ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി...
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി അറിയിച്ച് ഖത്തർ. അമേരിക്കയുടെയും ഈജിപ്തിന്റെയും പിന്തുണയോടെ - ഗാസയിൽ വെടിനിർത്തൽ സ്ഥാപിക്കുന്നതിനും അത് നീട്ടിക്കൊണ്ടുപോകുന്നതിനുമായി തീവ്രമായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഖത്തർ. ചർച്ചകള്‍ക്കൊടുവില്‍ ഗാസ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടാൻ ധാരണയായതായി ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി അറിയിക്കുകയായിരുന്നു.
നടന്നുകൊണ്ടിരിക്കുന്ന മധ്യസ്ഥതയുടെ ഭാഗമായി ഗാസ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടാൻ ധാരണയായതായി ഖത്തർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഉന്നത യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസെപ് ബോറെൽ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് എന്നിവരും ആഗോള തലത്തില്‍ ചർച്ചകള്‍ക്ക് നേതൃത്വം വഹിച്ചിരുന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി, ഹമാസ് ഇതുവരെ 39 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്.
വെടിനിർത്തല്‍ കരാർ ദീർഘിപ്പിച്ചതോടെ കൂടുതല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കും. ഈ സാഹചര്യത്തിൽ വിട്ടയയ്ക്കുന്ന കൂടുതൽ പേരുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെയാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസുമായി ചർച്ച നടന്നത്.
അതുപ്രകാരമാണ് വെടിനിർത്തൽ രണ്ട് ദിവസത്തേയ്ക്ക് കൂടി നീട്ടാൻ ധാരണയായത്. ഇരുകൂട്ടരും കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഖത്തർ അറിയിച്ചെങ്കിലും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പുതിയ ധാരണ പ്രകാരം വ്യാഴാഴ്ച രാവിലെ വരെയാണ് വെടിനിർത്തൽ നീട്ടിയത്. ഇത് കൂടുതൽ പേരുടെ മോചനത്തിന് വഴിയൊരുക്കും. അതിന്റെ ഭാഗമായി മോചിപ്പിക്കുന്ന ആദ്യ സംഘം ബന്ദികളുടെ പട്ടിക ഹമാസ് നൽകിയതായി ഇസ്രയേലി ആർമി റേഡിയോ അറിയിച്ചു.
https://www.facebook.com/Malayalivartha