കരുതിയിരിക്കൂ കടല്‍ ഉയരുന്നു; ആഗോളതലത്തില്‍ കടല്‍ ജലനിരപ്പിനുണ്ടാകുന്ന വർധനവ് പ്രതീക്ഷിച്ചതിലും ഇരട്ടിയോളമാണെന്ന മുന്നറിയിപ്പ്

ആഗോളതലത്തില്‍ കടല്‍ ജലനിരപ്പിനുണ്ടാകുന്ന വർധനവ് പ്രതീക്ഷിച്ചതിലും ഇരട്ടിയോളമാണെന്ന മുന്നറിയിപ്പ്. യുഎസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പുറത്തിറക്കിയ പുതിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മുന്‍പ് ശരാശരി 98 സെന്‍റിമീറ്റര്‍ വരെ വർധനവാണ് കടല്‍ ജലനിരപ്പില്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചത്. എന്നാല്‍ പുതിയ പഠനമനുസരിച്ച് 2100 ആകുമ്പോഴേക്കും ജലനിരപ്പ് ഇപ്പോഴുള്ളതിനേക്കാള്‍ രണ്ട് മീറ്റര്‍ വരെ ഉയരും എന്ന പഠന റിപ്പോർട്ടിൽ പറയുന്നു. ജോനാതന്‍റെ നേതൃത്വത്തില്‍ 22 ഗവേഷകരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്.
ഈ അളവില്‍ കടല്‍നിരപ്പുയര്‍ന്നാല്‍ ഏകദേശം 1.79 മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ കരമേഖല കടലെടുക്കുമെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു. പരിണിതഫലമായി 18 കോടി ജനങ്ങള്‍ക്ക് അവരുടെ കിടപ്പാടം നഷ്ടമാകാന്‍ ഇത് കാരണമാകും. ഭൂമിയിലെ ഭക്ഷ്യോൽപാദനവും ഗണ്യമായി കുറയും. മനുഷ്യരാശി ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാകും കാലാവസ്ഥാ വ്യതിയാനം തള്ളിവിടുകയെന്ന് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിസ്റ്റണ്‍ സര്‍വകലാശാല പ്രഫസറും ഗവേഷകനുമായി ജോനാതന്‍ ബാംബര്‍ വ്യക്തമാക്കി.
അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്തിന്‍റെ ഏഴിരട്ടി വലുപ്പമുള്ള പ്രദേശമാകും ലോകത്താകമാനമായി വെള്ളത്തിനടിയിലാകുക. കാനഡ, ജര്‍മ്മനി, യുകെ എന്നിവിടങ്ങളിലെ ജനസംഖ്യ ആകെ കൂട്ടിലായുള്ളത്ര ആളുകളാകും കുടിയൊഴിപ്പിക്കപ്പെടുക. കൂടാതെ ന്യൂയോര്‍ക്ക്, ലണ്ടന്‍, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളുടെ നിലനില്‍പിനെ ഈ ജലനിരപ്പ് വർധനവ് ബാധിക്കും. ഗ്രീന്‍ലന്‍ഡ് മുതല്‍ അന്‍റാര്‍ട്ടിക് വരെയുള്ള പ്രദേശങ്ങളിലെ മഞ്ഞുരുകലിന്‍റെ വേഗതയും അളവും കണക്കാക്കിയാണ് ജലനിരപ്പ് വർധനവിന്‍റെ ഏകദേശ ചിത്രം തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha


























