നാല് തടവുകാരെ മോചിപ്പിച്ച നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ രക്തരൂക്ഷിതമായ ആക്രമണം; ഇസ്രയേൽ 'സങ്കീര്‍ണ്ണമായ യുദ്ധക്കുറ്റം' ചെയ്തുവെന്ന് ആരോപിച്ച് ഹമാസ്:- 210 ഫലസ്തീനികൾ കൊല്ലപ്പെട്ടു; ദൃക്സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
നാല് തടവുകാരെ മോചിപ്പിച്ച നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ രക്തരൂക്ഷിതമായ ആക്രമണത്തിലൂടെ ഇസ്രായേല്‍ 'സങ്കീര്‍ണ്ണമായ യുദ്ധക്കുറ്റം' ചെയ്തുവെന്ന് ആരോപിച്ച് ഹമാസ്. രക്ഷപ്പെടുത്തിയ നാല് ബന്ധികളില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അവകാശപ്പെട്ടെങ്കിലും ആരോപണം ഇസ്രായേല്‍ നിഷേധിച്ചു. മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാംപില്‍ 210 ഫലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 400ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഹമാസ് പിടിയിലുണ്ടായിരുന്ന നാല് ബന്ദികളെ മോചിപ്പിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടത്.
അഭയാര്‍ഥികളായ ഫലസ്തീനികളാണെന്നു തെറ്റിദ്ധരിപ്പിച്ച് ട്രക്കില്‍ ഫര്‍ണിച്ചറുകള്‍ കയറ്റിയായിരുന്നു ഇസ്രായേല്‍ സൈന്യം എത്തിയതെന്നു ദൃക്സാക്ഷികള്‍ അല്‍ജസീറയോട് പറഞ്ഞു. രഹസ്യട്രക്കിലാണു സംഘം എത്തിയത്. ഫര്‍ണിച്ചറുകള്‍ മാറ്റുകയാണെന്ന വ്യാജേനയെയായിരുന്നു ഇവര്‍ വന്നത്. എന്നാല്‍, നുസൈറാത്തില്‍ എത്തിയതിനു പിന്നാലെ അവര്‍ തന്റെയും സഹോദരന്റെയും അയല്‍വാസികളുടെയുമെല്ലാം വീടുകള്‍ ബോംബിട്ടു തകര്‍ത്തെന്ന് ഒരു ഫലസ്തീനി വെളിപ്പെടുത്തി.
കോണികളുമായാണ് ഇസ്രായേല്‍ സൈന്യം എത്തിയതെന്ന് മറ്റൊരു ദൃക്സാക്ഷി വെളിപ്പെടുത്തി. വീട്ടില്‍ ഭാര്യയ്ക്കും കുഞ്ഞിനും ഭക്ഷണം തയാറാക്കിക്കൊണ്ടിരിക്കെയാണ് സംഘം തന്റെ വീട്ടിലേക്ക് ഇരച്ചെത്തിയത്. കോണി വച്ചു കയറിയായിരുന്നു ഇങ്ങോട്ട് വന്നത്. പിന്നാലെ വെടിവയ്പ്പ് ആരംഭിച്ചു. ആകെ സ്ഫോടനശബ്ദവും കരച്ചിലും ബഹളവുമായിരുന്നു എന്ന് ദൃക്സാക്ഷി പറയുന്നു.
നുസൈറാത്ത് അഭയാര്‍ഥി ക്യാംപില്‍ നടന്നത് ഇസ്രായേല്‍ കൂട്ടക്കൊലയാണെന്നാണു സംഭവത്തെ കുറിച്ച് ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫിസ് വിശേഷിപ്പിച്ചത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഏതാനും ബന്ദികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഓഫിസ് അറിയിച്ചു. നുസൈറാതിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഹൊറര്‍ സിനിമ പോലെയായിരുന്നു ഇന്നലെ രാത്രിയിലെ സംഭവങ്ങളെന്ന് ദൃക്സാക്ഷിയായ ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞു. ശരിക്കുമൊരു കൂട്ടക്കൊലയാണു നടന്നതെന്ന് 45കാരനായ സിയാദ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഇസ്രായേല്‍ ഡ്രോണുകളും യുദ്ധവിമാനങ്ങളും രാത്രി മുഴുവന്‍ വീടുകള്‍ക്കും വീടുകളില്‍നിന്ന് ഇറങ്ങിയോടുന്ന ജനങ്ങള്‍ക്കും നേരെ വ്യോമാക്രമണം തുടര്‍ന്നു. അല്‍ഔദ പള്ളിക്കും അടുത്തുള്ള മാര്‍ക്കറ്റിലുമെല്ലാം ആക്രമണം നടന്നു. നാലുപേരെ മോചിപ്പിക്കാന്‍ വേണ്ടി നൂറുകണക്കിനു നിരപരാധികളെയാണ് അവര്‍ കൊന്നുകളഞ്ഞതെന്നും സിയാദ് പറഞ്ഞു.
നേരത്തെ തന്നെ നുസൈറാത്തില്‍ ഇസ്രായേല്‍ ആക്രണം കടുപ്പിച്ചിരുന്നു. ഇവിടത്തെ യു.എന്‍ സ്‌കൂളിനുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. ആയിരക്കണക്കിനു ഫലസ്തീനികള്‍ അഭയാര്‍ഥികളായി കഴിയുന്ന കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ആളുകള്‍ ഉറങ്ങുമ്പോഴായിരുന്നു ഇസ്രായേല്‍ നരനായാട്ട് നടന്നത്.
അതിനിടെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് ബെന്നി ഗാന്റ്‌സ് രാജിവെച്ചു. ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നിരിക്കെയാണ് ബെന്നി ഗാന്റ്‌സ് രാജിവെച്ചത്. രാജിവെച്ച ഗാന്റ്‌സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. യഥാര്‍ഥ വിജയത്തിലേക്ക് മുന്നേറുന്നതില്‍ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്ന് ഗാന്റ്‌സ് ആരോപിച്ചു. അതിനാലാണ് യുദ്ധകാല സര്‍ക്കാരില്‍ നിന്ന് രാജിവെക്കുന്നത്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റ്‌സ് ആവശ്യപ്പെട്ടു.
പ്രതിഷേധം പ്രധാനമാണെന്നും എന്നാല്‍ അവ നിയമപരമായ രീതിയില്‍ വേണമെന്നും ഗാന്റ്‌സ് പറഞ്ഞു. വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്രായേലികള്‍ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കള്‍ അതിര്‍ത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാര്‍ഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്‌സ് വ്യക്തമാക്കി. മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റസ് ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടിയുടെ നേതാവാണ്.
2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് നെതന്യാഹു സഖ്യസര്‍ക്കാറിന് രൂപം നല്‍കിയിരുന്നു. തുടര്‍ന്ന് ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയില്‍ സര്‍ക്കാര്‍ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ഗാന്റസിന്റെ ആവശ്യം നെതന്യാഹു നിരസിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha