നിബന്ധനകൾ കടുപ്പിച്ച് യുഎഇ; യുഎഇയിലെ മറ്റു എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു ഇനിമുതൽ ഇഡിഇ സ്കാനർ പരിശോധന നിർബന്ധമാക്കുന്നു, രോഗമില്ലെന്നു ഉറപ്പുവരുത്തിയ ശേഷമേ പ്രവേശനം അനുവദിക്കുകയുള്ളു

ക്രിസ്മസ് ന്യൂഇയർ ആഘോഷരാവുകൾക്ക് ഒരുങ്ങുകയാണ് യുഎഇ. ഈയൊരവസരത്തിലാണ് ഒമിക്രോൺ കണ്ടെത്തിയതായുള്ള വാർത്തകളും പുറത്ത് വരുന്നത്. ഇതിനുപിന്നാലെ വീണ്ടും നിബന്ധനകൾ കടുപ്പിക്കുകയാണ് അധികൃതർ. വിവിധ എമിറേറ്റുകൾ വിവിധ നിബന്ധനകൾ പ്രഖ്യാപിക്കുമ്പോൾ ആകെ കുഴഞ്ഞിരിക്കുകയാണ് പ്രവാസികൾ.
ആഘോഷിക്കാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുകൾ നൽകും മുന്നേ തന്നെ മറ്റൊരു പ്രധാന നിർദ്ദേശം നൽകാം. അതായത് യുഎഇയിലെ മറ്റു എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു ഇനിമുതൽ ഇഡിഇ സ്കാനർ പരിശോധന നിർബന്ധമാക്കുകയാണ്. ഈ മാസം 19 മുതൽ അതിർത്തികളിൽ പരിശോധന നടത്തുമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്.
വ്യക്തിഗത വിവരങ്ങളൊന്നും തന്നെ ശേഖരിക്കാതെയുള്ള ഈ പരിശോധനയിൽ ഫലം ഉടൻ അറിയാനും സാധിക്കും. ഇഡിഇയിൽ ചുവപ്പ് തെളിയുന്നവരെ 20 മിനിറ്റിനകം ഫലമറിയാവുന്ന സൗജന്യ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കുകയും ചെയ്യും. രോഗമില്ലെന്നു ഉറപ്പുവരുത്തിയ ശേഷമേ പ്രവേശനം അനുവദിക്കുകയുള്ളു. രോഗം സ്ഥിരീകരിച്ചാൽ തന്നെ ക്വാറന്റീനിലേക്കു മാറ്റുന്നതായിരിക്കും. തുടർച്ചയായ കോവിഡ് പരിശോധനകളിലൂടെ രോഗികളെയും സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും കണ്ടെത്തി നടപടി സ്വീകരിക്കുകയാണ്.
കൂടാതെ എമിറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു ഗ്രീൻ പാസ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഉയർന്ന വാക്‌സിനേഷൻ നിരക്ക് ഉൾപ്പെടെ പ്രതിരോധ, മുൻകരുതൽ നടപടികളിലൂടെ രോഗവ്യാപന തോത് അബുദാബിയിൽ വളരെ കുറവാണ്. ഇതു നിലനിർത്താനാണ് അതിർത്തിയിൽ പരിശോധന നിർബന്ധമാക്കാൻ ഒരുങ്ങുന്നത്.
അതോടൊപ്പം തന്നെ മാളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, സിനിമ ശാലകൾ എന്നിവ ഉൾപ്പെടെ അബുദാബിയിലെ പൊതു സ്ഥലങ്ങളിൽ ഇഡിഇ സ്കാനർ പരിശോധന നിലവിൽ വന്നിട്ടുണ്ട്. രാജ്യത്ത് രോഗവ്യാപന തോതിൽ വർധന പ്രകടമായ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. നേരത്തെ അതിർത്തിയിലെ റാപ്പിഡ് പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. കോവിഡ് കുറഞ്ഞതോടെ എടുത്തുകളഞ്ഞ നിയന്ത്രണമാണ് പുനരാരംഭിക്കുന്നത്.
അതേസമയം, അധികൃതർ മുന്നോട്ട് വച്ച പ്രധാന നിബന്ധനകൾ ഇവയാണ്...
∙ 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം വേണം
∙ വേദിയുടെ ശേഷിയിൽ 80% പേർക്കാണ് അനുമതി.
∙ പ്രവേശന കവാടത്തിൽ താപനില പരിശോധിക്കണം.
∙ ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലത്ത് മാസ്ക് നിർബന്ധം.
∙ പൊതുസ്ഥലത്ത് 1.5 മീറ്റർ അകലം പാലിക്കണം. കുടുംബാംഗങ്ങൾക്കിടയിൽ അകലം വേണ്ട
∙അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ള ഏതു പ്രായക്കാർക്കും പങ്കെടുക്കാം
∙ വാക്സീൻ/ബൂസ്റ്റർ ഡോസ് 14 ദിവസത്തിനു മുൻപ് എടുത്തവരാകണം.
∙ ഹസ്തദാനം, ആലിംഗനം പാടില്ല, അകലം പാലിച്ച് ആശംസയാകാം.
∙ ഫോട്ടോ എടുക്കുമ്പോഴും അകലം പാലിക്കണം. പൊതു നിയമവും അതതു എമിറേറ്റിലെ പ്രത്യേക നിയമവും പാലിക്കണം.
∙ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും.
https://www.facebook.com/Malayalivartha

























