ഗാസയിൽ നിന്ന് പിടികൂടിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈനികര്‍ നഗ്നരാക്കുകയും, ബലാത്സംഗത്തിന് ഇരയാക്കുന്നതായും റിപ്പോർട്ട്...
ഗാസയിൽ നിന്ന് പിടികൂടിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈനികര്‍ നഗ്‌നരാക്കുകയും, ബലാത്സംഗം ചെയ്യുന്നതായും ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട്. സ്ത്രീകളെയും കുട്ടികളെയും അവര്‍ അഭയം തേടിയ സ്ഥലങ്ങളിലോ പലായനം ചെയ്യുമ്പോഴോ, ബോധപൂര്‍വം ആക്രമിക്കുകയും നിയമ വിരുദ്ധമായി കൊല്ലുകയും ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ തങ്ങളെ ഞെട്ടിച്ചുവെന്ന് യു.എന്നിന് കീഴിലെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമങ്ങളിലെ അംഗങ്ങള്‍ പറയുന്നു.
മഴയിലും തണുപ്പിലുമെല്ലാം ഭക്ഷണം പോലും നല്‍കാതെ പലരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഗാസയിലെ സ്ത്രീകളും പെണ്‍കുട്ടികളും മനുഷ്യത്വ രഹിതവും, അപമാനകരവുമായ പെരുമാറ്റത്തിന് വിധേയമാകുന്നു. ഭക്ഷണം, മരുന്ന്, സാനിറ്ററി പാഡുകള്‍ എന്നിവ നിഷേധിക്കുകയും ഇവരെ കഠിനമായി മര്‍ദിക്കുകയും ചെയ്യുന്നുണ്ട്.
തടവില്‍ കഴിയുന്ന ഫലസ്തീനിയന്‍ സ്ത്രീകളും പെണ്‍കുട്ടികളും പലതരത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായി. ഇസ്രായേല്‍ സൈന്യത്തിലെ പുരുഷ ഉദ്യോഗസ്ഥര്‍ നഗ്‌നരാക്കി തിരച്ചില്‍ നടത്തുന്നത് പോലെയുള്ള സംഭവങ്ങൾ ഏറെ വിഷമിപ്പിക്കുന്നതാണ്.
കുറഞ്ഞത് രണ്ട് ഫലസ്തീന്‍ തടവുകാരെയെങ്കിലും, ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരെ ബലാത്സംഗം ചെയ്യുമെന്നും ലൈംഗിക അതിക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. അപമാനകരമായ സാഹചര്യങ്ങളില്‍ തടവിലാക്കപ്പെട്ട സ്ത്രീകളുടെ ഫോട്ടോകളെടുത്ത് സൈന്യം ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തു.
ഗാസയിൽ ഇസ്രായേല്‍ സൈന്യത്തിന്റെ റെയ്ഡിന് ശേഷം നിരവധി പെണ്‍കുട്ടികളെയും, സ്ത്രീകളെയും, കുട്ടികളെയുമാണ് കാണാതായത്. പല കുട്ടികളെയും ഇസ്രായേൽ സൈന്യം മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി. ഇതില്‍ പലരും എവിടെയാണെന്ന കാര്യം അജ്ഞാതമായി തുടരുകയാണ്.
ഫലസ്തീന്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിക്കാനുള്ള അവകാശം, സുരക്ഷ, ആരോഗ്യം, അന്തസ്സ് എന്നിവ ഉയര്‍ത്തിപ്പിടിക്കാനും ബലാത്സംഗം ഉള്‍പ്പെടെ ആരും ആക്രമണത്തിനും, പീഡനത്തിനും മോശവും നിന്ദ്യവുമായ പെരുമാറ്റാത്തിനും വിധേയമാകുന്നില്ലെന്നും ഉറപ്പാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാറിനെ ഓർമിപ്പിക്കുന്നതായും വിദഗ്ധ സംഘം പറഞ്ഞു.
ഇത്തരം പ്രവൃത്തികള്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെയും, മാനുഷിക നിയമങ്ങളുടെയും ഗുരുതരമായ ലംഘനങ്ങളാണ്. അന്താരാഷ്ട്ര ക്രിമിനല്‍ നിയമത്തിന് കീഴിലുള്ള ഈ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ റോം നിയമപ്രകാരം വിചാരണ ചെയ്യണമെന്നും വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.
ആരോപണങ്ങളിൽ സ്വതന്ത്രവും, നിഷ്പക്ഷവും ഫലപ്രദവുമായ അന്വേഷണം വേണം. ഇസ്രായേൽ ഇതിനോട് സഹകരിക്കണം. പ്രത്യക്ഷമായ ഈ കുറ്റകൃത്യങ്ങൾക്ക് അത് ചെയ്തവർ ഉത്തരവാദികളായിരിക്കണം. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ്ണമായ നഷ്ട പരിഹാരത്തിനും നീതിക്കും അർഹതയുണ്ടെന്നും വിദഗ്ധ സംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha