ആഹാരത്തിൽ തലമുടി കിടന്നതിന് മുടി മുറിച്ചുമാറ്റി,ആർത്തവസമയങ്ങളിൽ മുറിക്കുള്ളിൽ പൂട്ടിയിട്ടു.. ഓരോ തവണയും മരുമകന്റെയും അമ്മയുടെയും ക്രൂരതകൾ ക്ഷമിച്ചതിൽ തീരാദുഃഖത്തിൽ ഈ കുടുംബം, ഊമയായ 29കാരിയുടെ മരണത്തിൽ ദുരൂഹത
ഭർത്തൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച ഭിന്നശേഷിക്കാരിയായ നാലാഞ്ചിറ മുണ്ടയ്‌ക്കൽ ലെയ്ൻ കൃഷ്‌ണഭവനിൽ ശ്യാമ (29) സ്ത്രീധനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ നേരിട്ടത് ക്രൂരപീഡനമെന്ന് വീട്ടുകാർ.
ഇക്കഴിഞ്ഞ ആറിന് പുലർച്ചെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിലാണ് ശ്യാമയെയും മകൾ ആദ്യശ്രീയെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. ചികിത്സയിലിരിക്കെ ഇരുവരും മരിച്ചു. ആറുവർഷം മുമ്പായിരുന്നു ശ്യാമയുടെ വിവാഹം.
വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്തൃഗൃഹത്തിൽ നിന്ന് ക്രൂരമായ പീഡനം ശ്യാമയ്ക്ക് നേരിടേണ്ടിവന്നുവെന്ന പിതാവ് ആരോപിച്ചു. അന്ധവിശ്വാസങ്ങളുടെ പേരിലും മകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഒരുതവണ ആഹാരത്തിൽ മുടി കിടന്നെന്നാരോപിച്ച് ശ്യാമയുടെ മുടി വിനീത് മുറിച്ചുമാറ്റിയെന്നും ആരോപിച്ചു. മകൾക്കും കുട്ടിക്കും ആവശ്യമുള്ള യാതൊന്നും വാങ്ങി നൽകിയിരുന്നില്ല. മകളെ പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കാനും അനുവദിച്ചിരുന്നില്ല. മകൾ ആത്മഹത്യചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മോഹനൻ പറയുന്നു.
ആറുവർഷം മുമ്പാണ് ഫൈൻ ആർട്സ് ബിരുദധാരിയായ മകളെ ഭിന്നശേഷിക്കാരനായ ആറൻമുള കോഴിപ്പാലം 'ശ്രീവൃന്ദ" യിൽ വിനീത് വിശ്വനാഥിന് വിവാഹം ചെയ്തു കൊടുത്തത്. അറുപത് പവൻ സ്വർണം സ്ത്രീധനമായി നൽകിയിരുന്നു. വിവാഹത്തിന്റെ തൊട്ടടുത്തദിവസം തന്നെ സ്വർണം ബാങ്ക് ലോക്കറിലേക്ക് മാറ്റിയ വിനീതിന്റെ വീട്ടുകാർ അന്ധവിശ്വാസങ്ങളുടെ പേരിൽ മകളെ ക്രൂരമായി പീഡിപ്പിച്ചതായി പിതാവ് മോഹനൻ മലയാളിവർത്തയോട് പറഞ്ഞു.
ശ്യാമയുടെ കാലിന് വൈകല്യമുണ്ടെന്ന നിലയിൽ പരിശോധന നടത്തി അപമാനിച്ചു. വിവാഹസമയത്ത് പന്തളത്തെ ആശുപത്രി ജീവനക്കാരനായിരുന്ന വിനീതിനെ സഹപ്രവർത്തകയെ മർദ്ദിച്ചതിന് അവിടെനിന്ന് പുറത്താക്കിയിരുന്നു. പിന്നീട് എംപ്ളോയ്മെന്റ് എക്‌സ്ചേഞ്ച് മുഖാന്തരം ഭിന്നശേഷിക്കാർക്കായുള്ള നിയമനത്തിലാണ് വനംവകുപ്പിൽ താത്ക്കാലിക ജോലി ലഭിച്ചത്. കൂടാതെ വിവാഹശേഷം കുട്ടികളില്ലാതിരുന്ന ഇവർക്ക് മൂന്നുവർഷത്തോളം ലക്ഷങ്ങൾ ചികിത്സയ്‌ക്കായി ചെലവഴിച്ചതും ശ്യാമയുടെ പിതാവാണ്. കുഞ്ഞ് ജനിച്ചശേഷവും വിനീതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. പ്രസവം കഴിഞ്ഞ് നാലുമാസം പിന്നിടുംമുമ്പേ വിനീത് ശ്യാമയെ മർദ്ദിച്ചു. ഒരുതവണ ആഹാരത്തിൽ മുടി കിടന്നെന്നാരോപിച്ച് ശ്യാമയുടെ മുടി മുറിച്ചുമാറ്റിയ വിനീത് അതിന്റെ പേരിൽ മർദ്ദിച്ചതായും വീട്ടുകാർ പറയുന്നു. ഭാര്യയ്ക്കോ കുഞ്ഞിനോ യാതൊന്നും വാങ്ങി നൽകാനോ നല്ല രീതിയിൽ സംരക്ഷിക്കാനോ കൂട്ടാക്കാതിരുന്നത് പലതവണ ദാമ്പത്യപ്രശ്‌നങ്ങൾക്കും പിണങ്ങിപ്പിരിയലുകൾക്കും കാരണമായെങ്കിലും ബന്ധുക്കൾ ഇടപെട്ട് പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു.
പഠിക്കാനോ പി.എസ്.സി പരീക്ഷകൾ എഴുതാനോ ശ്യാമയെ വിനീത് അനുവദിച്ചിരുന്നില്ല. കുഞ്ഞിന് സുഖമില്ലാത്തതിനാൽ ഏപ്രിൽ പകുതി മുതൽ തിരുവനന്തപുരത്തെ വീട്ടിലായിരുന്ന ശ്യാമയെ അടുത്തമാസം നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തിന്റെ പേരിൽ ഈ മാസം രണ്ടിനാണ് വിനീത് കോഴിപ്പാലത്തേക്ക് കൊണ്ടുപോയത്. ഭർത്തൃവീട്ടിലേക്ക് പോയ ശ്യാമയ്‌ക്ക് ഫോൺ ചാർജ് ചെയ്ത് നൽകാൻ പോലും വിനീത് തയ്യാറായിരുന്നില്ലെന്ന് മോഹനൻ ആരോപിച്ചു.
മേയ് 5ന് വൈകുന്നേരമാണ് മകളോട് മോഹനൻ അവസാനമായി സംസാരിച്ചത്. വീഡിയോകാളിലൂടെ കണ്ടപ്പോൾ മകൾ സന്തോഷവതിയായിരുന്നു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മോഹനൻ വെളിപ്പെടുത്തി. നേരം ഇരുട്ടിവെളുക്കുംമുമ്പാണ് മകൾക്കും കുഞ്ഞിനും പൊള്ളലേറ്റ വാർത്തയെത്തിയത്.സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നും ശ്യാമയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് മോഹനനും കുടുംബവും.
https://www.facebook.com/Malayalivartha