'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

ഷാർജയിൽ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകൾ വൈഭവിയുമാണ് ഷാർജയിലെ ഫ്ലാറ്റിൽ വച്ച് മരിച്ചത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. വിപഞ്ചിക സ്ത്രീധന പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അഭിഭാഷകൻ മനോജ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിവാഹദിവസം മുതൽ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കൂടുതൽ തെളിവുകളുണ്ടെന്നുമാണ് മനോജ് കുമാർ പറയുന്നത്.
മരിക്കുന്നതിന് മുൻപ് വിപഞ്ചിക ഫേസ്ബുക്കിൽ പങ്കുവച്ച ആത്മഹത്യാക്കുറിപ്പ് അപ്രത്യക്ഷമായതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. യുവതിയുടെ ഫോണും ലാപ്ടോപ്പും ഫ്ലാറ്റിൽ നിന്ന് കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല. ഞാൻ വേദനിക്കുമെന്ന് കരുതി അവൾ ഒന്നും തുറന്ന് പറഞ്ഞില്ല. ഞാനൊറ്റയ്ക്കാണ് അവളെ വളർത്തിയത്. ആ അവസ്ഥ തന്റെ കുഞ്ഞിന് വരരുതെന്ന് വിപഞ്ചിക ആഗ്രഹിച്ചിരുന്നു. അവൾ നാട്ടിൽ വന്നാൽ എല്ലാ പ്രശ്നങ്ങളും ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും. അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കിയതാണ്'- വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു.
അതേസമയം, വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ വിദേശകാര്യമന്ത്രി, ഷാർജയിലെ ഇന്ത്യൻ കോൺസുലേറ്റ്, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. തന്റെ കൊലയാളികളെ വെറുതെവിടരുതെന്ന് വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. ഭർത്താവ് നിതീഷ് മോഹനിൽ നിന്ന് നേരിട്ട അതിക്രൂര പീഡനങ്ങൾക്ക് പുറമേ ഭർത്തൃപിതാവ് മോഹനൻ വലിയവീട്ടിൽ, ഭർത്തൃസഹോദരി നീതു എന്നിവർക്കെതിരെയും ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളുണ്ട്. ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് മൃതദേഹങ്ങൾ. വൈഭവിയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. തെളിവ് ശേഖരിക്കേണ്ടതിനാൽ വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം നടന്നിട്ടില്ല.
സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയുടെ കുടുംബം പണമായി നല്‍കിയിരുന്നു. കല്യാണത്തിന് പിന്നാലെ തന്നെ സ്ത്രീധന തര്‍ക്കമുണ്ടായി. വീട്ടുകാര്‍ നല്‍കിയ രണ്ടര ലക്ഷം രൂപയില്‍ നിന്നും സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ പറഞ്ഞത് തര്‍ക്കത്തിന് കാരണമായി. ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു വിദ്യാഭ്യാസ ലോണ്‍. തങ്ങള്‍ തമ്മില്‍ നില്‍ക്കേണ്ട കാര്യം ലോകം മുഴുവന്‍ അറിയിച്ച ഭര്‍ത്താവ് നീതിഷിന് നാണം ഉണ്ടോയെന്നാണ് വിപഞ്ചികയുടെ ശബ്ദ സന്ദേശം. താന്‍ കട്ടിലിലും ഭര്‍ത്താവ് സോഫയിലും ആണ് കിടക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. വിവാഹമോചനത്തിന്റെ ആലോചനകള്‍ 2022 ലേ ആരംഭിച്ചിരുന്നു. വിവാഹമോചനത്തിനെ കുറിച്ച് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചിരുന്നുവെന്നും ശബ്ദരേഖ വ്യക്തമാക്കുന്നു. ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ ഇവര്‍ മൂന്നുപേരുമാണ് തന്റെ മരണത്തില്‍ പ്രതികളെന്നാണ് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാകുന്നുണ്ട്. കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി. കാര്‍ കൊടുത്തില്ല, ഇതിന്റെയൊക്കെ പേരില്‍ കൊല്ലാക്കൊല ചെയ്തു. നിതീഷിന്റെ അച്ഛന്‍ അപമര്യാദയായി പെരുമാറി. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്ക് വേണ്ടി കൂടിയാണ് തന്നെ കല്യാണം കഴിച്ചത് എന്ന് പറഞ്ഞു.കുഞ്ഞിനെയും തന്നെയും ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തി.
പട്ടിയെപ്പോലെ തല്ലിയെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും വിപഞ്ചിക പറയുന്നു.ഭര്‍തൃ സഹോദരി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കാറില്ല.മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു.നിതീഷിന് പരസ്ത്രീ ബന്ധമെന്നും കുറിപ്പിലുണ്ട്. എല്ലാം സഹിച്ചു ക്ഷമിച്ചു, കുഞ്ഞിനുവേണ്ടി പക്ഷേ ഇനി വയ്യ.അവരെ വെറുതെ വിടരുതെന്നും മടുത്തുവെന്നും പറഞ്ഞാണ് ആത്മഹത്യാക്കുറിപ്പ് അവസാനിപ്പിക്കുന്നത്. നിധീഷില്‍ നിന്നും ഏറ്റ ശാരീരിക പീഡനങ്ങളുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചു. മകള്‍ നേരിട്ട പീഡനങ്ങള്‍ തന്നോട് പറഞ്ഞിരുന്നില്ലെന്ന് വിപഞ്ചികയുടെ അമ്മ ശൈലജ വ്യക്തമാക്കുന്നു. നിതീഷിന്റെ പിതാവ് മോഹനന്‍ തന്നോടും മോശമായി പെരുമാറിയതായും ഷൈലജ പറഞ്ഞു.
സംഭവത്തില്‍ കേസെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരളാ പൊലീസ്. ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുക്കുക. ഇന്ന് തന്നെ ശൈലജയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷൈലജ ഇന്ത്യന്‍ എംബസി, കേന്ദ്ര വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, എംപി, ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കി. കോട്ടയം എസ്പി വിപഞ്ചികയുടെ മാതാവില്‍ നിന്ന് വിവരങ്ങള്‍ തേടി.
ഭര്‍ത്താവ് നിതീഷില്‍ നിന്നു പീഡനമേറ്റതിന്റെ ചിത്രങ്ങളും ശബ്ദം സന്ദേശങ്ങളും വിപഞ്ചിക മരണത്തിനു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവയൊക്കെ ഡിജിറ്റല്‍ തെളിവായി പൊലീസിന് നല്‍കിയിട്ടുമുണ്ട്. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുമുണ്ട്.
കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം ആണ് നടത്തിയത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നാണ് വിപഞ്ചിക കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തില്‍ ഒന്നാം പ്രതികള്‍ നാത്തൂനായ നീതു, നിതീഷ് മോഹന്‍ എന്നിവരും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനായ മോഹനന്‍ ആണെന്നും വ്യക്തമായി വിപഞ്ചിക രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃസഹോദരിക്കെതിരെയും ഗുരുതരമായ വെളിപ്പെടുത്തലാണ് കത്തിലുള്ളത്. അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. എന്റെ ഭര്‍ത്താവ് അതിനു പകരം, എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായി – കുറിപ്പില്‍ വിപഞ്ചിക പറയുന്നു. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍.
കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചുവെന്നും കത്തില്‍ പറയുന്നു. കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവളുടെ പേരും പറഞ്ഞ് എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല – വിപഞ്ചിക കുറിപ്പില്‍ പറയുന്നു.
ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്നും കത്തില്‍ വിപഞ്ചിക പറയുന്നു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ അച്ഛനും പെങ്ങളും പറഞ്ഞ് തന്നെ തല്ലുമായിരുന്നുവെങ്കിലും തന്റെ കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് വിപഞ്ചിക തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും തിരിച്ചു വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലെന്നും അഡ്വക്കറ്റ് മനോജ് പള്ളിമണും പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതിനിടയിലാണ് ആത്മഹത്യ.
കൊച്ചുമകളെ ഒരിക്കലെങ്കിലും കാണാനാകാത്ത അതികഠിന ദുഃഖം പേറിയാണ് വിപഞ്ചികയുടെ പിതാവ് മണിയൻ പിള്ള കഴിയുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം താമസ കുടിയേറ്റ രേഖാ പ്രശ്നം മൂലം കഴിഞ്ഞ 3 വർഷമായി നാട്ടിൽ പോയിട്ടില്ല. ഒടുവിൽ, കഴിഞ്ഞ ദിവസം ഷാർജയിൽ മകളുടെയും കൊച്ചുമകളുടെയും ദാരുണ മരണം അറിഞ്ഞതിൽ പിന്നെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. മകളുടെയും ഒന്നര വയസ്സുള്ള കൊച്ചുമകൾ വൈഭവിയുടെയും മരണത്തിനുത്തിരവാദിയായവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങി നൽകും വരെ തനിക്കിനി വിശ്രമമില്ലെന്ന് മണിയൻ പിള്ള പറഞ്ഞു.
2019ൽ കോവിഡ് കാലത്തായിരുന്നു ഏക മകൾ വിപഞ്ചികയുടെ വിവാഹം. ആ സമയത്ത് ഏറെ ആഗ്രഹിച്ചെങ്കിലും നാട്ടിലേക്ക് പോകാനായില്ല. മാത്രമല്ല, അൻപത് പേർക്ക് മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. പിന്നീട് സ്പോൺസർ മരിച്ചതിനാൽ ഇഖാമ പുതുക്കാനായില്ല. അതുകൊണ്ട് തന്നെ ആ സമയം നടന്ന വിപഞ്ചികയുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല.
ഇതിൽ കുടുംബത്തിന് നീരസമുള്ളതായി അറിയാം. പക്ഷേ, തന്റെ നിസ്സഹായത മനസ്സിലാക്കുമെന്ന് കരുതി സമാധാനിച്ചു. തുടർന്നും താമസ കുടിയേറ്റ രേഖകൾ ശരിയാക്കാൻ കഴിഞ്ഞില്ല. മകൾക്ക് കുഞ്ഞ് പിറന്നത് അറിഞ്ഞ് മരുമകൻ നിതീഷിനെ ബന്ധപ്പെട്ടു. ആവശ്യപ്പെട്ടതു പ്രകാരം കൊച്ചുമകൾ വൈഭവിയുടെ ഫോട്ടോ മണിയൻ പിള്ളയ്ക്ക് അയച്ചു കൊടുത്തു. വൈകാതെ താമസ രേഖ ശരിയാക്കി യുഎഇയിലെത്തി മകളെയും മരുമകനെയും കൊച്ചുമകളെയും കാണാനായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. വിപഞ്ചികയും നിതീഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായ തനിക്ക് അറിയില്ലായിരുന്നുവെന്ന് മണിയൻ പിള്ള പറയുന്നു. നിതീഷിന്റെ പിതാവുമായി നിരന്തരം സംസാരിച്ചിരുന്നു. അപ്പോഴൊന്നും മകളും മരുമകനും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നതായി മനസ്സിലായിരുന്നില്ല.
മകളുടെയും കൊച്ചുമകളുടെയും മരണത്തിന് പിന്നിലെ കാരണം അറിയണമെന്നും ഉത്തരവാദികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മണിയൻ പിള്ള പറഞ്ഞു. ജീവിതത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഒരിക്കലും നികത്താനാകാത്ത നഷ്ടം. കൊച്ചുമകളുടെ മുഖം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണനാകാത്തതിന്റെ വേദന മറ്റാർക്കും മനസ്സിലാകുമോ എന്നറിയില്ല. ആ കഠിന വേദനയിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. മകൾക്കും കൊച്ചുമകൾക്കും നീതി ലഭിക്കണം. അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കില്ല. യുഎഇ പോലുള്ള രാജ്യത്ത് നടന്ന സംഭവമായതിനാൽ നീത ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha