വെനസ്വേലയില്‍ പ്രതിസന്ധി രൂക്ഷം;യുവാന്‍ ഗെയ്ഡോക്കിന് പിന്തുണയുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

വെനസ്വേലയിൽ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച യുവാൻ ഗെയ്‌ദോക്ക് പിന്തുണയുമായി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്.സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പുതിയതായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് . എന്നാൽ രാജ്യത്തുടനീളം, പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിന്തുണച്ചു കൊണ്ടും എതിർത്തു കൊണ്ടും നിരവധി പ്രകടനങ്ങളാണ് നടക്കുന്നത്.
യുവാന്‍ ഗൊയ്ദോയെ പ്രസിഡന്റായി അംഗീകരിച്ചുകൊണ്ട് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നതോടെ വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി വളരെയധികം രൂക്ഷമാവുകയാണ്.
സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ കൂടാതെ നേരത്തെ സ്വീഡൻ, ഓസ്ട്രിയ, ഡെന്മാർക് തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഗെയ്ദോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം നിക്കോളാസ് മദുറോ നിരാകരിച്ചതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഗെയ്ദോക്ക് പിന്തുണ അറിയിച്ചുകൊണ്ട് മുന്നോട്ടുവന്നത് . ഇവർക്കുപുറമെ യു.എസ്, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളും നേരത്തേതന്നെ ഗെയ്ദോയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ആയിരങ്ങളാണ് മദുറോയുടെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനമായ കറാക്കസില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. സാമ്പത്തിക പ്രതിസന്ധി തടയുന്നതില്‍ പരാജയപ്പെട്ട മദുറോ ഏകാധിപത്യം അവസാനിപ്പിച്ച് പുറത്ത് പോകണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം, മദുറോയെ പിന്തുണച്ചും രാജ്യത്ത് റാലികൾ നടന്നു. പ്രതിപക്ഷം വെനസ്വേലയെ അമേരിക്കയുടെ കോളനിയാക്കാൻ ശ്രമിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ വാദം. സമീപകാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിനെ തുടർന്നാണ് വെനസ്വേലയില്‍ മദുറോ ഭരണകൂടം പ്രതിസന്ധിയിലായത്.
https://www.facebook.com/Malayalivartha

























