യുഎസ് ദുഷ്ടശക്തി; യുഎസിലേക്ക് പോകുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ചൈന

യുഎസിലേക്ക് പോകുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ചൈന. യുഎസ് ദുഷ്ടശക്തിയാണെന്നും അവിടേക്ക് പോകരുതെന്നും ചൈനീസ് സർക്കാർ കഴിഞ്ഞ ദിവസം സ്വന്തം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകി.
ലോകത്തെ രണ്ടു വൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിനും ശീതയുദ്ധത്തിനും കൂടുതൽ ശക്തി പകരുന്നതാണ് കൂട്ടുന്നതാണ് ചൈനയുടെ പുതിയ നടപടി. ചൈനയിൽ നിന്നുള്ള വിദ്യാർഥികളുടെ വീസ കാലാവധി സംബന്ധിച്ച് അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയായിരുന്നു ചൈനയുടെ യാത്രാ മുന്നറിയിപ്പ്.
വെടിവയ്പ്, മോഷണം തുടങ്ങിയ സംഭവങ്ങൾ തുടർക്കഥയായ യുഎസിൽ യാത്രക്കാർക്ക് അപകടസാധ്യത കൂടുതലാണെന്ന് ചൈനീസ് ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന നടത്തി. ചൈനീസ് പൗരന്മാരെ നിരന്തരമായി പീഡിപ്പിക്കുന്ന യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ച മുന്നറിയിപ്പ് വിദേശകാര്യ മന്ത്രാലയവും പുറപ്പെടുവിച്ചു.
ചൈനയിൽനിന്നുള്ള ഇറക്കുമതി സാധനങ്ങൾക്ക് 25% നികുതി ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മേയ് 10–ന് ഉത്തരവിട്ടതിനു പിന്നാലെയാണ് യുഎസ്–ചൈന വ്യാപാര യുദ്ധം ശക്തമായത്. 20000 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതിക്കു മേലാണ് പുതിയ നികുതി ചുമത്തിയത്. 6000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിക്കാൻ ചൈനയും തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ദിവസം, ടിയൻമെൻ സ്ക്വയർ പ്രക്ഷോഭത്തിന്റെ 30–ാം വാർഷികത്തിലെ അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരെയും ചൈന കടുത്ത വിമർശനമാണ് ഉയർത്തിയത്. ജനാധിപത്യ സമരങ്ങളിൽ പങ്കെടുത്തതിനു ജയിലിലായ മുഴുവൻ പേരെയും വിട്ടയയ്ക്കണമെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യയായ ഷിൻജിയാങ്ങിൽ അടക്കം ചൈനയിലെ പൗരൻമാർ പുതിയതരം അടിച്ചമർത്തലുകൾക്ക് ഇരയാവുകയാണെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.
എന്നാൽ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും മറവിൽ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് യുഎസിലെ ചിലരുടെ ശീലമാണെന്നും അവർ സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ കണ്ണടയ്ക്കുകയും ചെയ്യുന്നുവെന്നുമാണ് ചൈന പ്രതികരിച്ചത്.
ദക്ഷിണ ചൈന കടലും തയ്‌വാനുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നത്തിൽ യുഎസ് ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെൻഗെ. അമേരിക്കയുമായി യുദ്ധം നടത്തിയാൽ അതു ലോകത്തിനു ദുരന്തമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം ഭരണ പ്രദേശമായ തയ്‌വാന് യുഎസ് കൂടുതൽ പിന്തുണ നൽകുകയും തയ്‌വാൻ കടലിടുക്കിലൂടെ യുദ്ധക്കപ്പലുകൾ ഒാടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം.
ഏഷ്യ പ്രീമിയർ ഡിഫൻസ് ഉച്ചകോടി ഷാൻഗ്രി ല ഡയലോഗിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. അവസാനം വരെ ചൈന പൊരുതും. ബെയ്ജിങ് അതിപ്രധാനമായി കരുതുന്ന സ്ഥലമായ തയ്‌വാനിൽ ഇടപെടൽ നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ ബലം പ്രയോഗിക്കേണ്ടി വരും. 2011ന് ശേഷം ആദ്യമായി സമ്മേളനത്തിൽ പങ്കെടുക്കുന്ന ചൈനയുടെ പ്രതിരോധമന്ത്രിയാണ് വെയ്.
https://www.facebook.com/Malayalivartha


























