ഉംറ തീർഥാടനത്തിനുള്ള വിസ ഇനി 48 മണിക്കൂർ കാത്തിരിക്കണം

വിദേശത്തു നിന്നും ഉംറ തീർഥാടനത്തിനുള്ള വിസ ലഭിക്കുന്നതിന് ചുരുങ്ങിയത് 48 മണിക്കൂർ (രണ്ട് ദിവസം) സമയം വേണ്ടിവരുന്നതടക്കം പുതിയ വ്യവസ്ഥകൾ നടപ്പാക്കാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്ഫോം അറിയിച്ചു. ഉംറ സർവിസ് കമ്പനികൾക്ക് അയച്ച സർക്കുലറിൽ വിസ അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകാനാണ് ചുരുങ്ങിയത് 48 മണിക്കൂർ സമയം വേണ്ടിവരുന്നതെന്ന് നുസുക് വ്യക്തമാക്കി.
ആഗസ്റ്റ് 31 ഞായറാഴ്ച മുതൽ പുതിയ വ്യവസ്ഥകൾ നടപ്പിലായിട്ടുണ്ട്. ഉംറ തീര്‍ഥാടകര്‍ സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് വിസ നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് ഉംറ കമ്പനികൾ ഉറപ്പുവരുത്തണം. തീര്‍ഥാടകരെ ഗ്രൂപ്പുകളായി അയക്കുമ്പോഴും മറ്റും വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുമ്പും ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് പറഞ്ഞിട്ടുണ്ട്. നിലവിൽ ഉംറ വിസക്ക് അപേക്ഷിക്കുന്ന നിമിഷം തന്നെ ഓൺലൈനിൽ വിസ ഇഷ്യൂ ചെയ്യാമായിരുന്നു. എന്നാൽ പുതിയ വ്യവസ്ഥ പ്രകാരം ചുരുങ്ങിയത് രണ്ട് ദിവസം കാത്തിരിക്കണമെന്നത് ഉംറ വിസയിൽ പെട്ടെന്ന് സൗദിയിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha