സൗദിയിൽ മിന്നൽ പ്രളയത്തിന് കാരണമായേക്കാവുന്ന ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ മുന്നറിയിപ്പ്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്

സൗദി അറേബ്യയിൽ കാലാവസ്ഥ മാറ്റം രൂക്ഷമാകുകയാണ്. വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും ഇത് ചില പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് കാരണമായേക്കാമെന്നുമാണ് മുന്നറിയിപ്പ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മക്ക മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും മിന്നൽ പ്രളയത്തിന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ സൂചിപ്പിച്ചു. മക്ക മേഖലയിൽ നേരിയതോ മിതമായതോ ആയ മഴയും വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, പൊടികാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അസീർ, ജസാൻ മേഖലകളെയും സാമാന്യം ശക്തമായ മഴ ബാധിക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും താഴ്‌വരകളും കൂടിച്ചേരുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ടുകളിൽ നിന്ന് മാറി നിൽക്കേണ്ടതിന്റെപ്രാധാന്യവും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് അഭ്യർഥിച്ചു. റിയാദ് മേഖലയിൽ മിതമായതോ കനത്തതോ ആയ മഴയ്ക്കാണ് സാധ്യത. അൽ ഖസിം, മദീന, നജ്‌റാൻ മേഖലകളിൽ മേഖലകളിൽ മിതമായ മഴ ലഭിക്കും.
ഡിസംബർ മാസത്തിന്റെ ആദ്യദിവസം തന്നെ സൗദിയിൽ ശീതകാലത്തിന് തുടക്കമിടുമെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി വക്താവ് പറഞ്ഞു. തണുപ്പ് കാലത്തിന് മുന്നോടിയായി ആദ്യമായി ശീതരംഗമെത്തുന്നത് സൗദിയുടെ വടക്ക്, കിഴക്ക്, മധ്യ പ്രദേശങ്ങളിലായിരിക്കും. ഈ മേഖലകളിൽ അന്തരീക്ഷ ഊഷ്മാവ് 6 മുതൽ 2 ഡിഗ്രി സെൽഷ്യസ് ആയി ഈ ദിവസങ്ങളിൽ മാറിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
യുഎഇയിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മഴ പെയ്തു. അബുദാബി, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലാണ് നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ അബുദാബി തീരത്ത് മേഘങ്ങൾ രൂപപ്പെടുകയും തുടർന്ന് അൽ ദഫ്ര മേഖലയിലെ ഘിയാത്തിയിൽ നേരിയ മഴ പെയ്യുകയുമായിരുന്നുവെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) അറിയിച്ചു. ഉച്ചയ്ക്ക് 1.38ന് റാസൽഖൈമയിൽ മേഘാവൃതമായ കാലാവസ്ഥയും അൽ റംസ്, വാദി ഹഖീൽ, ഖാട്ട്, ഗീലാൻ എന്നിവിടങ്ങളിൽ നേരിയ മഴയും അനുഭവപ്പെട്ടു.
അൽ ദഫ്ര, അൽ മഫ്‌റൗ, അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലും നേരിയ മഴ ലഭിച്ചു. ഷാം, ദിബ്ബ എന്നിവയുൾപ്പെടെ ഫുജൈറയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തി. അതിനിടെ, ദുബായിൽ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നുവെങ്കിലും മഴ പെയ്തിട്ടില്ല. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഒമാനില്‍ വരും ദിവസങ്ങളിൽ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ഇത് ദൂരക്കാഴ്ചയെ ബാധിക്കും.
കാലാവസ്ഥ വ്യതിയാനം ബാധിക്കാനിടയുള്ള സ്ഥലങ്ങളിലെ ആളുകളോട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത് കൂടാതെ കടല്‍ക്ഷോഭത്തിനും സാധ്യത നിലനിൽക്കുന്നുണ്ട്. മുസന്ദം തീരത്തും ഒമാന്‍ കടലിലും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഈ ദിവസങ്ങളില്‍ താപനിലയും കുറയും. ഡിസംബര്‍ 20 വരെ ഇത്തരത്തിൽ താപനിലയില്‍ കുറവുണ്ടായേക്കും.
https://www.facebook.com/Malayalivartha