തായ്‌ലാൻഡിലെ നിശാക്ളബിൽ തീപിടിത്തം; പതിമൂന്ന് പേർ കൊല്ലപ്പെട്ടു; തീ നിയന്ത്രണവിധേയമാക്കി

തായ്‌ലാൻഡിലെ നിശാക്ളബിൽ തീപിടിത്തം. അപകടത്തിൽ 13 മരണം, നാൽപ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരുമണിയോടെ സട്ടാഹിപ്പ് ജില്ലയിലെ ചോൻബുരി പ്രവിശ്യയിലുള്ള മൗണ്ട്യൻ ബി നിശാക്ളബിലാണ് തീപിടിത്തമുണ്ടായത്.
അതേസമയം ക്ളബിന്റെ ഭിത്തികളിലുണ്ടായിരുന്ന പത തീ കുടുതൽ ശക്തമാകുന്നതിന് കാരണമായതായി അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിൽ നാല് വനിതകളും ഒൻപത് പുരുഷൻമാരുമാണ് മരിച്ചത്. മാത്രമല്ല ക്ളബിന്റെ വാതിലിലും ടോയ്‌ലറ്റിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നിലവിൽ മരിച്ചവരെല്ലാവരും തായ് സ്വദേശികളാണെന്നാണ് നിഗമനം.
സംഭവത്തെ തുടർന്ന് മൂന്ന് മണിക്കൂറിലധികം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. നേരത്തെ തന്നെ തായ്‌ലാൻഡിലെ നിശാക്ളബുകളുടെ സുരക്ഷാപിഴവുകളെക്കുറിച്ച് പരാതികൾ വ്യാപകമായിരുന്നു. 2009ൽ ബാങ്‌കോക്കിലെ സ്വാങ്കി സാൻതിക ക്ളബിലെ ന്യൂ ഇയർ പാർട്ടിക്കിടെയുണ്ടായ തീപിടിത്തത്തിൽ 67 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 200ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നേരത്തെ തായ്‌ലാൻഡിലെ ഫുക്കെറ്റ് അവധിക്കാല ദ്വീപിലെ ക്ളബിൽ 2012ൽ ഉണ്ടായ തീപിടിത്തത്തിൽ നാല് പേരും കൊല്ലപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha