അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 40 ഓളം സ്ഥാപനങ്ങള്‍ ഗവേഷണവുമായി സഹകരിക്കാന്‍ ധാരണയായി. സംസ്ഥാനത്തെ എല്ലാ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപനങ്ങളും അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നുണ്ട്. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സിസിആര്‍എഎസുമായി ധാരണപത്രം ഒപ്പിടും.
കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബയോ 360 സയന്‍സ് പാര്‍ക്കും സഹകരിക്കാന്‍ ധാരണയായി. കാന്‍സര്‍ ഗവേഷണ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്ററുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രീ-ലോഞ്ച് ദേശീയ ഗവേഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്. ലോക ശ്രദ്ധയുള്ള ആയുര്‍വേദ രംഗത്ത് ഗവേഷണം അനിവാര്യമാണ്. അതിനാലാണ് ഗവേഷണത്തിന് വളരെ പ്രാധാന്യം നല്‍കി കിഫ്ബി വഴി വലിയ തുക ചെലവഴിച്ച് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നത്. ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണം കോവിഡ് കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 2021-22ല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇപ്പോള്‍ വലിയ രീതിയില്‍ മുന്നോട്ട് പോകാനായി. ജനുവരി അവസാനം അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കും.
ഭാവിയിലെ ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. കേരളം ആയുര്‍വേദ വൈല്‍നസ് ടൂറിസത്തിന്റെ കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്. ആയുര്‍വേദ രംഗത്ത് തെളിവധിഷ്ഠിതമായി ഡോക്യുമെന്റേഷന്‍ നടത്തുന്നതിനാണ് പരിശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























