ശ്രീഹരിക്കോട്ടയ്ക്ക് പുറമേ ഇന്ത്യയ്ക്ക് പുതിയൊരു വിക്ഷേപണ കേന്ദ്രം കൂടി ഞെട്ടിച്ച് ഐഎസ്ആര്‍ഒ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പുതിയ ചിറക്

ഇന്ത്യയുടെ അഭിമാനമായ ഐ എസ് ആര്‍ ഒയ്ക്ക് ബഹിരാകാശ ദൗത്യങ്ങളില്‍ പുതിയ ചിറക് നല്‍കാന്‍ മിന്നല്‍ നീക്കവുമായി കേന്ദ്രം. കൃത്രിമോപഗ്രഹങ്ങളുമായുള്ള റോക്കറ്റ് വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയ്ക്ക് പുറമേ മറ്റൊരു 'സ്‌പേസ് പോര്‍ട്ട്' കൂടിയൊരുക്കാനുള്ള തയ്യാറെടുപ്പുകളാണ് അതിവേഗത്തില്‍ ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നത്. തമിഴ്‌നാട്ടിലെ കുലശേഖരത്താണ് ഇതിനുള്ള സ്ഥാനം കണ്ടെത്തിയിട്ടുള്ളത്. വിക്ഷേപണ കേന്ദ്രം സജ്ജീകരിക്കുന്നതിനായി ആവശ്യമുള്ള 2,350 ഏക്കറില്‍ 1,950 ഏക്കര്‍ ഭൂമി ഇതിനകം ഏറ്റെടുത്തു. ഇത് സംബന്ധിച്ച വിവരം കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ വെളിപ്പെടുത്തി. തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര പദ്ധതിയെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്. 2024-25 ഓടെ രാജ്യത്തെ രണ്ടാമത്തെ സ്‌പേസ് പോര്‍ട്ട് റോക്കറ്റ് വിക്ഷേപണത്തിന് സജ്ജമാകും.
നിലവില്‍ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ രണ്ട് ലോഞ്ച് പാഡുകളുള്ള ഒരു ബഹിരാകാശ പോര്‍ട്ടാണ് ഇന്ത്യയ്ക്കുള്ളത്. ശ്രീഹരിക്കോട്ടയില്‍ ഈ സൗകര്യങ്ങള്‍ സജ്ജമാക്കിയത് 1970കളുടെ അവസാനത്തോടെയാണ്. 1993 മുതല്‍ ഇവിടെ നിന്നും ഇന്ത്യയുടെ അഭിമാനമായ പിഎസ്എല്‍വി കുതിച്ചുയരുന്നുമുണ്ട്. നിലവില്‍ പിഎസ്എല്‍വിക്ക് പുറമേ ഭാരമേറിയ വമ്പന്‍ ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കാനുള്ള ജിഎസ്എല്‍വി എംകെ3 റോക്കറ്റുകളും വിജകരമായി വിക്ഷേപിക്കപ്പെടുന്നു.
സുരക്ഷിതമായി റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത് ഏറെ അനുയോജ്യമായ സ്ഥലമാണ് ശ്രീഹരിക്കോട്ട.
കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നതും ഭൂമദ്ധ്യരേഖയോട് അടുത്തിരിക്കുന്നതുമായ ഇവിടെ നിന്നും വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ ഭൂമിയുടെ പടിഞ്ഞാറ് കിഴക്ക് ഭ്രമണത്തിന്റെ വേഗതയാല്‍ അതിവേഗം സഞ്ചരിക്കുന്നു. ഇതിന് പുറമേ ശീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകള്‍ കിഴക്കോട്ട് കടലിന് മുകളിലൂടെ പറക്കുന്നു. അതിനാല്‍ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ റോക്കറ്റും അതിന്റെ അവശിഷ്ടങ്ങളും കടലില്‍ മാത്രമേ വീഴുകയുള്ളൂ. എന്നിരുന്നാലും ഐ എസ് ആര്‍ ഒയുടെ ഭാവി പദ്ധതികള്‍ക്ക് ശ്രീഹരിക്കോട്ടയെ കൂടാതെ മറ്റൊരു സ്ഥലം കൂടി ആവശ്യമാണ്.
ചെറിയ റോക്കറ്റും ശ്രീലങ്കയും
ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള ചെറു റോക്കറ്റുകളും, ഒപ്പം ശ്രീലങ്കയുമാണ് രണ്ടാമത്തെ സ്‌പേസ് പോര്‍ട്ടിനായി ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. വാണിജ്യ സാദ്ധ്യത കൂടുതലുള്ളത് ചെറിയ ഉപഗ്രഹങ്ങളിലാണ്. ലോകത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ വാണിജ്യ വിക്ഷേപണം നടത്തുന്നത് ഐ എസ് ആര്‍ ഒയാണ്, ഒപ്പം വര്‍ഷങ്ങളുടെ വിശ്വാസവും. എന്നാല്‍ ചെറു വിക്ഷേപണം നടത്തുന്നതിനായുള്ള ചെറിയ റോക്കറ്റുകള്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്നതില്‍ തടസങ്ങളുണ്ട്.
ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റ് ദക്ഷിണധ്രുവത്തിലേക്ക് നീങ്ങുമ്പോള്‍ ശ്രീലങ്ക എന്ന ഇന്ത്യയുടെ അയല്‍രാജ്യത്തിന് മുകളിലൂടെ സഞ്ചരിക്കേണ്ടിവരും. മറ്റൊരു രാജ്യത്തിന് മുകളിലൂടെ പറക്കുന്നത് വലിയ അപകട സാദ്ധ്യത വിളിച്ചു വരുത്തുന്നതാണ്. അതിനാല്‍ ലങ്കന്‍ ഭൂപ്രദേശം ഒഴിവാക്കാനായുള്ള പ്രോഗ്രാം ചെയ്താണ് ഇന്ത്യ റോക്കറ്റ് വിക്ഷേപിക്കുന്നത്. ഇതിനായി റോക്കറ്റ് നേര്‍രേഖയില്‍ പറക്കുന്നതിനുപകരം, വളഞ്ഞ പാതയിലൂടെ സഞ്ചരിച്ച് തിരിയുന്നു. ഈ ശ്രമം വിജകരമാണെങ്കിലും അത് ധാരാളം ഇന്ധന നഷ്ടം റോക്കറ്റിനുണ്ടാക്കുന്നുണ്ട്. ചെറിയ റോക്കറ്റുകള്‍ക്ക് ഇത് വിജയകരമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടേറെയാണ്. കൂടുതല്‍ ഇന്ധനം സൂക്ഷിക്കുന്നത് റോക്കറ്റിന്റെ പേലോഡ് വഹിക്കാനുള്ള ശേഷി കുറയ്ക്കും എന്നതാണ് കാരണം. ഇതിനാല്‍ ചെറിയ റോക്കറ്റുകള്‍ നേര്‍രേഖയില്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ഒരു സ്ഥലം ഇന്ത്യ അന്വേഷിച്ചു. ഇതാണ് കുലശേഖരത്തിന്റെ തലവര തെളിയാന്‍ കാരണം.
തമിഴ്‌നാടിന്റെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുലശേഖരപട്ടണം തൂത്തുക്കുടി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഉപഗ്രഹ വിക്ഷേപണത്തിലടക്കം സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടമാണ് ഇത്. അതിനാല്‍ കുലശേഖരത്ത് രാജ്യത്തെ രണ്ടാമത്തെ 'സ്‌പേസ് പോര്‍ട്ട'് വരുന്നതിലൂടെ ഐഎസ്ആര്‍ഒയുടേയും രാജ്യത്തിന്റെയും യശസ് ഇനിയും ഉയരുമെന്നതില്‍ സംശയം വേണ്ട.
https://www.facebook.com/Malayalivartha