ദിലീപ്ആരാധകർക്ക് മറുപടിയുമായി ആഷിക്ക് അബു

ദിലീപ് ഫാൻസിന്റെ ഔദ്യോഗിക പേജ് ആയ ദിലീപ് ഓൺലൈനിൽ ആഷിക്ക് അബുവിനെതിരെ ദിലീപ് ആരാധകർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദിലീപിനെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ച സെബാസ്റ്റ്യൻ പോളിനെയും ശ്രീനിവാസനെയും വിമർശിച്ച് ആഷിക്ക് അബു എത്തിയത് ദിലീപ് ആരാധകർക്കിടയിൽ വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു.
ദിലീപ് ആരാധകർ കൂട്ടത്തോടെ ആഷിക്കിനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ ഫാന്‍സിന് മറുപടിയുമായി ആഷിക്ക് അബു രംഗത്തെത്തിയിരിക്കുകയാണ്. ആഷിക്ക് പറയുന്നതിങ്ങനെ;
മഹാരാജാസിൽ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വർണ്ണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിങ് മഹാരാജാസിൽ വെച്ചുനടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതും സൗഹൃദത്തിൽ ആവുന്നതും.
ഫാൻസ് അസോസിയേഷൻ രൂപപെടുന്നതിനു മുൻപ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ ഹോൾഡ് ഓവർ ആവാതിരിക്കാൻ മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് പല കൂട്ടമായി വിദ്യാർത്ഥികൾ തീയറ്ററുകളിൽ എത്തുകയും, കൗണ്ടർ ഫോയിലുകൾ സഹോദരന്റെ കയ്യിലും ആലുവ പറവൂർ കവലയിലെ വീട്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്.
തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ക്യാംപസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി.
എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പത്മിനിയ്ക്ക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം. നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.
https://www.facebook.com/Malayalivartha