ഡാം തകർന്നു, ഹുനാൻ നഗരം അപ്രത്യക്ഷമായി; ചൈനയെ മുക്കി പ്രളയം..5700 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാർപ്പിച്ചത്
കനത്ത മഴയെ തുടർന്ന് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ പ്രളയം. രാജ്യത്തെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകത്തിന്റെ ബണ്ടുകൾ തകർന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. 5700 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാർപ്പിച്ചത്.
രൂക്ഷമായ വേനൽക്കാലത്തിന്റെ പിടിയിലാണ് ചൈന. ഇതിനിടയിലാണ് ചെറുഡാം തകർന്ന് പ്രളയമുണ്ടാകുന്നത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് ചെറുഡാം തകർന്നത്. ഹുനാൻ പ്രവിശ്യയിലെ ഡോംഗ്ടിംഗ് തടാകത്തിലെ ബണ്ടാണ് തകർന്നത്. സമീപ ഗ്രാമങ്ങളിലെ വയലുകളിലേക്കും തൊട്ട് പിന്നാലെ വീടുകളിലേക്കും പ്രളയ ജലം ഇരച്ചെത്തി. വെള്ളപ്പൊക്കം രൂക്ഷമായത് മേഖലയിലെ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മേഖലയിലെ എല്ലാ റോഡുകളിലൂടെയുമുള്ള ഗതാഗതവും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ട പ്രസിഡന്റ് ഷി ജിൻപിൻങ് പൌരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
800ൽ അധികം രക്ഷാ പ്രവർത്തകരും 150 ലേറെ വാഹനങ്ങളും നിരവധി ബോട്ടുകളുമാണ് രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്. തകർന്ന ബണ്ടിന്റെ അറ്റകുറ്റ പണികളും സമാന്തരമായി പുരോഗമിക്കുന്നതായാണ് ചൈനീസ് ഔദ്യോഗിക മാധ്യമം വിശദമാക്കുന്നത്. 74 മില്യൺ യുഎസ് ഡോളറാണ് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം അപ്രതീക്ഷിത പ്രളയത്തിനും മണ്ണിടിച്ചിലിനും ഹുനാൻ പ്രവിശ്യ സാക്ഷിയായിരുന്നു.
നാല് ദിവസത്തിനുള്ളിൽ അണക്കെട്ടിലെ അറ്റകുറ്റ പണികൾ പൂർത്തിയാകുമെന്നാണ് ചൈനീസ് മാധ്യമവാർത്തകൾ. 213 അടി ഉയരത്തിൽ ഗ്രാവലും മണ്ണും അടക്കമിട്ട ബണ്ടിന്റെ അറ്റകുറ്റ പണി പൂർത്തിയാക്കാനുള്ള ശ്രമമാണ് നിലവിൽ പുരോഗമിക്കുന്നത്. 46 സ്ക്വയർ കിലോമീറ്റർ മേഖലയിലാണ് നിലവിൽ പ്രളയം ബാധിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha