ശിവഗംഗയ്ക്കായി നടൻ ജയസൂര്യ കാത്തുവെച്ച ആ രണ്ടു വലിയ സമ്മാനങ്ങൾ

നടൻ ജയസൂര്യ സമൂഹമാധ്യമങ്ങളിൽ സ്ഥിരസാന്നിധ്യമാണ്. അദ്ദേഹം എല്ലാക്കാര്യങ്ങളും ഫേസ്ബുക്കിലൂടെയുംമറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന ശിവഗംഗ റോഡിൽ ഗാനം ആലപിക്കുന്ന വിഡിയോ തന്റെ പേജിലൂടെ ജയസൂര്യ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
'ഈ മോൾടെ ഡീറ്റെയിൽസ് ഉള്ളവർ ഒന്ന്ഷെയർ ചെയ്യണേ...... പറയാതിരിക്കാൻ വയ്യ ഗംഭീരം' എന്ന അടിക്കുറിപ്പോടുകൂടിയാണ് ജയസൂര്യ ശിവഗംഗയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. തുടർന്ന് നിരവധി ആളുകൾ വീഡിയോ ഷെയർ ചെയ്യുകയും കുട്ടിയുടെ വിവരങ്ങൾ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.
അവർക്കൊക്കെ ഒരുപാട് നന്ദി രേഖപ്പെടുത്തിയ ജയസൂര്യ തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു. കായംകുളം സ്വദേശിയായ ശിവഗംഗയാണ് ആ മിടുക്കി. അവരുടെ അമ്മയാണ് ഫോൺ എടുത്തത്. ജയസൂര്യയാണ് ഫോണിലെന്നും മകളുടെ പാട്ട് കേട്ട് അഭിനന്ദനം അറിയിക്കാനാണ് വിളിച്ചതെന്നും പറഞ്ഞപ്പോൾ ആ അമ്മയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ബുദ്ധിമുട്ടാകില്ലെങ്കിൽ തന്റെ വീട്ടിൽ വരാമോയെന്നും ആ അമ്മയോടും മകളോടും ജയസൂര്യ ചോദിച്ചു. അവർ രാവിലെ തന്നെ ജയസൂര്യയുടെ വീട്ടിലെത്തി.
ശിവഗംഗയ്ക്കായി ജയസൂര്യ കാത്തുവച്ചിരുന്നത് രണ്ട് വലിയ സമ്മാനങ്ങളായിരുന്നു. ജീവിതത്തിൽ ഒരിക്കൽപോലും ഇങ്ങനെയൊരു നിമിഷം ശിവഗംഗ പ്രതീക്ഷിച്ചുകാണില്ല. ജയസൂര്യയുടെ അടുത്ത ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനും ഒപ്പം ആ സിനിമയിൽ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുമുള്ള അവസരം. ശിവഗംഗയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള ജയസൂര്യയുടെ കുറിപ്പ് ഇങ്ങനെ;
സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ .. ഇന്നലെ എഫ്ബിയിൽ കണ്ട ''ശിവഗംഗ'' എന്ന മോളാണ് , രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന നവാഗത സംവിധായകനായ "സാംജി ആന്റണി" സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന "ഗബ്രി" എന്ന ചിത്രത്തിലെ ഗായിക...
(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.) മോൾടെ വിവരങ്ങൾ തന്ന എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും.
https://www.facebook.com/Malayalivartha