ഉംറ നിര്‍വഹിക്കാനെത്തി മക്കയില്‍ വെച്ച് കാണാതായ മലയാളി തീര്‍ത്ഥാടകയെ കണ്ടെത്തി...

ഉംറ നിര്‍വഹിക്കാനെത്തി മക്കയില്‍ വെച്ച് കാണാതായ മലയാളി തീര്‍ത്ഥാടകയെ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പ് ഉള്ളിവീട്ടില്‍ റഹീമയെ (60) ആണ് ദിവസങ്ങൾ നീണ്ട ആശങ്കയ്ക്കൊടുവിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് റഹീമയെ കാണാതായത്. കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹറമിനു സമീപത്തു നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിൽ മകനും മരുമകളുമൊത്ത് ഹറമിൽ ത്വവാഫ് നടത്തിയതിനുശേഷം ഹോട്ടലിലേക്ക് മടങ്ങും വഴിയാണ് റഹിമ കൂട്ടം തെറ്റിപ്പോയത്.
ഹറമിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഖൂദൈ പാർക്കിനു സമീപത്തെ ബസ് സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് കണ്ടെത്തിയത്. തിരക്കേറിയ ഭാഗത്തെ തിരിച്ചിലിനിടെ ബസ് സ്റ്റേഷനിലെ ഒരു കോണിൽ ക്ഷീണിതയായി ഭയപ്പാടോടുകൂടി ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട മൂജീബ് പൂക്കോട്ടൂർ സമീപത്ത് ചെന്ന് വിവരം തിരക്കുകയായിരുന്നു. തുടർന്ന് റഹിമ മുജീബിന്റെ കൈകളിൽ മുറുകെ പിടിച്ച് കരഞ്ഞു. ഈ സമയം തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന മകൻ ഫനിൽ ആസാദ് ഓടി വന്നപ്പോൾ അണപൊട്ടിയൊഴുകുകയായിരുന്നു ദുഃഖം.
ആൾത്തിരക്കിൽ നടക്കുന്നതിനിടെ കൂട്ടം തെറ്റിപ്പോയെന്ന് മനസ്സിലാക്കിയതോടെയാണ് ബസ് സ്റ്റേഷനിൽ ഇരുന്നതെന്ന് റഹിമ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അതുവഴി വന്നവർ ജ്യൂസും വെള്ളവും ലഘുഭക്ഷണവുമൊക്കെ നൽകിയിരുന്നുവെന്നും മകന്റെയോ മറ്റുള്ളവരുടെയോ ഫോൺ നമ്പറോ താമസിക്കുന്ന ഇടത്തിന്റെ വിലാസമോ കൈവശമില്ലായിരുന്നുവെന്നും റഹിമ പറഞ്ഞു. തുടർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. അമ്മയെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും മകൻ ഫനിൽ ആസാദ് നന്ദി പറഞ്ഞു.
ബഹ്റൈനിൽ നിന്ന് 6 ദിവസം മുൻപാണ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പിൽ എത്തിയത്. റഹിമയെ കാണാതായതിനെ തുടർന്ന് പൊലീസും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ മക്കയിൽ സാധ്യമായ ഇടങ്ങളിൽ നേരിട്ടുള്ള തിരച്ചിലും അന്വേഷണവും നടത്തിയിരുന്നു. ഹറമിൽ വഴിതെറ്റി പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവന വിഭാഗത്തിന്റെ സഹായവും തേടിയിരുന്നു.
https://www.facebook.com/Malayalivartha