2025 പേടിസ്വപ്നം... ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയര്‍ മൊബിലിറ്റി കമാന്‍ഡിന്റെ മേധാവിയുടെ കത്ത് കണ്ട് അമ്പരന്ന് ചൈന; ചൈനയുമായുണ്ടാകുന്ന 2025ല്‍ യുദ്ധത്തിനായി തീവ്രപരിശീലനം നടത്തണമെന്ന് മുന്നറിയിപ്പ്; ഔദ്യോഗികമല്ലെന്ന് പറയുമ്പോഴും ഞെട്ടല്‍ തന്നെ

ചൈനയുമായി അമേരിക്ക യുദ്ധം ചെയ്താല്‍ എന്തുണ്ടാകും. ലോകത്തിന് തന്നെ പേടിയാണ്. യുക്രയിന് മേല്‍ റഷ്യയ്ക്ക് ഇതുവരെ വിജയം നേടാനായില്ല. അപ്പോഴാണ് മറ്റൊരു യുദ്ധ ഭീതി. അയല്‍രാജ്യമായ ചൈനയില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്കും ഭീഷണിയാണ്.
വലിയൊരു വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. ചൈനയുമായി 2025ല്‍ യുദ്ധമുണ്ടാകുമെന്നും അതിനായി തീവ്രപരിശീലനം നടത്തണമെന്നും യുഎസ് എയര്‍ഫോഴ്‌സ് ജനറല്‍ സേനാംഗങ്ങള്‍ക്കു നല്‍കിയ നിര്‍ദേശം പുറത്ത്. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയര്‍ മൊബിലിറ്റി കമാന്‍ഡിന്റെ മേധാവി ജനറല്‍ മൈക് മിനിഹന്റെ കത്താണു മാധ്യമങ്ങളിലൂടെ പുറത്തായത്.
തയ്വാന്‍ സംഘര്‍ഷം 2025ല്‍ അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുമെന്നാണു മിനിഹന്‍ പറയുന്നത്. അതേസമയം ഇതു ചൈനയെ സംബന്ധിച്ച രാജ്യത്തിന്റെ നിലപാടല്ലെന്ന് യുഎസ് പ്രതിരോധഉദ്യോഗസ്ഥന്‍ പറഞ്ഞു. പെന്റഗണും വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല. എന്റെ നിഗമനം തെറ്റാകട്ടെ, എന്റെ മനസ്സു പറയുന്നതു 2025ല്‍ യുദ്ധം നടക്കുമെന്നാണ് എന്നാണു മിനിഹന്റെ വാക്കുകള്‍.
തയ്വാനില്‍ 2024ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതും ചൈന പ്രസിഡന്റ് ഷി ചിന്‍പിങ് യുദ്ധത്തിന് ഒരു കാരണമാക്കും. 2024ല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കിലാവും എന്നതും ചൈനയ്ക്കു സൗകര്യമാകും. 2022ല്‍ ഷി യുദ്ധസമിതിക്കു രൂപം നല്‍കിയതും 2025ല്‍ യുദ്ധമുണ്ടാകുമെന്നതിന്റെ സൂചനയായി മിനിഹന്‍ പറയുന്നു. ഫെബ്രുവരി 1 തീയതി വച്ചുള്ള കത്ത് വെള്ളിയാഴ്ചയാണ് പുറത്തായത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അടുത്തയാഴ്ച ചൈന സന്ദര്‍ശിക്കാനിരിക്കെയാണിത്. കഴിഞ്ഞ 2 വര്‍ഷമായി ചൈനയുടെ യുദ്ധവിമാനങ്ങള്‍ തയ്വാന്‍ തീരത്തു തമ്പടിച്ചിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്വാന്‍ സന്ദര്‍ശനത്തിനോടുള്ള എതിര്‍പ്പില്‍ ഓഗസ്റ്റില്‍ ചൈന സൈനിക അഭ്യാസം നടത്തുകയും ചെയ്തു. ചൈന തയ്വാനെ ആക്രമിച്ചാല്‍ യുഎസ് സൈന്യത്തോട് ഇടപെടാന്‍ നിര്‍ദേശിക്കുമെന്നു പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു.
കഴിഞ്ഞ 2 വര്‍ഷത്തിനിടെ പല തവണ യുഎസ് സൈനിക മേധാവികള്‍ ചൈന തയ്വാനെതിരെ സൈനിക നടപടി നടത്താന്‍ പോകുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ് സേനയുടെ തലപ്പത്തുള്ളവരുടെ വിലയിരുത്തലാണ് മിനിഹന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നാണു സൂചന. യുഎസിന്റെ ഇന്ത്യപസിഫിക് കമാന്‍ഡിന്റെ ഉപമേധാവി എന്ന നിലയില്‍ ചൈനയുമായി ഏതെങ്കിലും സംഘര്‍ഷമുണ്ടായാല്‍ സേനയെ നയിക്കേണ്ട ചുമതല വഹിച്ചിരുന്നയാളാണു മൈക് മിനിഹന്‍.
അതിനാല്‍ നിലവില്‍ ഈ വിഷയത്തില്‍ ആധികാരികമായി പറയാന്‍ കഴിയുന്നയാളാണ് അദ്ദേഹമെന്നും ഇന്ത്യ പസിഫിക് കമാന്‍ഡിന്റെ മുന്‍ ഉപദേഷ്ടാവ് എറിക് സെയേഴ്‌സ് വിലയിരുത്തുന്നു. 2025ല്‍ ചൈനയുമായി യുദ്ധം ചെയ്യുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇതിനായി സജ്ജരാകണമെന്നുമാണ് സൈനികര്‍ക്കുള്ള കത്തില്‍ വ്യോമസേന ജനറല്‍ പറയുന്നത്.
ചൈനയുടെ നീക്കങ്ങള്‍ തടയുകയും ആവശ്യമെങ്കില്‍ അവരെ പരാജയപ്പെടുത്തുകയുമാണ് അമേരിക്കയുടെ മുഖ്യ ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. യുദ്ധ മുന്നറിയിപ്പ് നല്‍കുന്ന ജനറലിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ വ്യേമസേന ജനറലിന്റെ പ്രതികരണം അമേരിക്കയുടെ ഔദ്യേഗിക നിലപാടല്ലെന്ന് ഉന്നത സൈനികര്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
തായ്വാന്‍ കടലിടുക്കിന് സമീപം ചൈന സൈനിക നടപടികള്‍ ശക്തിപ്പെടുന്നത് തായ്വാനിലേക്ക് കടന്നുകയറ്റത്തിന്റെ സൂചനയാണെന്ന് സംശയിക്കുന്നതായി നേരത്തെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനക്കെതിരേയുള്ള നീക്കം യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന യുഎസ് വ്യോമസേന ജനറലിന്റെ കത്തും പുറത്തുവന്നത്.
"
https://www.facebook.com/Malayalivartha