ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍

പോലീസിന്റെ രഹസ്യ ഓപ്പറേഷനില്‍ ആഡംബര കാര്‍ ഉപയോഗിച്ച് ലഹരിമരുന്ന് കടത്തി വില്‍പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായി. ഗുജറാത്ത് പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ വിതരണത്തിനായി ലക്ഷ്വറി കാര്‍ ഉപയോഗിച്ചിരുന്നത്. പുതുവത്സരാഘോഷങ്ങള്‍ക്കായി വന്‍തോതില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് തായ്‌ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്ത, ഉയര്‍ന്ന വിലയുള്ള ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ സംഘത്തലവന്‍ ഒളിവിലാണ്.
പോലീസ് പിടിച്ചെടുത്ത 432 ഗ്രാം ഹൈബ്രിഡ് കഞ്ചാവിന് ഏകദേശം 15.12 ലക്ഷം രൂപയോളം വിപണിയില്‍ വിലവരും. ഡിസംബര്‍ 31ന് അഹമ്മദാബാദിലെയും സമീപ പ്രദേശങ്ങളിലെയും ഫാംഹൗസുകളിലും മറ്റും നടത്താന്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ടികളിലേക്ക് വിതരണം ചെയ്യാനാണ് ഈ ലഹരിമരുന്ന് എത്തിച്ചതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാനാണ് ചരക്ക് നീക്കത്തിന് മെഴ്‌സിഡസ് പോലുള്ള ആഡംബര കാറുകള്‍ ഉപയോഗിച്ചിരുന്നതെന്നും പ്രതികള്‍ സമ്മതിച്ചു.
ഷേല ഭോപ്പാല്‍ റോഡിലെ ആപ്പിള്‍വുഡ് വില്ലാസിലെ താമസക്കാരനായ അര്‍ചിത് അഗര്‍വാളിനെ ചുറ്റിപ്പറ്റിയുള്ള നീക്കങ്ങളാണ് പോലീസിന്റെ നിരീക്ഷണത്തില്‍ കലാശിച്ചത്. തായ്‌ലന്‍ഡില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവ് സംഭരിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന്റെയും ഇവിടെ വിതരണം ചെയ്യുന്നതിന്റെയും മുഖ്യ സൂത്രധാരന്‍ ഇയാളായിരുന്നു. പോലീസിന്റെ സംശയം ഒഴിവാക്കാനായി അഗര്‍വാള്‍ ചരക്ക് വിതരണത്തിന് മെഴ്‌സിഡസ് കാര്‍ ഉപയോഗിച്ചാണ് തന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോയിരുന്നത്.
https://www.facebook.com/Malayalivartha


























