അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്‌കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം

അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾ ഒറ്റക്ക് സ്‌കൂളിലേക്ക് വരാനും തിരിച്ച് പോകാനും വിലക്ക് ഏർപ്പെടുത്തുന്നു. 5 വയസിന് മുകളിലെ വിദ്യാർഥികൾക്കും ഒറ്റക്ക് യാത്ര ചെയ്യാൻ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധമായിരിക്കും. സ്‌കൂളിന് അടുത്ത് താമസിക്കുന്ന വിദ്യാർഥികൾക്ക് പോലും ഇക്കാര്യത്തിൽ ഇളവുണ്ടാവില്ല.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അബൂദബി വിദ്യാഭ്യാസ അതോറിറ്റിയായ അഡെകാണ് ഇതുസംബന്ധിച്ച നിർദേശം രക്ഷിതാക്കൾക്ക് അയച്ചത്. കുട്ടികൾ സ്‌കൂളിലെത്തുന്നതിന് 45 മിനിറ്റ് മുമ്പും സ്‌കൂൾ വിട്ടതിന് ശേഷം 90 മിനിറ്റും വിദ്യാർഥികൾ സ്‌കൂളിന്റെ നിരീക്ഷണത്തിലായിരിക്കണം. ഇതിനായി പ്രത്യേക സൂപ്പർവൈസർമാരെ നിയോഗിക്കണം. 15 വയസിന് താഴെയുള്ള വിദ്യാർഥികൾ മുതിർന്നവർക്കൊപ്പമല്ലാതെ സ്‌കൂളിലേക്ക് വരാനോ പോകാനോ പാടില്ല. മുതിർന്നവർ ഒപ്പമില്ലാതെ നടന്നോ, സ്വകാര്യവാഹനത്തിലോ, ടാക്‌സിയിലോ, സ്‌കൂളിന്റേതല്ലാത്ത മറ്റ് വാഹനങ്ങളിലോ കുട്ടികളെ അയക്കരുത്. ഇവർ മുതിർന്നവരില്ലാതെ കാമ്പസ് വിട്ട് പോകാനും പാടില്ല.
സ്‌കൂളിന്റേതല്ലാത്ത വാഹനത്തിൽ യാത്രചെയ്യുന്ന വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂളിന് ഉത്തരവാദിത്തമുണ്ടാവില്ല. മാതാപിതാക്കളല്ലാത്തവർ കുട്ടികളെ കൂട്ടാനെത്തുന്നുണ്ടെങ്കിൽ അക്കാര്യം സ്‌കൂളിനെ മുൻകൂട്ടി അറിയിക്കണം. അത്യാവശ്യഘട്ടങ്ങളിലായാൽ പോലും ഇക്കാര്യം പാലിക്കണമെന്ന് അഡെക്കിന്റെ നിർദേശത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha