ശ്രീനിവാസനും സത്യന്‍ അന്തിക്കാടും പിന്നെ ശങ്കരേട്ടനും

നാടോടിക്കാറ്റ് റിലീസ് ചെയ്ത സമയത്ത് ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാടിന്റെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. ചെന്നാലും പുറത്തിറങ്ങി നടക്കാറില്ല. നടനായതുകൊണ്ട് ആളുകള്‍ ചുറ്റും കൂടും. ആളുകളെ കാണുന്നത് ശ്രീനിവാസന് ചമ്മലാണ്. എങ്കിലും ഒരു ദിവസം അന്തിക്കാടിന്റെ മുന്നിലെ വഴിയിലൂടെ നടന്നു. ഒപ്പം കോഴിക്കോട്ടുകാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അശോകനും ഉണ്ടായിരുന്നു. നടക്കുമ്പോള്‍ പുറകില്‍ നിന്ന് അതിവേഗം സൈക്കിളോടിച്ച് വന്നൊരാള്‍ വഴി തടഞ്ഞതുപോലെ നിന്നു. തയ്യല്‍ക്കാരന്‍ ശങ്കരേട്ടന്‍. സത്യന്‍ അന്തിക്കാടിന്റെ വീടിനടുത്താണ് അയാള്‍ താമസിക്കുന്നത്. അന്തിക്കാട് തയ്യല്‍ക്കട നടത്തുന്നുണ്ട്.
'സത്യാ ഇവിടെ ശ്രീനിവാസന്‍ വന്നിട്ടുണ്ടെന്നുകേട്ടു. ഇതിലാരാണ് ശ്രീനിവാസന്‍ എന്നെയൊന്നു പരിചയപ്പെടുത്തിത്തരണം. പെട്ടെന്ന് ശ്രീനിവാസന്‍ അശോകനെ ചൂണ്ടി പറഞ്ഞു: 'ദേ, ഇതാണ് ശ്രീനിവാസന്‍'
'സന്തോഷം'ശങ്കരേട്ടന്‍ അശോകന്റെ കൈ പിടിച്ചു കുലുക്കി. 'കടയില്‍ പിള്ളാരു പറഞ്ഞു ശ്രീനിവാസന്‍ വന്നിട്ടുണ്ടെന്ന്. എങ്കിലൊന്നു പരിചയപ്പെട്ടിരിക്കാമല്ലോ എന്നുവെച്ച് വന്നതാണ്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഇവിടെ വരാറുണ്ട്. പക്ഷേ. ഈ കള്ളന്‍ സത്യന്‍, ഒരാളേയുമറിയിക്കാറില്ല. സംതൃപ്തിയോടെ ശങ്കരേട്ടന്‍ തിരിച്ചുപോയി. ഈ സംഭവം അടുത്തിടെ അന്തിക്കാട്ട് നടന്ന ചടങ്ങില്‍ വച്ച് ശ്രീനിവാസന്‍ പറഞ്ഞു.
കഥ തീര്‍ന്നതും, കാണികളുടെ ഇടയില്‍ നിന്നൊരു മെലിഞ്ഞ മനുഷ്യന്‍ എണീറ്റു നിന്നു. ശങ്കരേട്ടനായിരുന്നു. അന്നത്തേക്കാള്‍ ഇരുപത്തെട്ടു വയസ്സിന്റെ പ്രായക്കൂടുതലുണ്ട്. ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ പേരും രൂപവുമൊക്കെ മറന്നിരുന്നു. പക്ഷേ, ശങ്കരേട്ടന് ഇപ്പോള്‍ അറിയാം ആരാണ് ശ്രീനിവാസനെന്ന്. അദ്ദേഹം നേരെ വേദിയിലേക്ക് കയറിവന്ന് ശ്രീനിവാസന്റെ കൈപിടിച്ച് പറഞ്ഞു:
'അത് ഞാനായിരുന്നു കേട്ടോ!'
https://www.facebook.com/Malayalivartha
























