വിസിറ്റ് വിസ നിയമം കർശനമാക്കിയ പിന്നാലെ അടുത്ത ഇരുട്ടടി, വിസ പുതുക്കാൻ എക്സിറ്റടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എടുത്ത് തിരികെ വരുന്ന പരിപാടി നടക്കില്ല, വിസ പുതുക്കാൻ ഇനി 30 ദിവസത്തെ ഇടവേള വേണം, രാജ്യം വിട്ടവരുടെ വിസ അപേക്ഷകൾ നിരസിച്ചതോടെ നാട്ടിലേക്ക് മടങ്ങി

യുഎഇ വിസ ലഭിക്കുന്നതിനും പുതുക്കാനും ചില മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. വിസിറ്റ് വിസയിൽ രാജ്യത്തേക്ക് എത്തണമെങ്കിൽ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം. നേരത്തെ സന്ദർശക വിസ കാലാവധി കഴിഞ്ഞവർ, എക്സിറ്റ് അടിച്ച് ഒമാനടക്കമുള്ള രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എടുത്ത് യുഎഇയിലേക്ക് തിരിച്ചെത്തുകയായിരുന്നു പതിവ്. എന്നാൽ ഇനി മറ്റ് രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വിസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്താമെന്ന സൗകര്യം താൽക്കാലികമായി നിർത്തി.
സന്ദർശക, ടൂറിസ്റ്റ് വിസ നിയമം പുതുക്കിയതിന് പിന്നാലെ, വിസ പുതുക്കാൻ ഇനി 30 ദിവസത്തെ ഇടവേള വേണമെന്നാണ് അധികൃതർ പറയുന്നത്. ദുബായ് എമിറേറ്റ് വിസ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യം വിട്ടവരുടെ അപേക്ഷകൾ നിരസിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ള വിസക്കാർക്ക് മറ്റ് രാജ്യങ്ങളിൽ എക്സിറ്റ് അടിച്ച് പുതിയ വിസയിൽ എത്താനുള്ള സൗകര്യം ലഭ്യമാകുന്നുണ്ട്. ദുബൈ എമിറേറ്റിലുള്ളവർക്കാണ് നിലവിൽ ഇത്തരത്തിലൊരു നിബന്ധന മുന്നോട്ടുവെച്ചിരിക്കുന്നത്.
അതേസമയം, രാജ്യം വിടാതെ തന്നെ രണ്ടു തവണ വിസ പുതുക്കാനുള്ള സൗകര്യം ദുബായിലുണ്ട്. യുഎഇയിൽ നിന്നുകൊണ്ട് ഒരു മാസത്തെ വിസ പുതുക്കാം. പക്ഷേ ഇതിന് ഫീസ് നിരക്ക് കൂടുതലാണ്. കീഷിം, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് വീസ പുതുക്കൽ വ്യവസ്ഥ പാലിക്കാനായി വിദേശികൾ പോകുന്നത്. ദുബായ് വിമാനത്താവളത്തിൽ നിന്ന് എക്സിറ്റ് അടിക്കുന്നതിനു പിന്നാലെ, വിസ പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. പുതുക്കിയ വിസയുമായി വീണ്ടും യുഎഇയിലേക്ക് മടങ്ങിയെത്തുന്നതായിരുന്നു രീതി.
എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരത്തിൽ പുതുക്കാൻ പോയ ദുബായ് വീസക്കാർക്ക് പുതിയ വിസ ലഭിച്ചില്ല. അതിനാൽ സന്ദർശക വിസ കാലാവധി കഴിഞ്ഞ് ദുബൈയിലേക്ക് തിരിച്ചുപോകാനാകാതെ ഇങ്ങനെ നിരവധിപേർ മറ്റ് രാജ്യങ്ങളിലെ വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ദുബൈയിലേക്ക് പുതിയ സന്ദർശക വിസക്ക് അപേക്ഷിച്ച ഇവരുടെയെല്ലാം അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. തുടർന്ന് ഇവരിൽ ഭൂരിഭാഗവും ഇമിഗ്രേഷനിൽ രേഖകൾ ഹാജരാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. സ്വന്തം രാജ്യത്ത് നിന്ന് മാത്രമേ ഇവർക്ക് തിരികെ വരാൻ കഴിയൂ. ഇങ്ങനെയുള്ളവർ പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ 30 ദിവസത്തിന് ശേഷമാണ് അനുമതി ലഭിക്കുന്നതെന്ന് ട്രാവൽ കമ്പനികൾ അറിയിച്ചു.
ഒരാഴ്ച മുൻപാണ് സന്ദർശക വിസയുടെ കാര്യത്തിൽ ദുബായ് പരിഷ്കാരം ഏർപ്പെടുത്തിയത്. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസസ്ഥലത്തിന്റെ വിവരവും മടക്കയാത്ര ടിക്കറ്റും നൽകണം. അല്ലാത്ത അപേക്ഷകൾ നിരസിക്കും. വിസ ലഭിക്കുന്നതിനായി യുഎഇ എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് വിശദമായി നോക്കാം. ദുബായിൽ രക്തബന്ധമുള്ളവരെ കൊണ്ടുവരാനുള്ള ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ വാടക കരാർ നിർബന്ധമാക്കി. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
30 ദിവസത്തെ വിസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ 1 മുതൽ 30 ദിവസം വരെയുള്ള ഏത് ഹോട്ടൽ ബുക്കിങ് കാലയളവും സ്വീകാര്യമാണ്. 60 ദിവസത്തെ വിസാ അപേക്ഷയാണെങ്കിൽ ഹോട്ടൽ ബുക്കിങ് കാലയളവ് 35 മുതൽ 60 ദിവസത്തേയ്ക്കായിരിക്കണം. കൂടാതെ മടക്ക ടിക്കറ്റും ഉണ്ടായിരിക്കണം. ഹോട്ടൽ ബുക്കിങ്ങിലെ തീയതികളും റൗണ്ട് ട്രിപ്പ് ടിക്കറ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അറ്റാച്ച് ചെയ്ത രേഖകൾ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കാരണം വ്യക്തമാക്കാതെ ഇമിഗ്രേഷൻ അപേക്ഷകൾ നിരസിച്ചേക്കാം. അനാവശ്യമായ കാലതാമസങ്ങളോ നിരസിക്കലുകളോ ഒഴിവാക്കാൻ ഈ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് അധികൃതർ അറിയിച്ചത്.
https://www.facebook.com/Malayalivartha