'വില്ലൻ' ഒക്ടോബറിൽ

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വില്ലൻ ഒക്ടോബർ 27 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പല വാർത്തകളും പ്രചരിക്കുന്നതിനിടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.
ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. 'ഗുഡ് ഈസ് ബാഡ്' എന്നാണ് സിനിമയുടെ ടാഗ്‍ലൈൻ.സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. തമിഴ് നടൻ വിശാൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു.
പുലിമുരുകനിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ ആണ് ഈ സിനിമയുടെയും സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് വില്ലൻ.
പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് വില്ലൻ. വിണ്ണൈ താണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറമാനായ മനോജ് പരമഹംസയാണ് ഛായാഗ്രഹണം.
സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 25–30 കോടിയാണ്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെർഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക.
ചിത്രം നിർമിക്കുന്നത് ബജ്‌രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമിച്ച റോക്‌ലൈൻ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോര്‍ മ്യൂസിക്. വസ്ത്രലങ്കാരം –പ്രവീൺ വർമ
https://www.facebook.com/Malayalivartha