ഹൂതികള്‍ വലിയ തലവേദന ആകുന്നു;തീര്‍ത്തുകെട്ടാനിറങ്ങിയ അമേരിക്കയെ തടഞ്ഞ് സൗദി,ഭീകരരെ പ്രകോപിപ്പിക്കരുത് ബൈഡന്‍ സംയമനം പാലിക്കണമെന്ന് സൗദി ഭരണകൂടം,ചെങ്കടലില്‍ വട്ടമിട്ട് പറക്കുന്ന ഭീകരര്‍ ഇസ്രയേല്‍ കപ്പല്‍ നോട്ടമിടുന്നു,കൈയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് യുഎസ്സിന്റെ മറുപടി
ചെങ്കടലില്‍ അഴിഞ്ഞാടുകയാണ് ഹൂതി വിമതര്‍. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നു. ഹൂതികളെ തീര്‍ത്തുകെട്ടിയേ അടങ്ങൂവെന്ന് പ്രഖ്യാപിച്ച് ഇറങ്ങിയിരിക്കുകയാണ് അമേരിക്ക. ഹൂതി സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഗ്രൂപ്പിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പിന്നാലെ വലിയ ആക്രമണം തുടരുകയാണ് ഹൂതികള്‍. ഇതോടെ ഹൂതികള്‍ക്ക് നേരെയുള്ള പ്രതികരണങ്ങളില്‍ അമേരിക്ക സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി രംഗത്ത്.
ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ നിലവില്‍ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്ന തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സൗദി അറേബ്യ അമേരിക്കയെ അറിയിച്ചു. ഹൂത്തികളുടെ ഇടപെടല്‍ ചെങ്കടലിന് സമീപത്തുള്ള രാജ്യങ്ങളിലെ ആളുകളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും സൗദി അധികൃതര്‍ പറഞ്ഞു. എണ്ണകള്‍ വ്യാപാര ഇടങ്ങളില്‍ എത്തിക്കുന്ന വാണിജ്യ കപ്പലുകള്‍ സഞ്ചരിക്കുന്ന സമുദ്ര പാതകളില്‍ തടസമുണ്ടാക്കാന്‍, ഹൂത്തികള്‍ ഡ്രോണുകളും റോക്കറ്റുകളൂം ഉപയോഗിക്കുന്നത് ഒരു വെല്ലുവിളിയാണെന്ന് സൗദി ചൂണ്ടിക്കാട്ടി. വലിയ രീതിയില്‍ എണ്ണ കയറ്റുമതി ചെയ്യുന്ന തങ്ങളുടെ പ്രദേശത്തിന് മുകളിലൂടെ ഹൂത്തികള്‍ മിസൈലുകള്‍ തൊടുത്തുവിടുന്നത് ആശങ്കയോടെയാണ് റിയാദ് കാണുന്നതെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.
ഷിപ്പിങ്ങിനെതിരെയുളള ആക്രമണം ഹൂത്തികള്‍ ശക്തമാക്കിയതോടെ, സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് ഒഴിവാക്കാനാണ് അമേരിക്കയോട് സംയമനം പാലിക്കാന്‍ സൗദി ആവശ്യപ്പെട്ടത്. നിലവിലെ സ്ഥിതിഗതികള്‍ അമേരിക്ക കൈകാര്യം ചെയ്യുന്ന രീതിയില്‍ സൗദി അറബ്യ ഇതുവരെ തൃപ്തരാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് ചരക്ക് വില്‍പ്പനയിലൂടെ യെമനിലെ ഹൂത്തി വിമത ഗ്രൂപ്പിന് ധനസഹായം നല്‍കിയെന്നാരോപിച്ച് ഇറാന്‍ പിന്തുണയുള്ള ശൃംഖലകള്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ നിലവിലെ തീരുമാനം ഹൂത്തികള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധിക്കാനാണ്.
ഹൂത്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും തങ്ങള്‍ തെരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും ആയിരിക്കുമെന്ന് പെന്റഗണ്‍ വക്താവ് സബ്രിയ സിങ് പറഞ്ഞിരുന്നു. ഹൂത്തികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഇറാനെതിരെ ബ്രിട്ടനും രംഗത്തെത്തിയിരുന്നു. അതേസമയം പലസ്തീന്‍ സായുധ ഗ്രൂപ്പായ ഹമാസിനെതിരെ ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയായാണ് തങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഹൂത്തികള്‍ പറഞ്ഞു.
ഇതിനിടെ ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യു.എന്‍ രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. പ്രമേയം തടയുന്നതിനായി യു.കെ വിട്ടുനിന്നു. യു.എന്നിലെ 13 അംഗങ്ങള്‍ യു.എ.ഇ അവതരിപ്പിച്ച വെടിനിര്‍ത്തല്‍ പ്രമേയത്തെ അനുകൂലിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നതിനായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 99 എന്ന പ്രത്യേക വകുപ്പ് പ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഐക്യരാഷ്ട്ര സമിതിയുടെയും സെക്രട്ടറി ജനറലിന്റെയും തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ റോബേര്‍ഡ് വുഡ് പറഞ്ഞിരുന്നു.
നിലവില്‍ ഇസ്രയേലിന് ഹമാസ് ഒരു ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രഈലിനെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നാണ് റോബേര്‍ഡ് വുഡ് പറഞ്ഞത്. ഗസയിലെ നിരന്തരമായ ഇസ്രയേലിന്റെ ബോംബാക്രമണം തടയാനുള്ള തീരുമാനത്തിന് പിന്നില്‍ നമുക്ക് ഒന്നിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ പലസ്തീനികള്‍ക്ക് അയക്കുന്ന സന്ദേശത്തിന്റെ അര്‍ത്ഥമെന്താണെന്ന് യു.എ.ഇയുടെ ഡെപ്യൂട്ടി യു.എന്‍ അംബാസിഡര്‍ മുഹമ്മദ് അബുഷഹാബ് കൗണ്‍സില്‍ അംഗങ്ങളോട് ചോദിച്ചു. ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷം അന്താരാഷ്ട്ര സമാധാനത്തേയും സുരക്ഷയേയും കൂടുതല്‍ വഷളാക്കുന്നുവെന്ന് അന്റോണിയോ ഗുട്ടെറസ് സുരക്ഷാ കൗണ്‍സിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 15 അംഗ സുരക്ഷാ കൗണ്‍സിലിന് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താനുള്ള ചുമതലയുണ്ടെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha