിഞ്ഞതോടെ കാലടി സര്‍വകലാശാലയില്‍ ബി.എ. ഭരതനാട്യത്തിന് ചേര്‍ന്നു. അവിടെ ഉപവിഷയമായി മോഹിനിയാട്ടമോ, സംഗീതമോ, തിയേറ്ററോ പഠിക്കണം. അന്നുവരെ നാടകത്തിന് തിയേറ്റര്‍, പ്ലേ എന്നൊക്കെ പറയുമെന്ന് പോലും അറിയില്ല. ഉടന്‍ ജോലികിട്ടണം, അതിനാണ് പ്രാമുഖ്യം. തിയേറ്റര്‍ കണ്ടപ്പോള്‍ ഓര്‍മവന്നത് നാട്ടിലെ ദിനേശ് ടാക്കീസാണ്.

തിയേറ്ററിലെ പണിയൊക്കെ പഠിപ്പിക്കലാകും എന്നും കരുതി തിയേറ്റര്‍ തിരഞ്ഞെടുത്തു. പഠനം തുടങ്ങിയപ്പോഴാണ് കാര്യം വ്യക്തമാകുന്നത്. കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും മുതല്‍ ഷേക്‌സ്പിയറും ഗ്രീക്ക് തിയേറ്ററും വരെ. എന്തായാലും ഭരതനാട്യത്തില്‍ ഒന്നാംറാങ്കോടെയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. എം.എ. തിയേറ്റര്‍ തന്നെയായിരുന്നു വിഷയം. പി.ജി.ക്ക്. പഠിക്കുമ്‌ബോള്‍ ജവാഹര്‍ലാല്‍ നെഹ്രു സ്‌കോളര്‍ഷിപ്പും സംഗീതനാടക അക്കാദമിയുടെ ആദ്യത്തെ അവാര്‍ഡും ലഭിച്ചു. ഇപ്പോള്‍ പി.എച്ച്.ഡി. ചെയ്യുന്നു. ഗോപന്‍ ചിദംബരമാണ് ഗൈഡ്. ഇതിനിടെ സ്വകാര്യടിവി ചാനലിലെ ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തി. കൂടുതല്‍ അവസരങ്ങളും തേടിയെത്തി. കെ.കെ. രാജീവ് സംവിധാനം ചെയ്ത കഥയിലെ രാജകുമാരിയെന്ന സീരിയലില്‍ അഭിനയിച്ചു. അഭിനേതാക്കളുടെ മുഴുവന്‍ സത്തയും പുറത്തുകൊണ്ടുവരുന്ന സംവിധായകനാണ് അദ്ദേഹം.
പിന്നീടാണ് ജനശ്രദ്ധയാകര്‍ഷിച്ച എം80 മൂസയിലെ പാത്തുവാകുന്നത്. വിനോദ് കോവൂരും സുനില്‍ കാര്യാട്ടുകരയും ചേര്‍ന്നാണ് സംവിധായകന്‍ ഷാജി അസീസിനോട് എന്നെ നിര്‍ദേശിക്കുന്നത്. നാട്ടുമ്ബുറത്തൊക്കെ കാണുന്ന അമ്ബത് അറുപതുവയസ്സുള്ള താത്തമാരുടെ വര്‍ത്തമാനശൈലിയാണ് ഉപയോഗിച്ചത്. അമ്മമ്മയുടെ അടുത്തുനിന്നും പഠിച്ച പഴയ വാക്കുകള്‍ കുയമാന്തല്‍, കുണ്ടറാച്ചിട, പൈക്കുക, സുയിപ്പാക്കുക ഇതൊക്കെ യഥേഷ്ടം ഉപയോഗിച്ചപ്പോള്‍ പാത്തു ഹിറ്റ് സുരഭി പറയുന്നു. അഞ്ചുലക്ഷം ആളുകളാണ് യൂട്യൂബില്‍ പാത്തുവിന്റെ വീഡിയോ കണ്ടത്. 30 പ്രാവശ്യമെങ്കിലും ഗള്‍ഫ് നാടുകളില്‍ എം80 മൂസ സംഘം സന്ദര്‍ശിച്ചു. ഇതിനിടെ എ.സി. മീന്‍കട മുതല്‍ ജൂവലറി വരെ ഉദ്ഘാടനം ചെയ്യാന്‍ പോയി. എല്ലാം നൈറ്റിയും തട്ടവുമിട്ട് പാത്തുവായിസുരഭി പാത്തുവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

ഇതിനിടെ അബുദാബി തിയേറ്റര്‍ ഫെസ്റ്റിവല്‍ അവാര്‍ഡ്, ഫ്‌ളവേഴ്‌സ് ടി.വി. ബെസ്റ്റ് കൊമേഡിയന്‍ അവാര്‍ഡ്, സബര്‍മതി പുരസ്‌കാരം, ശാന്താദേവി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. പ്രതികരിച്ച് പെണ്ണുങ്ങള്‍ക്ക് മതിയായിസ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിലും സുരഭി അസ്വസ്ഥയാണ്. സൗമ്യയ്ക്ക്, ജിഷയ്ക്ക്, പിന്നെ പേരറിയാത്ത ഒരുപാട് പെണ്‍കുട്ടികള്‍ക്കുവേണ്ടി ഇതിനകം നമ്മള്‍ പ്രതികരിച്ചു കഴിഞ്ഞു. എന്നിട്ട് എന്തെങ്കിലും നടന്നോ, ഇതൊക്കെ അടുത്ത വാര്‍ത്തവരെ മാത്രം. പ്രതികരിച്ച് പ്രതികരിച്ച് പെണ്ണുങ്ങള്‍ക്ക് മതിയായി തുടങ്ങി. സുരഭി പറയുന്നു. ഇതിനെയെല്ലാം നേരിടാനും സുരക്ഷിതമല്ലെന്ന് കണ്ടാല്‍ ജാഗ്രതപുലര്‍ത്താനും സ്ത്രീകള്‍ ശ്രദ്ധിക്കണമെന്ന് സുരഭി പറയുന്നു. അറിയാത്ത വാഹനങ്ങളില്ലെല്ലാം യാത്ര ചെയ്യേണ്ടി വരും.
വീട്ടുകാരെ വിളിച്ച് എവിടെയാണെന്ന് കൃത്യമായി അറിയിക്കുക. പിന്നെ സുരഭിയുടെ പതിവാണെങ്കില്‍ അറിയാത്ത ഡ്രൈവർമാരാണെങ്കിലും ഞാന്‍ അങ്ങോട്ടുചെന്ന് പരിചയപ്പെടും. കുടുംബവും എല്ലാം ചോദിച്ച് മനസ്സിലാക്കും. ഇതോടെ ദുര്‍ചിന്തകള്‍ ഒരു പരിധിവരെ പോകും. അല്ലാതെ ഫോണിലും നോക്കി ഇരുന്നാല്‍ ആദ്യം കണ്ണാടിയിലൂടെ ഒരു നോട്ടം തിരിച്ച് വേറെ നോട്ടം ഭീതിയുടെ ആ ചിന്ത ഇല്ലാതാക്കാം. സുരഭി പറയുന്നു. അമ്മ രാധയും സഹോദരങ്ങളായ സുധീഷും സുബിതയും സുമിതയുമാണ് സുരഭിക്ക് പിന്തുണയേകുന്നത്. ഇനിയും നാടകത്തിലും സിനിമയിലും സജീവമായി താന്‍ ഇവിടെയൊക്കെ തന്നെയുണ്ടാകുമെന്ന് സുരഭി പറയുന്നു.
https://www.facebook.com/Malayalivartha

























