ദിലീപ് ചിത്രം രാമലീല ഈ മാസം 28ന് തിയേറ്ററുകളില്‍; ജാമ്യത്തിനായി കാത്തിരിക്കാതെ അണിയറ പ്രവര്‍ത്തകര്‍: ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ആശങ്കയിലായ നിരവധി സിനിമാ പ്രവര്‍ത്തകരുണ്ട്. താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന രാമലീല, പ്രൊഫസര്‍ ഡിങ്കന്‍, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരാണ് ആകെ വെട്ടിലായത്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനുള്ള തയ്യാറെടുപ്പിലായിരുന്നു രാമലീല. അതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാൽ ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നാല് വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് അരുൺ ഗോപിയുടെ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ദിലീപ് അറസ്റ്റിലായതു മുതല്‍ ചിത്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു. ഈ മാസം 28നാണ് രാമലീല തിയേറ്ററുകളിലെതുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്.
ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.
13 കോടി രൂപ മുതല്‍ മുടക്കില്‍ രാമലീല നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടം, സംവിധായകന്‍ അരുണ്‍ ഗോപി എന്നിവരും റിലീസ് താമസിച്ചതിലുള്ള ആശങ്ക പങ്കുവെച്ചിരുന്നു. കേസില്‍ ദിലീപിന് ജാമ്യം കിട്ടുമെന്നും അപ്പോള്‍ റിലീസ് ചെയ്യാമെന്നുമായിരുന്നു ആദ്യ തീരുമാനങ്ങള്‍. അതിനാല്‍ പല തവണ ഡേറ്റ് മാറ്റി വെയ്‌ക്കേണ്ടിയും വന്നിരുന്നു. എന്നാലിപ്പോള്‍ സെപ്റ്റംബര്‍ 28 ന് റിലീസ് തീരുമാനിച്ചതായാണ് സൂചന. കേസില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ദിലീപിനനുകൂലമായ അനുതാപ തരംഗങ്ങള്‍ സിനിമയ്ക്കകത്തും പുറത്തും ശക്തമാകുന്നുണ്ട്. അതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷയുണ്ട്. ദിലീപ് ആരാധകരുടെ കൂട്ടമായ ദിലീപ് ഓണ്‍ലൈനാണ് റിലീസ് തീയതി പുറത്തു വിട്ടത്. ഇതിനെ സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാകും രാമലീലയെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha