യുഎഇയിൽ അത്തച്ചമയ ഘോഷയാത്ര; ആടിയും ആഘോഷമാക്കി പ്രവാസി മലയാളികൾ

യുഎഇയിൽ ആദ്യമായി കടൽകടന്നെത്തിയ അത്തച്ചമയ ഘോഷയാത്രയെ പ്രവാസി മലയാളികൾ ആഘോഷമാക്കി. തിരക്കെല്ലാം മാറ്റിവച്ച് ആടിയും പാടിയും ആർപ്പുവിളിച്ചും ഘോഷയാത്രയിൽ മലയാളികളും മറുനാട്ടുകാരും അണിനിരന്നു. അബുദാബി മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് നടന്ന ഘോഷയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. കേരളത്തിന്റെ തനത് പൈതൃകവും സമ്പന്നമായ കലാരൂപങ്ങളും യുഎഇയെ പരിചയപ്പെടുത്തിയ, തൃശൂർ പൂരം യുഎഇയിൽ പുനഃസൃഷ്ടിച്ച മ്മടെ തൃശൂർ, അബുദാബി മലയാളി സമാജം, ഇക്യുറ്റി പ്ലസ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കേരളത്തനിമ ഒട്ടും ചോരാതെയാണ് അത്തച്ചമയ ഘോഷയാത്ര അബുദാബിയിൽ ഒരുക്കിയത്. കഥകളി, തെയ്യം, തിറ, ശിങ്കാരിമേളം, പുലിക്കളി, ചെണ്ടമേളം, അമ്മൻകുടം തുടങ്ങിയ കലാരൂപങ്ങളെ ഒന്നിച്ച് അണിനിരത്തി . തിരുവാതിര ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. മലയാളി സമാജത്തിന്റെ 12 അംഗ സംഘടനാ പ്രവർത്തകർക്കു പുറമെ മറ്റു സംഘടനകളിലുള്ളവരും ഘോഷയാത്രയിൽ പങ്കെടുത്തു.
മ്മടെ തൃശൂർ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ, ജനറൽ സെക്രട്ടറി സുനിൽ ആലുങ്കൽ, ഇക്വിറ്റി പ്ലസ് എംഡി ജൂബി കുരുവിള, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ്കുമാർ, ട്രഷറർ യാസിർ അറാഫത്ത്, ജാസിർ സലിം, ദീപേഷ്, രഞ്ജി തുടങ്ങിയവർ നേതൃത്വം നൽകി.
https://www.facebook.com/Malayalivartha