സഹായവാഗ്ദാനം നല്‍കി അടുത്തുകൂടി പീഡനത്തിന് ശ്രമിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ പീഡനത്തിന് ശ്രമിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി. മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരെ നടക്കാവ് പൊലീസിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ആശുപത്രിയിലെ ബില്‍ അടയ്ക്കാന്‍ സഹായിക്കാമെന്നു പറഞ്ഞ് ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ ബില്‍ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടായിരുന്നു. അതിനാല്‍ ഡിസ്ചാര്‍ജ് ആയി 20 ദിവസമായിട്ടും ആശുപത്രിയില്‍നിന്നു പോകാന്‍ സാധിച്ചില്ല. വാടകവീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ച് ഒരു വിഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയില്‍ എത്തിയതെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മരുന്നുകള്‍ വാങ്ങി നല്‍കി. മടങ്ങുമ്പോള്‍, വയനാട്ടില്‍ പോയി മുറിയെടുക്കാമെന്നും കൂടുതല്‍ അടുത്താല്‍ ഇനിയും സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പരാതിയിലുണ്ട്. ആശുപത്രിയില്‍ തിരിച്ചെത്തിച്ച ശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടര്‍ന്നു. പെണ്‍കുട്ടി എതിര്‍ത്തതോടെ, പണം നല്‍കാന്‍ സാധിക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ അയച്ച അശ്ലീല സന്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. ഇതിനിടെ, സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ഉള്‍പ്പെടെയുള്ളവരുടെ േനതൃത്വത്തില്‍ ആശുപത്രിയില്‍ പണം അടച്ചശേഷം പെണ്‍കുട്ടിയുടെ പിതാവിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ക്കു പുതിയ വാടക വീടും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha