യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം

ദുബായിൽ സ്വന്തമായി ഒരു വീട് എന്നത് മിക്ക പ്രവാസികളുടെയും വലിയൊരു സ്വപ്നമാണ്. എന്നാൽ ലക്ഷക്കണക്കിന് പ്രവാസികളുള്ള ഈ മണ്ണിൽ സ്വന്തം വീടെന്ന നേട്ടത്തിലേക്ക് എത്തുന്നവർ വളരെ ചുരുക്കം പേർ മാത്രമാണ്. പ്രവാസികൾക്ക് വീട് സ്വന്തമാക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്.
മറിച്ച് അവരുടെ മനസ്സിലുള്ള നൂറുകണക്കിന് സംശയങ്ങളും ആശങ്കകളുമാണ് കാരണം. "യുഎഇയിൽ എന്തിനാണ് ഒരു വീട്?", "നാട്ടിലല്ലേ വീട് വെക്കുന്നത് നല്ലത്", "ഇത്രയും വലിയ തുക ഇവിടെ മുടക്കുന്നത് സാമ്പത്തിക ബാധ്യതയാകുമോ?" തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഓരോ മലയാളിയെയും ഈ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
കാര്യങ്ങൾ ഇനങ്ങനെയൊക്കെ ആണെങ്കിലും യുഎഇയിലെ വീട് കേവലം താമസിക്കാനുള്ള ഒരിടം എന്നതിലുപരി ഒരു ആസ്തിയാണിത്. ഓരോ മാസവും നമ്മൾ നൽകുന്ന വലിയൊരു തുക വാടക ഇനത്തിൽ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. വർഷങ്ങളോളം വാടക നൽകിയാലും ആ വീട് ഒരിക്കലും നമ്മുടേതാകില്ല. എന്നാൽ ഈ തുക ഒരു മോർട്ട്ഗേജ് തിരിച്ചടവായി മാറ്റിയാൽ, നിശ്ചിത വർഷങ്ങൾക്കുള്ളിൽ ആ വീട് നിങ്ങളുടെ സ്വന്തം സമ്പാദ്യമായി മാറും.
അതുപോലെ ദുബായ് പ്രവാസി കൾക്കിടയിൽ സമീപകാലത്ത് കണ്ടുവരുന്ന ഏറ്റവും വലിയ മാറ്റമാണ് വാടക വീടുകളിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറാനുള്ള താല്പര്യം. ഓരോ മാസവും വലിയൊരു തുക വാടകയായി നൽകുന്നതിന് പകരം, അത് ലോൺ തിരിച്ചടവോ ഇൻസ്‌റ്റാൾമെന്റോ ആയി നൽകി വീട് സ്വന്തമാക്കാൻ പലരും ആഗ്രഹിക്കുന്നു.
എന്നാൽ ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് ഇറങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പലപ്പോഴും വീടിന്റെ വില മാത്രം നോക്കി വിപണിയിലിറങ്ങുന്നവർക്ക് അധികമായി വരുന്ന ഫീസുകളെക്കുറിച്ച് കൃത്യമായ അറിവുണ്ടാകാറില്ലെന്നാണ് റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധർ വ്യക്തമാകുന്നത്. അത്കൊണ്ട് തന്നെ ഒരു വീട് വാങ്ങാൻ ഇറങ്ങുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി പണമാണ്.
വീടിന്റെ വിലയുടെ ഏകദേശം 25 മുതൽ 30 ശതമാനം വരെ തുക കയ്യിൽ കരുതിയാൽ മാത്രമേ വീട് സ്വന്തമാക്കാൻ സാധിക്കുകയുള്ളു. എന്നാൽ ഈ തുക മുടക്കാനും ആർക്കും മടിയില്ല, കാരണം വർഷങ്ങൾ കഴിഞ്ഞ് ഇത് വിറ്റാലും കിട്ടുന്നത് ഇരട്ടി വിലയാണ്. പ്രവാസികൾക്ക് സാധാരണയായി 20 ശതമാനം ഡൗൺ പേയ്‌മെന്റും, കൂടെ ഡിഎൽഡി ഫീസും ഏജന്റ് കമ്മീഷനും ഉൾപ്പെടെയുള്ള മറ്റ് ചിലവുകളും വരും.
ഇത് തുടക്കത്തിൽ ഒരു വലിയ ബാധ്യതയായി തോന്നാമെങ്കിലും കണക്കുകൾ നോക്കുമ്പോൾ വാടക നൽകാതെ സ്വന്തം വീട്ടിൽ താമസിക്കുന്നത് സാമ്പത്തിക ലാഭമാണ് പ്രവാസികൾക്ക് നൽകുന്നത്. അതേസമയം ദുബായിലെ ഡെവലപ്പർമാർ പ്രവാസികളെ ആകർഷിക്കാൻ പേയ്‌മെന്റ് പ്ലാനുകൾ കൂടെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നിക്ഷേപകർ യുവാക്കൾ ആണെങ്കിൽ സിവിൽ സ്കോർ, വരുമാനം എന്നിവ കൃത്യമാണെങ്കിൽ ബാങ്ക് ലോണുകൾ എളുപ്പത്തിൽ തന്നെ ലഭിക്കുന്നു.
നിങ്ങളുടെ കയ്യിൽ ചിലവുകൾക്കുള്ള തുക കൃത്യമായി ഉണ്ടെങ്കിൽ ദുബായിൽ വീട് വാങ്ങുന്നത് വളരെ ലാഭകരമാണ്. വാടക നൽകുന്നതിന് പകരം ആ തുക സ്വന്തം വീടിനായി മാറ്റിവെച്ചാൽ അതൊരു ആസ്തിയായി മാറും. എന്നാൽ യാതൊരു പ്ലാനിംഗും ഇല്ലാതെ വെറും ലോണിനെ മാത്രം വിശ്വസിച്ച് ഈ മേഖലയിലേക്ക് ഇറങ്ങരുത്. കാരണം ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം.
അതുപോലെതന്നെ കേരളത്തിലെ സ്വർണ്ണവില പവന് റെക്കോർഡ് നിരക്കുകളിലേക്ക് ഉയരുമ്പോൾ പ്രവാസി മലയാളികൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യമാണ് "യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് ലാഭമാണോ?" എന്നത്. വിലയിലെ വ്യത്യാസം മാത്രമല്ല, ഗുണനിലവാരവും ഡിസൈനുകളിലെ വൈവിധ്യവും യുഎഇയെ സ്വർണ്ണപ്രേമികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നു.
എന്നാൽ സ്വർണ്ണം നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്ങിൽ പണി കിട്ടും. കണക്കുകൾ നോക്കുമ്പോൾ കേരളത്തിലെ വിലയുമായി താരതമ്യം ചെയ്‌താൽ യുഎഇയിൽ ഗ്രാമിന് ഏകദേശം 300 മുതൽ 500 രൂപ വരെ കുറവ് ലഭിക്കാറുണ്ട്.
കൂടാതെ ഇന്ത്യയിൽ സ്വർണ്ണം വാങ്ങുമ്പോൾ നൽകേണ്ട 3% ജിഎസ്ടി യുഎഇയിൽ ഇല്ല. ഒപ്പം സന്ദർശക വിസയിൽ എത്തുന്നവർക്ക് അവർ വാങ്ങുന്ന സ്വർണ്ണത്തിന് നൽകിയ 5% വാറ്റ് തുക എയർപോർട്ടിൽ നിന്ന് തിരികെ ലഭിക്കുകയും ചെയ്യും. എന്നാൽ റെസിഡന്റ് വിസക്കാർക്ക് ഈ ആനുകൂല്യം ഒരിക്കലും ലഭിക്കില്ല.
അതേസമയം 2026 ൽ സ്വർണ്ണം നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഇന്ത്യൻ കസ്റ്റംസ് നിയമപ്രകാരം വിദേശത്ത് നിന്ന് സ്വർണ്ണം കൊണ്ടുപോകുന്നതിന് കൃത്യമായ പരിധികളുണ്ട്. അതിനാൽ ഇത് ലംഘിച്ചാൽ കനത്ത പിഴയോ ചിലപ്പോൾ നിയമനടപടികളോ നേരിടേണ്ടി വരും.
പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്ത്രീകൾക്ക്: 40 ഗ്രാം വരെയും കൊണ്ട് പോകാം. അതേസമയം കുട്ടികളുടെ കാര്യത്തിൽ ആണെങ്കിൽ ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച കുട്ടികൾക്കും ഈ ആനുകൂല്യം ലഭിക്കും. ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ആഭരണങ്ങളായി മാത്രമേ ഈ ആനുകൂല്യം ലഭിക്കൂകയുള്ളു. ഇനി സ്വർണ്ണ നാണയങ്ങളോ ബിസ്കറ്റോ ആയി കൊണ്ടു പോകണമെങ്കിൽ അതിന് നികുതി നൽകേണ്ടി വരും.
അതേസമയം യുഎഇയിൽ ഒരു വർഷത്തിൽ കൂടുതൽ താമസിച്ച പ്രവാസികൾക്ക് ഡ്യൂട്ടി നൽകിക്കൊണ്ട് കൂടുതൽ സ്വർണ്ണം കൊണ്ടുപോകാ നുള്ള അനുമതിയുണ്ട്. ഈ രീതിയിൽ ഒരു വ്യക്തിക്ക് പരമാവധി ഒരു കിലോഗ്രാം സ്വർണ്ണം വരെ കൊണ്ടുപോകാം. എന്നാൽ ഇതിന് നിശ്ചിത ശതമാനം കസ്റ്റംസ് ഡ്യൂട്ടി വിദേശ നാണയത്തിൽ അടയ്ക്കേണ്ടി വരും. ഇത് നിർബന്ധമാണ്.
കൂടാതെ യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ലഭിക്കുന്ന ഒറിജിനൽ ഇൻവോയ്സ് തീർച്ചയായും കൈയ്യിൽ കരുതണം. ഇത് കസ്റ്റംസ് പരിശോധനയിൽ നിർബന്ധമായും കാണിക്കണം. അല്ലാത്തപക്ഷം കനത്ത നടപടികൾ നേരിടേണ്ടി വന്നേക്കാം. ഇനി എയർപോർട്ടിൽ എത്തുമ്പോൾ സ്വർണ്ണം ഉണ്ടെങ്കിൽ അത് കസ്റ്റംസ് അധികൃതരെ അറിയിക്കുന്നതാണ് കൂടുതൽ നല്ലത്.
കാരണം ചിലപ്പോൾ മറച്ചുവെച്ച് പിടിക്കപ്പെട്ടാൽ സ്വർണ്ണം കണ്ടുകെട്ടാനും പാസ്‌പോർട്ട് റദ്ദാക്കാനും വരെ സാധ്യതയുണ്ട്. നേരത്തെ ഈക്കാര്യം പറയുന്നത് വഴി ഇത്തരത്തിലുള്ള കാര്യങ്ങൾ ഇല്ലാതാകുന്നു. അതേസമയം പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമുണ്ട്. അതായത് ആഭരണങ്ങളല്ലാത്ത സ്വർണ്ണത്തിന് നികുതി ഇളവ് ലഭിക്കില്ലെന്നത് പ്രത്യേകം ഓർക്കണം.
https://www.facebook.com/Malayalivartha























