'യഥാർഥ വിജയത്തിലേക്കെത്തുന്നതിൽ നിന്ന് നമ്മളെ തടഞ്ഞു നിർത്തുന്നു', നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള യുദ്ധകാല മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് ബെന്നി ഗാന്റ്സ്, രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീയതി തീരുമാനിക്കാൻ ഗാന്റ്സ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു...

വിജയം കാണാതെ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇസ്രയേൽ. അതിനിടെ യഥാർഥ വിജയത്തിലേക്കെത്തുന്നതിൽ നിന്ന് നെതന്യാഹു നമ്മളെ തടഞ്ഞു നിർത്തുകയാണ് ആരോപിച്ച് യുദ്ധ മന്ത്രിസഭയുടെ ഭാഗമായിരുന്ന ബെന്നി ഗാന്റ്സ് രാജിവച്ചു. ഗാസയിൽ ഇസ്രായേൽ അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നിരിക്കെയാണ് രാജി. രാജിവെച്ച ഗാന്റ്സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്."ദൗർഭാഗ്യവശാൽ യഥാർഥ വിജയത്തിലേക്കെത്തുന്നതിൽ നിന്ന് നെതന്യാഹു നമ്മളെ തടഞ്ഞു നിർത്തുകയാണ്"ഇതാണ് ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾക്കും വേദനകൾക്കുമെല്ലാം കാരണം എന്നായിരുന്നു ഗാന്റ്സ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്.
ഹമാസുമായുള്ള തർക്കം നിലനിൽക്കുമ്പോൾ തന്നെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീയതി തീരുമാനിക്കാൻ ഗാന്റ്സ് നെതന്യാഹുവിനോട് ആവശ്യപ്പെടുന്നുണ്ട്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സർക്കാർ സ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റ്സ് ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ഈ സാഹചര്യത്തിൽ പിന്നോട്ട് പോകരുത് എന്നും ശക്തമായി കൂടെ സൈന്യത്തോടൊപ്പം നിൽക്കേണ്ട സമയമാണ് ഇത് എന്നുമായിരുന്നു ഗാന്റ്സിനുള്ള നെതന്യാഹുവിന്റെ മറുപടി ട്വീറ്റ്.
വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്രായേലികൾ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കൾ അതിർത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാർഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്സ് വ്യക്തമാക്കി.മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്‍റസ് ഇസ്രായേൽ റെസിലിയൻസ് പാർട്ടിയുടെ നേതാവാണ്. 2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്‍റ്സുമായി ചേർന്ന് നെതന്യാഹു സഖ്യസർക്കാറിന് രൂപം നൽകിയിരുന്നു. തുടർന്ന് ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയിൽ സർക്കാർ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ഗാന്‍റസിന്‍റെ ആവശ്യം നെതന്യാഹു നിരസിക്കുകയായിരുന്നു.
അതിനിടെ മധ്യ ഗാസയിലെ നുസൈറാത്ത് അഭയാർഥി ക്യാംപിൽ ഇസ്രായേൽ ആക്രമണത്തിൽ 210 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 400ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഹമാസ് പിടിയിലുണ്ടായിരുന്ന നാല് ബന്ദികളെ മോചിപ്പിച്ചു. അഭയാർഥികളായ ഫലസ്തീനികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രക്കിൽ ഫർണിച്ചറുകൾ കയറ്റിയായിരുന്നു ഇസ്രായേൽ സൈന്യം എത്തിയതെന്നു ദൃക്‌സാക്ഷികൾ അൽജസീറയോട് പറഞ്ഞു. രഹസ്യട്രക്കിലാണു സംഘം എത്തിയത്. ഫർണിച്ചറുകൾ മാറ്റുകയാണെന്ന വ്യാജേനയെയായിരുന്നു ഇവർ വന്നത്. എന്നാൽ, നുസൈറാത്തിൽ എത്തിയതിനു പിന്നാലെ അവർ തന്റെയും സഹോദരന്റെയും അയൽവാസികളുടെയുമെല്ലാം വീടുകൾ ബോംബിട്ടു തകർത്തെന്ന് ഒരു ഫലസ്തീനി വെളിപ്പെടുത്തി.കോണികളുമായാണ് ഇസ്രായേൽ സൈന്യം എത്തിയതെന്ന് മറ്റൊരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha