കരളലയിക്കും കാഴ്ച... അഫ്ഗാനിസ്ഥാനിലെ തെക്കു-കിഴക്കന്‍ മേഖലയായ പക്ടിക പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം ആയിരത്തിലേറെയായി.... പരിക്കേറ്റതും ആയിരത്തിലേറെ പേര്‍ക്ക്... മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും...

അഫ്ഗാനിസ്ഥാനിലെ തെക്കു-കിഴക്കന്‍ മേഖലയായ പക്ടിക പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം ആയിരത്തിലേറെയായി.... പരിക്കേറ്റതും ആയിരത്തിലേറെ പേര്‍ക്ക്... മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും...
പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെ (ഇന്ത്യന്‍സമയം പുലര്‍ച്ചെ 2.30) ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.
പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു. പക്ടിക പ്രവിശ്യയിലെ ഭൂമിക്കടിയില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. 500 കിലോമീറ്റര്‍ ദൂരെവരെ പ്രകമ്പനം അനുഭവപ്പെട്ടു.
പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ദുരന്ത മേഖല. ഉറക്കത്തിലായിരുന്നതിനാല്‍ ആര്‍ക്കും പുറത്തേക്കോടി രക്ഷപ്പെടാനായില്ല.
കൂട്ടനിലവിളികളായിരുന്നു. നേരം പുലര്‍ന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്താനായത്. തകര്‍ന്ന വീടുകള്‍ക്കടിയില്‍ ശരീരഭാഗങ്ങള്‍ മാത്രം പുറത്തുകാണാവുന്ന അവസ്ഥയിലായിരുന്നു മിക്കവരും. തല തകര്‍ന്നും കൈകാലുകള്‍ ചതഞ്ഞും കിടന്ന ശരീരങ്ങളെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കാണാനായത്. ആരുടെയും കരളലയിക്കും കാഴ്ചയായിരുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുട്ടികളും സ്ത്രീകളും അടക്കം കൂടുതല്‍പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചനകള്‍ . റോഡുകള്‍ തകര്‍ന്നതു കാരണം രക്ഷാപ്രവര്‍ത്തനം താമസിച്ചു. കനത്ത പേമാരിയും പ്രതിസന്ധിയായി. മതിയായ ചികിത്സാസംവിധാനം ഇല്ലാത്തതിനാല്‍ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടര്‍ മാര്‍ഗമാണ് വിദൂര നഗരങ്ങളിലെ ആശുപത്രികളിലെത്തിച്ചത്.
രക്ഷാ പ്രവര്‍ത്തനത്തിനാവശ്യമായ സംവിധാനങ്ങള്‍ കുറവായതിനാല്‍ യഥാസമയം ദുരന്ത മേഖലയില്‍ എത്താനും താമസം നേരിട്ടു.
പക്ടിക പ്രവിശ്യയിലെ ഗായന്‍, ബര്‍മാല്‍, സിറോക് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ഗായനിലെ ഒരു ഗ്രാമം പൂര്‍ണ്ണമായും തകര്‍ന്നു. മണ്ണും മറ്റും കൊണ്ട് നിര്‍മ്മിച്ച കെട്ടുറപ്പില്ലാത്ത വീടുകളിലാണ് ജനങ്ങള്‍ പാര്‍ക്കുന്നത്. മൊബൈല്‍ ടവറുകള്‍ അടക്കം തകര്‍ന്നതിനാല്‍ പുറംലോകവുമായുള്ള ആശയവിനിമയവും താറുമാറിലായി.
താലിബാന്‍ നേതാവും അഫ്ഗാന്‍ പ്രധാനമന്ത്രിയുമായ മുഹമ്മദ് ഹസന്‍ അഖുന്ദ് ലോകരാജ്യങ്ങളോട് സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ചു.താലിബാന്‍ ഭരണം പിടിക്കുകയും രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയിലാണ് ജനങ്ങള്‍ .
"
https://www.facebook.com/Malayalivartha