പ്രവാസികളെ ഇടിച്ചു പിഴിഞ്ഞ് വിമാനക്കമ്പനികൾ, നിരക്ക് കുത്തനെ കൂട്ടി, വെട്ടിലായി കുടുംബങ്ങൾ

അവധിക്കു ശേഷം കേരളത്തിൽനിന്നു പ്രവാസികളുടെ മടക്കയാത്രയുടെ സമയം അടുത്തതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി . ഗൾഫിലെ സ്‌കൂൾ അവധിക്കാലം കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികളെ പിഴിയാൻ നിരക്കിൽ പത്തിരട്ടിയോളം വർധനയാണ് വരുത്തിയത്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയാക്കി ഉയർത്തുന്നത് പതിവാണ്. സാധാരണമായി 8000 മുതൽ 12000 രൂപയ്ക്ക് വരെ ലഭ്യമാകുന്ന ഗൾഫിലേക്കുള്ള ടിക്കറ്റിന് ഇപ്പോൾ 30,000 മുതൽ 50,000 രൂപ വരെ നൽകണം. നാട്ടിലെത്തിയ നാലംഗ കുടുംബത്തിന് തിരിച്ചുപോകാൻ രണ്ടുലക്ഷം രൂപയോളം ചെലവാകും.
യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 5500 രൂപയാണ്. എന്നാൽ കേരളത്തിൽ നിന്ന് യുഎഇയിലേക്ക് വരാൻ ഈ നിരക്കിന്റെ പത്തിരട്ടി തുകയാണ് നൽകേണ്ടത്. സീസണിന്റെ പേരിലാണ് ഒരേ യാത്രാ ദൂരമുള്ള രണ്ട് സെക്ടറുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുന്നത്. ഗൾഫിലെ സ്കൂളുകൾ തുറന്ന് 2 ആഴ്ച കഴിഞ്ഞിട്ടും കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടില്ല.
മധ്യവേനൽ അവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ തുറന്ന് 2 ആഴ്ച പിന്നിട്ടിട്ടിട്ടും കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവില്ല. ഉള്ളവയ്ക്കാകട്ടെ പൊള്ളുന്ന നിരക്കും. ഓണം ആഘോഷിക്കാൻ നാട്ടിൽ പോയവരെ കൂടി പിഴിയാനാണ് വിമാന കമ്പനികൾ നിരക്ക് കൂട്ടിയത്.
അതേസമയം ഈ മാസം മൂന്നാം വാരത്തിലേ നിരക്ക് കുറയൂ എന്നാണ് ട്രാവൽ ഏജൻസി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സ്കൂളിൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിലപ്പെട്ട ക്ലാസുകളാണ് നഷ്ടപ്പെടുന്നത്. ഇതുമൂലം വൻ തുക നൽകി പലരും കണക്ഷൻ വിമാനത്തിലും പ്രത്യേക വിമാനത്തിലും യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു.
https://www.facebook.com/Malayalivartha