നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ; കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് എല്ലാ ജോലിക്കാരും ജോലി സ്ഥലങ്ങളിൽ എത്തണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു, 30 പേരിൽ കൂടുതലള്ള സ്ഥാപനങ്ങളിൽ മീറ്റിങ്ങുകൾ നടത്തുന്നത് ഓൺലൈൻ വഴിയായിരിക്കണം, കൂടുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ....

ഗൾഫ് രാഷ്ട്രങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രത്യേകിച്ച് ഖത്തറിൽ പ്രതിദിനം 5000 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യ പോലും ഉണ്ടായി. എന്നാൽ ഇപ്പോൾ ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. പ്രതിദിന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതിനുപിന്നാലെ ഒമിക്രോൺ വ്യാപനം മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഖത്തർ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമിർ അബ്ദുല്‍ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഓൺലൈനായി ആയിരുന്നു യോഗം ചേർന്നത്. ഈ യോഗത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതായത് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് എല്ലാ ജോലിക്കാരും ജോലി സ്ഥലങ്ങളിൽ എത്തണം. ജോലി സ്ഥലങ്ങളിൽ എത്തുന്ന എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണം. 30 പേരിൽ കൂടുതലള്ള സ്ഥാപനങ്ങളിൽ മീറ്റിങ്ങുകൾ നടത്തുന്നത് ഓൺലൈൻ വഴിയായിരിക്കണം എന്നും അധികൃതർ പറഞ്ഞു. സർക്കാർ ജീവനക്കാർ ജോലിക്ക് എത്തുമ്പോൾ വാക്സിൻ സ്വീകരിക്കാത്തവർ ആണെങ്കിൽ ആഴ്ചയിൽ പിസിആർ പരിശോധന നടത്തണം. രണ്ട് ഡോസ് കാവാവധി പൂർത്തിയായിട്ടില്ലെങ്കിലും നിയമം ബാധകമാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആണെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ തയ്യാറായി മുന്നോട്ട് വരണം എന്നും അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്.
ഇതുകൂടാതെ സിനിമാ തിയേറ്ററുകളിൽ 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ ആണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. വരുന്നവർ എല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണം എന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ രാജ്യത്തെ ഷോപ്പിങ് മാളുകളിൽ കുട്ടികൾക്ക് മുതിർന്നവർക്കും പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. നൂറ് ശതമാനം ശേഷിയിൽ പ്രവേശിക്കാൻ ആണ് അനുമതി നൽകിയിട്ടുള്ളത്. കുട്ടികൾക്കും വാക്സിൻ സ്വീകരിക്കാത്ത മുതിർന്നവർക്കും ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. മാളുകളിലെ ഭക്ഷണശാലകളിൽ 50 ശതമാനം ശേഷിയിൽ ആളുകളെ പ്രവേശിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, പള്ളികളിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശിക്കാനും അനുമതി നൽകി. ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. സ്‌കൂളുകളിൽ നിലവിൽ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. ഇത് വീണ്ടും ഓഫ്‌ലൈനാകുന്നതായിരിക്കും. അതേസമയം മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും. ഖത്തറിൽ ഒരാഴ്ചയായി കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇന്ന് 2204 പേർക്കാണ് ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























