റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു; അറുപത് വർഷം നീണ്ടു നിന്ന കാസ്ട്രോ യുഗത്തിന് വിരാമമിട്ട് ഈ പടിയിറക്കം

ക്യൂബയിലെ ഭരണ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം “അഭിനിവേശവും സാമ്രാജ്യത്വ വിരുദ്ധ മനോഭാവവും നിറഞ്ഞ” ഒരു യുവതലമുറയ്ക്ക് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, റൗൾ കാസ്ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിലായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന പ്രഖ്യാപനം.
ജൂണിൽ 90 വയസ്സ് തികയുന്ന കാസ്ട്രോ വെള്ളിയാഴ്ച കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച പ്രസംഗത്തിൽ, നേതൃസ്ഥാനത്തു നിന്ന് വിരമിക്കണമെന്ന തന്റെ ദീർഘകാല ആഗ്രഹം ആവർത്തിച്ചു. തിങ്കളാഴ്ച സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹം സ്ഥാനമൊഴിയുകയും പകരക്കാരനെ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ക്യൂബയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച ശേഷം, റൗൾ കാസ്ട്രോ 2018 ൽ ആ സ്ഥാനത്തു നിന്നും ഒഴിയുകയായിരുന്നു. ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലിനാണ് ചുമതല കൈമാറിയത്.
തന്റെ ദൗത്യം പൂർത്തീകരിച്ചുവെന്നും പിതൃ രാജ്യത്തിന്റെ ഭാവി തലമുറയിൽ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങൽ പ്രസംഗത്തിൽ റൗൾ കാസ്ട്രോ പറഞ്ഞു. ഇതോടെ ആറുപതിറ്റാണ്ട് നീണ്ട കാസ്‌ട്രോ കുടുംബത്തിന്റെ ഭരണത്തിന് ക്യൂബയിൽ പരിസമാപ്തിയായി.
2006 ലാണ് റൗൾ പാർട്ടിയിലെ ഉന്നത പദവി ഏറ്റെടുത്തത്. 1959 മുതൽ 2006 വരെ നീണ്ട 47 വർഷങ്ങൾ റൗളിൻറെ സഹോദരനും വിപ്ലവനായകനുമായ ഫിഡൽ കാസ്‌ട്രോ ആയിരുന്നു ഈ ഉന്നത പദവിയിൽ. ഫിഡലിനേക്കാൾ പ്രായോഗികനായിട്ടാണ് കാസ്ട്രോയെ വിലയിരുത്തുന്നത്.
സഹോദരൻ വിജയിച്ച കമ്മ്യൂണിസ്റ്റ് മാതൃകയിൽ നിന്ന് ക്യൂബയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങൾ. ഇത് രാജ്യത്തിന് വലിയ വികസന നേട്ടങ്ങൾ നൽകി. ഉയർന്ന സാക്ഷരതാ നിരക്കും എല്ലാ ക്യൂബക്കാർക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തി. പക്ഷേ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്കാണ് നയിച്ചത്.
https://www.facebook.com/Malayalivartha