റമദാൻ മാസം പകൽ സമയത്ത് റെസ്റ്റോറൻ്റുകളിൽ ഭക്ഷണം വിളമ്പുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഷാർജ മുനിസിപ്പാലിറ്റി

പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും നിയന്ത്രണണേർപ്പെടുത്തി ഷാർജ. റമദാൻ മാസത്തോടനുബന്ധിച്ചാണ് തീരുമാനം. ഇഫ്താറിന് മുമ്പ് കടകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനും ചില നിയന്ത്രണങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. റമദാൻ പകൽ സമയങ്ങളിൽ റെസ്റ്റോറൻ്റുകളിലും മാളുകളിലും ഭക്ഷണം വിളമ്പരുത്.
അതേ സമയം പാർസലായി വിൽപ്പന നടത്താൻ അനുമതി നൽകും. അടുക്കളകളിൽ വച്ച് മാത്രമേ ഭക്ഷണം തയ്യാറാക്കാൻ പാടുള്ളൂ എന്നതാണ് മറ്റൊരു നിബന്ധന. തുറസ്സായ ആളുകൾ കാണുന്ന സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ പാടില്ല എന്നെല്ലാമാണ് അറിയിപ്പ്. റമദാൻ മാസത്തിലെ പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും പ്രത്യേക പെർമിറ്റുകൾ വിതരണം ചെയ്യുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
റമദാനിൽ ഇഫ്താറിന് മുമ്പ് ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഷാർജ അനുമതി നൽകുന്നുണ്ട്. എന്നാൽ പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ മുൻകൂർ അനുമതി നേടണം. നോമ്പുകാലത്ത് വ്യവസ്ഥകൾ പാലിച്ച് ഭക്ഷണം തയ്യാറാക്കാനും വിളമ്പാനും മുനിസിപ്പാലിറ്റി ഭക്ഷണശാലകൾക്ക് അനുമതി നൽകുമെന്നും ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ പോസ്റ്റിൽ അറിയിച്ചു.
ഭക്ഷണം തയ്യാറാക്കുകയും വിൽക്കുകയും ചെയ്യാനുള്ള അനുമതി ഷോപ്പിങ് മാളുകളിലേത് ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇതിന് മുനിസിപ്പാലിറ്റിയിൽനിന്ന് പ്രത്യേകം അനുമതി വേണം. സ്ഥാപനങ്ങളിൽ നിന്ന് 3,000 ദിർഹം പെർമിറ്റ് ഫീസ് ഈടാക്കും.
ഇഫ്താറിന് മുമ്പ് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി റെസ്റ്റോറൻ്റുകൾ, കഫറ്റീരിയകൾ, മധുരപലഹാര കടകൾ, ബേക്കറികൾ എന്നിവയ്ക്ക് നൽകും. വൃത്തിയുള്ള കണ്ടെയിനറുകളിൽ തുറക്കാനും അടയ്ക്കാനും കഴിയുന്ന ഗ്ലാസ്സ് ബോക്സിന് അകത്തായിരിക്കണം അവ സൂക്ഷിക്കേണ്ടത്. ഭക്ഷണത്തിൻ്റെ മണം പുറത്തേക്ക് വരരുത്. കുറഞ്ഞത് 100 സെൻ്റീമീറ്റർ ഉയരത്തിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കണം.
അലുമിനിയം ഫോയിൽ അല്ലെങ്കിൽ സുതാര്യമായ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് ഉചിതമായ താപനിലയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കണം. ശീതീകരിച്ചതോ ഫ്രീസുചെയ്‌തതോ ആയ രീതിയിൽ ഭക്ഷണം സൂക്ഷിക്കരുത്. ഇതിന് സ്ഥാപനങ്ങൾ 500 ദിർഹം പെർമിറ്റ് ഫീസ് നൽകണം.
മുനിസിപ്പൽ ഡ്രോയിങ് സെൻ്റർ (അൽ നസിരിയ), തസരീഹ് സെൻ്റർ, അൽ റഖാം വഹാദ് സെൻ്റർ, മുനിസിപ്പാലിറ്റി 24 സെൻ്റർ, അൽ സഖർ സെൻ്റർ, അൽ റോള സെൻ്റർ, അൽ ഖാലിദിയ സെൻ്റർ, അൽ സൂറ, അൽ ദിഖ സെൻ്റർ, സൈഫ് സെൻ്റർ, അൽ മലൂമത്ത് സെൻ്റർ, അൽ സാദ സെൻ്റർ, തൗജീഹ് സെൻ്റർ എന്നിവിടങ്ങളിൽ നിന്ന് പെർമിറ്റുകൾ ലഭിക്കുമെന്നും ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
അതേ സമയം ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി മാർച്ച് 1 ശനിയാഴ്ച റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും കൃത്യമായ തീയതി ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. റമദാൻ വ്രതം 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും.
https://www.facebook.com/Malayalivartha