തിയേറ്ററിലെത്തിയ ശേഷം കത്രിക വയ്ക്കുന്നതിന്റെ അവസാന ഇര സോളോ

ഏറെ കാലത്തിന് ശേഷം ഒരു സിനിമയുടെ ക്ലൈമാക്‌സ് വിവാദമായിരിക്കുന്നു. സംവിധായകന്‍ അറിയാതെ നിര്‍മാതാവ് ക്ലൈമാക്‌സ് വെട്ടിമാറ്റിയതോടെയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം ശ്രദ്ധേയമാകുന്നത്. നാല് കഥകളുടെ ആവിഷ്‌കാരമായ സോളോയുടെ ആദ്യഷോ കഴിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ അടക്കം നിരാശരായിരുന്നു. രണ്ടാം ദിനം മുതല്‍ കളക്ഷനിലും കുറവ് വന്നു. തുടര്‍ന്ന് നിര്‍മാതാവ് എബ്രഹാം മാത്യൂ സംവിധായകന്റെ അനുമതിയില്ലാതെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തു. പ്രേക്ഷകര്‍ക്കോ , സമൂഹത്തിനോ യോജിക്കാത്ത ക്ലൈമാക്‌സാ യതിനാലാണ് വേള്‍ഡ് ഓഫ് രുദ്രയുടെ അവസാനം എഡിറ്റ് ചെയ്തത്.
എഡിറ്റ് ചെയ്ത വേര്‍ഷന്‍ തിയേറ്ററിലെത്തിയതോടെ കളക്ഷനില്‍ 50 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായതായി നിര്‍മാതാവ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ നിര്‍മാതാവിനെതിരെ നായകന്‍ ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ബിജോയി നമ്പ്യാരും രംഗത്തെത്തി. താന്‍ ചെയ്ത സിനിമയില്‍ മാറ്റം വരുത്തിയതിനോട് യോജിക്കാനാവില്ലെന്നും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ബിജോയി ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ സംവിധായകനൊപ്പമാണ് താനെന്ന് വ്യക്തമാക്കി ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റെത്തി. നല്ല സിനിമയെ കൊല്ലരുതേ എന്ന് താരം തന്റെ പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
തിയേറ്ററിലെത്തിയ ശേഷം സിനിമകളില്‍ കത്രികവയ്ക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ച ഹരികൃഷ്ണന്‍സിന്റെ ക്ലൈമാക്‌സ് തിയേറ്ററിലെത്തിയ ശേഷം വിവാദമായതിനെ തുടര്‍ന്ന് വെട്ടിമാറ്റുകയായിരുന്നു. മമ്മൂട്ടിക്ക് ആരാധകര്‍ കൂടുതലുള്ള മലബാറിലും മറ്റും നായിക ജൂഹി ചൗളയെ മമ്മൂട്ടി വിഹാഹം കഴിക്കുന്നതായും മോഹന്‍ലാലിന് ആരാധകവൃന്ദമുള്ള തിരുവനന്തപുരത്തും മറ്റും മോഹന്‍ലാല്‍ നായികയെ വിവാഹം കഴിക്കുന്നതായുമാണ് റിലീസ് ചെയ്തത്.
ഇതോടെ ഇരട്ട ക്ലൈമാക്‌സിനെതിരെ സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തി. എഡിറ്റിംഗ് ടേബിളില്‍ പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് സംവിധായകന്‍ ഫാസിലും നിര്‍മാതാവ് സുചിത്ര മോഹന്‍ലാലും തടിതപ്പുകയായിരുന്നു അന്ന്.
https://www.facebook.com/Malayalivartha