ദുബായിയുടെ വികസനത്തിന് കളമൊരുക്കിയ നായകൻ ശൈഖ് മുഹമ്മദ് അല്‍ മക്തൂം ഭരണത്തിലേറി രണ്ട് പതിറ്റാണ്ട് ദുബായിയുടെ വികസനക്കുതിപ്പിന്റെ പര്യായം

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയുടെ ഭരണാധികാരിയായി ചുമതലയേറ്റിട്ട് 20 വര്‍ഷം തികഞ്ഞു . 2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് അധികാരമേറ്റത്. ഈ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ദുബൈയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറ്റാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് സാധിച്ചു.
ശൈഖ് മുഹമ്മദിന്റെ വികസനസ്വപ്നങ്ങളാണ് ലോകം ഉറ്റുനോക്കുന്ന ഇന്നത്തെ ദുബായ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും സാമ്പത്തിക- സാങ്കേതിക മേഖലയിലുമെല്ലാം യുഎഇ ഇന്ന് കൈവരിച്ച നേട്ടങ്ങൾക്കു പുറകിലെ ശക്തമായ സാന്നിധ്യമാണ് ശൈഖ് മുഹമ്മദ്.
ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 20 വർഷം കൊണ്ട് ദുബായ് ലോകത്തിന്റെ നെറുകയിലെത്തി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ദുബായിയെ ബിസിനസ്, സംസ്കാരം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ ആഗോള കേന്ദ്രമാക്കി മാറ്റി. ഓരോ നാഴികക്കല്ലും വികസനത്തിലേക്കുള്ള പുതിയൊരു കുതിപ്പാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം, ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഭരണകൂടത്തെ നയിക്കുന്നത്
ഈ ലക്ഷ്യത്തോടെ ‘വിഷൻ 2021’ എന്ന പദ്ധതിക്ക് അദ്ദേഹം തുടക്കമിടുന്നത് 2010-ലായിരുന്നു. യുഎഇയുടെ വികസനചരിത്രത്തിലെ എല്ലാതീരുമാനങ്ങൾക്കും പുറകിലെ സാന്നിധ്യമാണ് അദ്ദേഹം. 1977 ഓഗസ്റ്റ് 25-ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനംമുതൽ നമുക്കത് കാണാനാവും.
ദുബായ് വാണിജ്യരംഗത്തെ വിപ്ലവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമിട്ടത് ശൈഖ് മുഹമ്മദാണ്. 1996 ഫെബ്രുവരി 16-നായിരുന്നു അത്. അതേവർഷം മാർച്ച് 27-ന് ലോകത്തിലെ ഏറ്റവുംവലിയ കുതിരപ്പന്തയമായ ദുബായ് വേൾഡ് കപ്പിന് തുടക്കംകുറിച്ചു.
2000 ഒക്ടോബർ 28-ന് ദുബായ് ഇന്റർനെറ്റ് സിറ്റിക്ക് പ്രവർത്തനം കുറിച്ചു. 2001 ജനുവരി 21-ന് ദുബായ് മീഡിയാസിറ്റി, ഇതേവർഷം ഒക്ടോബർ 29-ന് ദുബായ് ഇ-ഗവൺമെന്റ് പദ്ധതി, 2002 ഫെബ്രുവരി 16-ന് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, 2006 ഫെബ്രുവരി 19-ന് ദുബായ് എയ്‌റോസ്പെയ്‌സ് എന്റർപ്രൈസ്, 2009 സെപ്റ്റംബർ ഒൻപതിന് ദുബായ് മെട്രോ, 2010 ജനുവരി മൂന്നിന് ബുർജ് ഖലീഫ, 2013 ഒക്ടോബർ 27-ന് മക്തൂം ഇന്റർനാഷണൽ എയർപോർട്ട്, 2014 നവംബർ 16-ന് ബഹിരാകാശപദ്ധതി, 2016 ഒക്ടോബർ 10 ദുബായ് ക്രീക്ക് ടവർ, നവംബർ എട്ട് ദുബായ് വാട്ടർ കനാൽ എന്നിവയെല്ലാം യുഎഇക്ക് സമർപ്പിച്ചു.
മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ലോകശ്രദ്ധയാകർഷിച്ചു. എക്സ്പോ 2020-ഉം വൻവിജയമാക്കിയതോടൊപ്പം ദുബായിൽനടന്ന കാലാവസ്ഥാസമ്മേളനവും ശ്രദ്ധേയമായി.
1949-ൽ ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെയും ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാന്റെയും മൂന്നാമത്തെ മകനായി ജനനം. വിഖ്യാതമായ മക്തൂം രാജവംശമാണ് ശൈഖ് മുഹമ്മദിന്റേത്. പിതാവ് ശൈഖ് റാഷിദിന്റെയും മുത്തച്ഛനായ ശൈഖ് സായിദിന്റെയും സ്നേഹപരിലാളനകൾ ഏറ്റുവാങ്ങിയ കുട്ടിക്കാലം. ഷിന്ദഗയിലെ കൊട്ടാരത്തിൽ ശൈഖ് സായിദ് വിളിച്ചുചേർത്ത മജ്‍ലിസുകൾ ശൈഖ് മുഹമ്മദിന് അറിവിന്റെ വിശാലമായ ലോകമാണ് തുറന്നുകൊടുത്തത്.
ദുബായിലെ സ്കൂൾവിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. അവിടെവെച്ച് സൈനികപരിശീലനവും നേടി. തിരിച്ചെത്തിയശേഷം 1968-ൽ ദുബായ് പോലീസ്-പൊതുസുരക്ഷാതലവനായി നിയമിക്കപ്പെട്ടു. 1971-ൽ രാജ്യത്തിന്റെ പ്രതിരോധമന്ത്രി. 1995-ന് ദുബായ് കിരീടാവകാശിയായും അവരോധിക്കപ്പെട്ടു. 2006-ൽ ദുബായ് എമിറേറ്റിന്റെ ഭരണാധികാരി.
2006 ജനുവരി നാലിന് യുഎഇ വൈസ് പ്രസിഡന്റ്, 2006 ഫെബ്രുവരി 11-ന് യുഎഇയുടെ പ്രധാനമന്ത്രിപദം. നേതാവ്, കവി, പോരാളി, ഈ വിശേഷണങ്ങളെല്ലാം ഒത്തുചേർന്ന വ്യക്തിത്വം. മനുഷ്യസ്നേഹത്തിന്റെ മാനവിക ഐക്യത്തിന്റെ പതാകവാഹകൻ. മനുഷ്യസ്നേഹത്തിൽ മാത്രമല്ല, മൃഗങ്ങളോടും സകല ജന്തുജാലങ്ങളോടുമുള്ള കരുതൽ. ശൈഖ് മുഹമ്മദിന്റെ കുതിരക്കമ്പം ലോകമെങ്ങും പേരുകേട്ടതാണ്. ലോകത്തിലെ പല പ്രശസ്തമായ കുതിരയോട്ടമത്സരങ്ങളിലും വിജയിക്കുന്നത് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കുതിരകളാണ്. കുതിരയോട്ടമത്സരത്തിലെ ദുബായ് വേൾഡ് കപ്പ് വൻ വിജയമായതിനുപിന്നിലും അദ്ദേഹത്തിനുള്ളിലെ കായികപ്രേമിക്ക് വലിയപങ്കുണ്ട്.
ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ ദുബായ് നേട്ടംകൊയ്യുന്നത് തുടരുകയാണ്. ഇന്ന് യുഎഇ ബഹിരാകാശപേടകങ്ങൾ വിക്ഷേപണം ചെയ്യുകയും ദുബായ് ലോകസാങ്കേതികതയുടെ അവസാനവാക്കായി മാറുകയും ചെയ്തിരിക്കുന്നു. ഇതിനെല്ലാംപുറകിലെ ശക്തിസ്രോതസ്സായി ശൈഖ് മുഹമ്മദ് വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ളവർക്കെല്ലാം നേതാവായി നിലകൊള്ളുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ദുബൈ മെട്രോ, ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ തുടങ്ങി ലോകം അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന ഒട്ടേറെ പദ്ധതികളാണ് ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമായത്. എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സ്ഥാനാരോഹണത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരത്തില്‍ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ഡമാക് ഗ്രൂപ്പ് വൈകം ജെ ബി ആര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഡ്രോണ്‍ ഷോകള്‍ സംഘടിപ്പിച്ചു. ദുബൈയുടെ 20 വര്‍ഷത്തെ വളര്‍ച്ചയുടെ കഥ പറയുന്ന ദൃശ്യവിസ്മയമാണ് ആകാശത്ത് തെളിഞ്ഞത്. സഫ വണ്‍, ദമാക് ടവര്‍ തുടങ്ങിയ പ്രമുഖ കെട്ടിടങ്ങളില്‍ ശൈഖ് മുഹമ്മദിന്റെ നേട്ടങ്ങളെ ആദരിച്ചുകൊണ്ടുള്ള വലിയ ബാനറുകള്‍ ഉയര്‍ത്തി.
‘അസാധ്യമായി ഒന്നുമില്ല’ എന്ന സന്ദേശം നല്‍കി, അടുത്ത തലമുറക്ക് പ്രചോദനമാകുന്ന വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞു.
തന്റെ ഭരണലബ്ധിയുടെ വാർഷികം ആഘോഷിക്കാൻ ആഗ്രഹിക്കാത്ത അദ്ദേഹം ആ ദിനം രാജ്യത്തിന്റെ പുരോഗതിക്കായി സമർപ്പിക്കുകയാണ് പതിവ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഓരോ ജനുവരി നാലിനും യുഎഇയുടെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളോ സാമൂഹിക ക്യാംപെയ്നുകളോ വികസന പദ്ധതികളോ ആണ് അദ്ദേഹം രാജ്യത്തിന് സമ്മാനിച്ചത്. വ്യക്തിപരമായ നേട്ടങ്ങളേക്കാൾ രാജ്യത്തിന്റെ ഉന്നതിക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമാണ് അദ്ദേഹം മുൻഗണന നൽകുന്നത്.
2026-നെ കുടുംബ വര്‍ഷമായി യു എ ഇ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, കുടുംബ ബന്ധങ്ങളുടെ ഭദ്രതക്കും സാമൂഹിക വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.
ഭരണം എന്നത് കേവലം ചടങ്ങുകളല്ലെന്നും അത് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ ഓരോ ചുവടുവയ്പ്പും. ഭരണലബ്ധിയുടെ 20-ാം വാർഷികം പൂർത്തിയാകുമ്പോൾ ദുബായിയുടെ മൂല്യങ്ങളും ഭാവി സ്വപ്നങ്ങളും പ്രതിഫലിപ്പിക്കുന്ന പുതിയൊരു വികസന മുന്നേറ്റത്തിനാണ് രാജ്യം കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























