മലയാള സിനിമയ്ക്ക് പുതിയ രൂപ രേഖ... രണ്ട് കരാര്‍ ഒപ്പിടാന്‍ തയാറാകുന്നവര്‍ക്ക് മാത്രമേ ഭാവിയില്‍ സിനിമയുള്ളൂ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാ മേഖലയിലെ പല പീഡനകഥകളും പുറത്തുവരുന്നുണ്ട്. ഇങ്ങനെ പഴയ കഥകള്‍ നടിമാര്‍ വിളിച്ചു പറയാന്‍ തുടങ്ങിയതോടെ സിനിമാ ലോകം പ്രതിസന്ധിയിലുമായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും. ഭാവിയില്‍ പീഡന പരാതികളില്‍ കുടുങ്ങാതിരിക്കാനാണ് നീക്കം. ഓരോ സെറ്റിലും സ്ത്രീ പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് നിയമപരമായി ഉറപ്പാക്കാനുള്ള തന്ത്രം. ഇതിന്റെ രൂപ രേഖ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും തയ്യാറാക്കി കഴിഞ്ഞു. ഇതിന് നിയമ സാധുതയുണ്ടോയെന്ന് ഉറപ്പിക്കുകയാണ് ഇവര്‍.
നടിമാര്‍ക്ക് ഇനി സിനിമാ അഭിനയത്തിന് രണ്ട് കരാറുണ്ടാക്കാനാണ് നീക്കം. ഇതില്‍ ആദ്യത്തേത് അഭിനയിക്കാനുള്ള കരാര്‍ ഉറപ്പിക്കലാകും. ഈ കരാറില്‍ അവസരം ലഭിക്കാന്‍ ഒരു വിധത്തിലുള്ള ചൂഷണത്തിനും ഇരയായിട്ടില്ലെന്ന വാചകവും കാണും. നടി പാര്‍വ്വതി അടക്കമുള്ളവര്‍ കാസ്റ്റിങ് കൗച്ച് ആരോപണം ഉയര്‍ത്തിയതിനാലാണ്. സിനിമ പൂര്‍ത്തിയാകുമ്പോള്‍ നടിക്ക് കരാര്‍ തുക മുഴുവന്‍ നല്‍കും.
ഇതിന് മുമ്പ് സിനിമാ സെറ്റില്‍ ഒരു പീഡനത്തിനും ഇരായായിട്ടില്ലെന്ന സത്യവാങ്മൂലവും നിര്‍മ്മാതാവ് എഴുതി വാങ്ങും. ഭാവിയില്‍ സിനിമയിലെ അണിയറ പ്രവര്‍ത്തനവുമായി നടിമാര്‍ ആരോപണം ഉന്നയിക്കാതിരിക്കാനാണ് ഇത്. ഇത്തരത്തില്‍ രണ്ട് കരാര്‍ ഒപ്പിടാന്‍ സമ്മതിക്കുന്നവര്‍ക്ക് മാത്രമേ ഭാവിയില്‍ സിനിമ ലഭിക്കൂ. നിര്‍മ്മാതാക്കളും സംവിധായകരും ഇക്കാര്യത്തില്‍ ആശയ വിനിമയം പൂര്‍ത്തിയാക്കി കഴിഞ്ഞു. മുതിര്‍ന്ന അഭിഭാഷകരോട് ഇതിന്റെ നിയമ പ്രശ്‌നങ്ങള്‍ ചോദിച്ചിട്ടുമുണ്ട്.
നടിമാരുടെ കരാറുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ചില ആശങ്കകള്‍ പങ്കുവച്ചിരുന്നു. മലയാള സിനിമയിലെ തൊഴില്‍ സംസ്‌കാരം സ്ത്രീകളെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്ത്രീകള്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ചില പരാതികള്‍.
സിനിമയില്‍ ശരീരം അനാവൃതമാക്കേണ്ട സന്ദര്‍ഭത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടി വരുമ്പോള്‍ അവര്‍ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നല്‍കുന്ന കരാറില്‍ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴില്‍ മര്യാദയാണ്. നിര്‍മ്മാതാക്കളുടെ താല്‍പര്യാര്‍ത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകള്‍ക്കു പകരം വേതനം, തൊഴില്‍ സമയം, ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ കൂടി സ്ത്രീ പക്ഷത്തു നിന്നുപരിഗണിച്ചു കൊണ്ടുള്ള മാതൃകയില്‍ കരാറുകള്‍ പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നുവെന്നാണ് മഞ്ജുവിന്റെ സംഘടന പറയുന്നത്. ഈ അവസരം മുതലെടുത്ത് പുതിയ കരാറിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം.
വനിതാ സംഘടനയുടെ ആവശ്യങ്ങള്‍ നിര്‍മ്മാതാക്കള്‍ അംഗീകരിക്കും. ഇതിനൊപ്പം പീഡനമുണ്ടായിട്ടില്ലെന്ന് നടിമാരില്‍ നിന്ന് എഴുതി വാങ്ങുന്ന ക്ലോസും ഉള്‍പ്പെടുത്തും. ഇത് നിയമപരമായി രജിസ്റ്റര്‍ ചെയ്യിക്കുകയും ചെയ്യും. ഇതിലൂടെ സിനിമാ സെറ്റിലെ പീഡനങ്ങള്‍ക്ക് നിര്‍മ്മാതാവിനെ ആര്‍ക്കും പഴി ചാരാന്‍ പറ്റാത്ത അവസ്ഥയും വരും. ചെറുത്തുനില്‍പിന്റെ ശബ്ദങ്ങളെ വിലക്കുകളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചിരുന്നവരോട് സ്ത്രീകള്‍ ഉറക്കെ കലഹിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് സിനിമയിലെ വനിതാ സംഘടനാ പറയുന്നത്.
https://www.facebook.com/Malayalivartha
























