പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങി

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉയരുന്നത് കറുത്ത പുകയോ വെളുത്ത പുകയോ എന്നറിയാന്‍ ആയിരക്കണക്കിനാളുകളാണ് സെന്റ്.പീറ്റേഴ്‌സ് സ്‌ക്വയറില്‍ കാത്തുനില്‍ക്കുന്നത്. കറുത്ത പുകയാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാള്‍ കത്തോലിക്കാസഭയുടെ ഇടയനാകും.
വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കര്‍ദിനാള്‍മാര്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബലിയര്‍പ്പിച്ചു. ഇന്ത്യന്‍ സമയം 7.45ന് കര്‍ദിനാള്‍മാര്‍ പോളീന്‍ ചാപ്പലിനു മുന്നില്‍ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാര്‍ഥനാഗാനം ആലപിച്ചുമാണു സിസ്റ്റീന്‍ ചാപ്പലില്‍ എത്തിയത്.
കര്‍ദിനാള്‍മാര്‍ ബൈബിളില്‍ തൊട്ടു സത്യംചെയ്ത ശേഷമാണു വോട്ടെടുപ്പ്. ഇന്ന് ഒരു തവണയേ വോട്ടെടുക്കൂ. അതില്‍ പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പകരം, ആരൊക്കെയാണു പരിഗണിക്കപ്പെടുന്നതെന്ന സൂചന കോണ്‍ക്ലേവ് അംഗങ്ങള്‍ക്കു ലഭിക്കാം. നാളെ മുതല്‍ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും 2 വീതം ആകെ 4 തവണ വോട്ടെടുപ്പുണ്ടാകും. 2013 ല്‍, രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ തിരഞ്ഞെടുപ്പു നീളുമെന്നു പ്രവചിക്കുന്നവര്‍ പല കാരണങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യമായാണ് 120ല്‍ ഏറെപ്പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്; എണ്ണത്തിലെ വര്‍ധന ഒരാള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാന്‍ കാരണമാകാം. ഫ്രാന്‍സിസ് പാപ്പയുടെ കാലത്തുതന്നെ സഭയുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണം, പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതില്‍ ശക്തമായ കാഴ്ചപ്പാടുകള്‍ കര്‍ദിനാള്‍മാര്‍ക്കുണ്ട്. പലരും ഒത്തുതീര്‍പ്പുകള്‍ക്കു തയാറാകണമെന്നില്ല.
എന്നാല്‍, കോണ്‍ക്ലേവ് നീണ്ടുപോകുന്നത് സഭയില്‍ ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ 3 ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തുന്നവരുമുണ്ട്.
പട്ടികയും സാധ്യതയും'മാര്‍പാപ്പയായി കോണ്‍ക്ലേവില്‍ പ്രവേശിക്കുന്നയാള്‍ കര്‍ദിനാളായി തിരികെയിറങ്ങും' എന്നാണു പറയാറുള്ളത്. സാധ്യതപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പ്രയോഗം. ഇത്തവണയും പല സാധ്യതപ്പട്ടികകളുണ്ട്. എന്നാല്‍, ഇവയിലൊന്നും ഉള്‍പ്പെടാത്തയാള്‍ ഭൂരിപക്ഷം നേടുമെന്നു പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്.
https://www.facebook.com/Malayalivartha