മഞ്ജുവോ ദിലീപോ...വിജയം ആര്‍ക്കൊപ്പം?

യുദ്ധത്തിനൊരുങ്ങി മഞ്ജുവും ദിലീപും. മഞ്ജുവും ദിലീപും നിയമപരമായി വിവാഹമോചിതരായെങ്കിലും പരസ്പരം പോരിടുന്നത് ആരാധകര്‍ക്ക് പരിചിതമില്ല. എന്നാല്‍ ഇപ്പോള്‍ ഇരുവരും ഏറ്റുമുട്ടാന്‍ ഒരുങ്ങിക്കഴിഞ്ഞു. പക്ഷേ ജയിലിലോ കോടതി വരാന്തയിലോ ഒന്നുമല്ല ഇരുവരും പരസ്പരം മത്സരിക്കുന്നത്. തിയേറ്ററുകളിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ദിലീപിന്റെ രാമലീലയും മഞ്ജുവിന്റെ ഉദാഹരണം സുജാതയും ഒരേദിനമാണ് പുറത്തിറങ്ങുന്നത്. സെപ്റ്റംബര്‍ 28-ന് തന്നെ ഇരുചിത്രങ്ങളും തിയേറ്ററുകളിലെത്തും. രാമലീലയും ഉദാഹരണം സുജാതയും ദിലീപിനും മഞ്ജുവിനും തുല്യപ്രാധാന്യമുള്ള ചിത്രങ്ങളാണ്. ഇരു ചിത്രങ്ങളും ഒരേ ദിനം തന്നെ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് കണ്ടറിയണം. വിജയവും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി ചിത്രം അവസാന ഘട്ടത്തിലായ സാഹചര്യത്തിലാണ് ദിലീപ് അറസ്റ്റിലാകുന്നത്. ദിലീപ് അറസ്റ്റിലായതോടെ ചിത്രം തിയേറ്റര്‍ കാണില്ലെന്ന് ഉറപ്പിച്ചു. ഇതോടെ വെട്ടിലായത് രാമലീലയുടെ അണിയറ പ്രവര്‍ത്തകരായിരുന്നു. 14 ലക്ഷം മുതല്‍ മുടക്കിലുള്ള ചിത്രം കൂടിയാണ്. കേസില്‍ ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി. ദിലീപിന് ജാമ്യം കിട്ടുന്നത് വരെ ചിത്രത്തിന്റെ റിലീസ് നീട്ടി വെയ്ക്കുകയായിരുന്നു നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. എന്നാല്‍ ദിലീപിന് ജാമ്യം ലഭിക്കുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് ഈ മാസം 28-ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചു.
പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ദിലീപിന്റെ രണ്ടാമത്തെ ചിത്രം. ചിത്രത്തില്‍ രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. അമ്മയായി രാധിക ശരത്കുമാറും എത്തും.
24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് രാമലീല. സിദ്ദീഖ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനില്‍ മുരളി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സച്ചിയുടെ തിരക്കഥയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാള്‍ സംഗീതവും നിര്‍വ്വഹിക്കും. ഛായാഗ്രഹണം ഷാജികുമാറും കലാസംവിധാനം സുജിത്ത് രാഘവും നിര്‍വ്വഹിക്കും.
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. തികച്ചും വ്യത്യസ്ത ഗെറ്റപ്പിലാണ് മഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലും ഈ ഗെറ്റപ്പ് തന്നെയാണ്.
കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കളക്ടറായി മംമ്ത മോഹന്‍ദാസും വേഷമിടുന്നു. നെടുമുടി വേണു, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജ്ജും ചേര്‍ന്നാണ് നിര്‍മ്മാണം. നവീന്‍ ഭാസ്‌കറാണ് തിരക്കഥ. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. മധു നീലകണ്ഠനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha